ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാവുന്ന ഒരു സംസ്ഥാനത്ത്, എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഭരണകൂടം തന്നെ മുന്നില്‍ നില്‍ക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും.
ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ വെറുമൊരു വിനോദോപാധിയല്ല, ശക്തമായ രാഷ്ട്രീയ സംവാദ വേദി കൂടിയാണ്. എന്നാല്‍, കേരളത്തിലുള്‍പ്പെടെ അടുത്തകാലത്തായി കണ്ടുവരുന്ന അക്കൗണ്ട് ബ്ലോക്കിംഗും കണ്ടന്റ് നീക്കം ചെയ്യലും ഡിജിറ്റല്‍ ജനാധിപത്യം നേരിടുന്ന ഗുരുതര വെല്ലുവിളിയാണ്.
ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളും ടെക് കമ്പനികളുടെ ലാഭേച്ഛയും ചേരുമ്പോള്‍ പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം എപ്രകാരം അട്ടിമറിക്കപ്പെടുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.
പതിനായിരത്തിലേറെ ഫോളോവേഴ്‌സുള്ള, വര്‍ഷങ്ങളായി നാം കെട്ടിപ്പടുത്ത ഒരു സോഷ്യല്‍ മീഡിയ ഇടം യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു സുപ്രഭാതത്തില്‍ റദ്ദാക്കപ്പെടുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ബിഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ ട്രോളി ഇട്ട ഒരു ചിത്രത്തിന്റെ പേരില്‍ എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് എന്റെ മാത്രം അനുഭവമല്ല; വിയോജിപ്പുകളെ നിശ്ശബ്ദമാക്കാന്‍ ഭരണകൂടം നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ മറ്റൊരു രീതിയാണ്.
ഡിജിറ്റല്‍ വേട്ട
കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും കേരള സര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ അടുത്ത കാലത്തായി ഡിജിറ്റല്‍ അടിച്ചമര്‍ത്തലുകള്‍ വ്യാപകമാണ്. എന്നാല്‍ സാംസ്‌കാരിക കേരളത്തിന് ഞെട്ടലുണ്ടാക്കുന്നത്, ഈ നടപടികളില്‍ ഭൂരിഭാഗവും 'കേരള ലോ എന്‍ഫോഴ്‌സ്‌മെന്റ്' (കേരള പോലീസ്) നല്‍കുന്ന നിര്‍ദേശപ്രകാരമാണ് എന്നതാണ്.
എസ് ഐ ആറിനും വോട്ടുചോരിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ പോസ്റ്റുകള്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂട്ടമായി നീക്കം ചെയ്തു. ഇസ്‌ലാമോഫോബിയക്കെതിരെ ആധികാരികമായി പഠനം നടത്തുന്ന ബാബുരാജ് ഭഗവതി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി, ആബിദ് അടിവാരം തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല.
എന്‍ മാധവന്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇര്‍ഷാദ് ലാവണ്ടര്‍, അബ്ദുല്‍ നൂര്‍ ഓടക്കല്‍, കെന്നി ജേക്കബ്, അഷ്റഫ് കുഞ്ഞുണ്ണി തുടങ്ങി നിരവധിയാളുകളുടെ ഇത്തരം പോസ്റ്റുകളും നീക്കം ചെയ്തു.
നിയമം ആയുധമാവുമ്പോള്‍
എസ് ഐ ആറിനെതിരായ പോസ്റ്റാണ് പ്രധാനമായും ആബിദ് അടിവാരത്തിന്റെ എക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കാരണമായത്. അതോടൊപ്പം പരാതി ഉന്നയിക്കപ്പെട്ട അദ്ദേഹത്തിന്റെ അഞ്ച് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ കേരള പോലീസിന്റെ ഇരട്ടത്താപ്പ് വ്യക്തമാകും:
- നിങ്ങളുടെ പെണ്‍കുട്ടികളെ സിറിയയിലേക്ക് കടത്താതിരിക്കാന്‍ ബി ജെ പിക്ക് വോട്ട് ചെയ്യൂ എന്നാവശ്യപ്പെട്ട സംഘി നേതാവിന്റെ മലയാളത്തിലുള്ള പ്രസംഗം ഉദ്ധരിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്ന് ഒരു സ്ത്രീയെ പോലും സിറിയയിലേക്ക് കടത്തിയിട്ടില്ല, അങ്ങനെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഡാറ്റകള്‍ നിരത്തി വിശദീകരിക്കുന്ന പോസ്റ്റ്.
പോസ്റ്റ് എഴുതിയത് 22 മാര്‍ച്ച് 2021നാണ്, കേരള പോലീസ് എഫ്ബിയോട് പോസ്റ്റ് റീമൂവ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് 2025 ജൂലൈ 20ന്. പെണ്‍കുട്ടികളെ സിറിയയിലേക്ക് കടത്തുന്നു എന്ന പ്രചാരണം നുണയാണ് എന്ന് സ്ഥാപിക്കുന്ന പോസ്റ്റ് കേരള പൊലീസിന് എങ്ങനെയാണ് പ്രശ്‌നമാകുന്നത്?
- വടക്കു കിഴക്കന്‍ ഇന്ത്യയില്‍ വ്യാപകമായി മത പരിവര്‍ത്തനം നടത്തുകയും കേരളത്തില്‍ മുസ്്‌ലിംകള്‍ക്ക് എതിരെ 'ലവും' മയക്കുമരുന്നും കൊടുത്ത് മത പരിവര്‍ത്തനം നടത്തുന്നു എന്നാരോപിക്കുന്ന ക്രിസംഘി ബിഷപ്പുമാര്‍ നടത്തിയ മത പരിവര്‍ത്തനത്തിന്റെ കണക്ക് പറയുന്ന പോസ്റ്റ്. കണക്ക് പറയുന്നത് മാത്യു സാമുവലാണ്. അയാളുടെ വീഡിയോ അവിടെ തന്നെയുണ്ട്.
- ആഗസ്റ്റ് 15ന് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ഗോഡ്‌സെക്കെതിരെ പ്രസംഗിക്കുന്ന വീഡിയോ! ഓര്‍ക്കണം ഗോഡ്‌സെയെ കുറ്റവാളി എന്ന് വിളിക്കുന്നത് കേരളത്തില്‍ പ്രശ്‌നമായി മാറുകയാണ്.
- പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കയ്യില്‍ ഇല്ലാത്ത ഒരു റിപ്പോര്‍ട്ട് ചോര്‍ത്തി എന്നാരോപിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട കേരള പൊലീസിന്റെ നടപടി തുറന്ന് കാണിച്ചു കൊണ്ട് പൊലീസുകാരന്‍ ഉമേഷ് വള്ളിക്കുന്ന് എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ട് എഴുതിയ കുറിപ്പ്. ഉമേഷിന്റെ പോസ്റ്റ് അദ്ദേഹത്തിന്റെ വാളില്‍ തന്നെയുണ്ട്. അവിടെ നടപടി ഇല്ല.
- ബിഹാറില്‍ രാത്രി മൂന്ന് മണിക്ക് സംശയകരമായ സാഹചര്യത്തില്‍ ഇ വി എം കടത്തി കൊണ്ട് പോകുന്ന ലോറി ജനങ്ങള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ഔട്ട് ഓഫ് ഫോക്കസില്‍ നടന്ന ചര്‍ച്ച ഷെയര്‍ ചെയ്യുന്ന പോസ്റ്റ്. മീഡിയ വണ്ണിന്റെ വാളില്‍ ആ പോസ്റ്റ് ഇപ്പോഴും ഉണ്ട്.
സെലക്ടീവ് ആവിഷ്‌കാര സ്വാതന്ത്ര്യം
'പോറ്റിയേ കേറ്റിയേ...' എന്ന പാട്ടിനെതിരെ പരാതി വന്നപ്പോള്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവിടങ്ങളില്‍ നിന്ന് നാനൂറോളം ലിങ്കുകള്‍ സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം നീക്കം ചെയ്തതായി വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധം കടുത്തപ്പോള്‍ പാട്ടിനെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തിരുത്തി. പാട്ടുകള്‍ നീക്കം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് മെറ്റക്ക് കത്തെഴുതിയിരുന്നു.
ഒരു വശത്ത് വംശീയ വിദ്വേഷം പടര്‍ത്തുന്ന സംഘപരിവാര്‍ അക്കൗണ്ടുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. മറുവശത്ത് രാഷ്ട്രീയ സംവാദങ്ങളെയും വിമര്‍ശനങ്ങളെയും ഭയക്കുന്ന ഒരു ഭരണകൂടം സോഷ്യല്‍ മീഡിയ ഇടങ്ങളെ അദൃശ്യമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാവുന്ന ഒരു സംസ്ഥാനത്ത്, എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂട സംവിധാനങ്ങള്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നു! ഭരണകൂടത്തിന്റെ ഡിജിറ്റല്‍ വേട്ടയാടലുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയരേണ്ടതുണ്ട്.
ഇന്ത്യയിലെ ഐടി നിയമത്തിലെ സെക്ഷന്‍ 69എ ആണ് സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പിന് സര്‍ക്കാരുകള്‍ക്ക് കരുത്തുപകരുന്നത്. ഏറ്റവും അപകടകരമായ വശം ഇതിന്റെ 'രഹസ്യാത്മക നിബന്ധന' ആണ്. ഒരു പോസ്റ്റ് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ അത് പരസ്യപ്പെടുത്താന്‍ പാടില്ല.
അതുകൊണ്ട് തന്നെ, ഒരു പോസ്റ്റ് എന്തിന് നീക്കം ചെയ്തു എന്ന് വിശദീകരിക്കാന്‍ കമ്പനികള്‍ക്ക് കഴിയില്ല. ഇത് ഉപയോക്താവിന് കോടതിയെ സമീപിക്കാനുള്ള അവകാശം പോലും തടയുന്ന ജനാധിപത്യ വിരുദ്ധമായ രീതിയാണ്.
ഡിജിറ്റല്‍ പൊലീസിംഗ്
കേരളത്തില്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള സൈബര്‍ വിംഗും സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്ലും രാഷ്ട്രീയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വര്‍ഗീയതയോ വിദ്വേഷമോ തടയുന്നതിനേക്കാള്‍, സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെയും അഴിമതി പുറത്തുകൊണ്ടുവരുന്നവരെയും 'ക്രമസമാധാന പ്രശ്‌നം' എന്ന ലേബലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു.
പലപ്പോഴും ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഏജന്‍സികളിലേക്കുള്ള ഡെപ്യൂട്ടേഷനോ കരിയര്‍ നേട്ടങ്ങളോ ലക്ഷ്യം വെച്ച് കേന്ദ്ര-സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടി വരുന്നു. ഇത് വിമര്‍ശകരെ അടിച്ചമര്‍ത്താന്‍ കാരണമാകുന്നു.
ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ്
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നതിന് പിന്നില്‍ കൃത്യമായ ഒരു ഭരണകൂട സംവിധാനവും സാങ്കേതിക നടപടിക്രമങ്ങളുമുണ്ട്. ഇതില്‍ കേരള പൊലീസിന്റെ സൈബര്‍ വിംഗിന് നിര്‍ണായക പങ്കാണുള്ളത്. വിമര്‍ശിക്കുന്ന നാവുകളെ നിയമത്തിന്റെ നൂലാമാലകളില്‍ കുടുക്കി നിശബ്ദമാക്കുന്ന രീതിയാണിത്.
ഒരു പോസ്റ്റ് അല്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നതിന് പിന്നില്‍ ഒരു 'ചെയിന്‍ റിയാക്ഷന്‍' തന്നെയുണ്ട്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നിരീക്ഷിക്കുന്ന കേരള പൊലീസിന്റെ സൈബര്‍ വിംഗ്, അവയെ 'ക്രമസമാധാന പ്രശ്‌നം' (Law and Order) അല്ലെങ്കില്‍ 'വിദ്വേഷ പ്രസംഗം' (Hate Speech) എന്ന് തരംതിരിക്കുന്നു. ഇത്തരത്തില്‍ തയ്യാറാക്കുന്ന പട്ടിക സംസ്ഥാന പൊലീസ് കേന്ദ്ര ഐടി മന്ത്രാലയത്തിന് കൈമാറുന്നു.
സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കേന്ദ്ര മന്ത്രാലയമാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് (Meta, X, YouTube) അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള അന്തിമ നിര്‍ദ്ദേശം നല്‍കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാല്‍ അത്തരം ഉള്ളടക്കങ്ങള്‍ ഇന്ത്യയില്‍ മാത്രം കാണാന്‍ കഴിയാത്ത രീതിയില്‍ നിയന്ത്രിക്കുന്നു.
'ക്രമസമാധാനം' എന്ന ഭീഷണി
രാഷ്ട്രീയ വിമര്‍ശനങ്ങളെ നേരിടാന്‍ നിയമപാലകര്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് 'ക്രമസമാധാനത്തിന് തടസ്സമുണ്ടാക്കുന്നു' എന്നത്. സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചോ തെറ്റായ നയങ്ങളെക്കുറിച്ചോ വസ്തുതാപരമായി സംസാരിക്കുന്നത് പോലും വിദ്വേഷം പടര്‍ത്തുന്നതായി ചിത്രീകരിക്കപ്പെടുന്നു.
യഥാര്‍ഥത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരും വര്‍ഗീയത പടര്‍ത്തുന്നവരും സൈബര്‍ ഇടങ്ങളില്‍ സൈ്വരവിഹാരം നടത്തുമ്പോഴാണ്, ഭരണകൂടത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുടെ അക്കൗണ്ടുകള്‍ മാത്രം 'ക്രമസമാധാനം' മുന്‍നിര്‍ത്തി പൂട്ടിക്കുന്നത്. ജനാധിപത്യപരമായ സംവാദങ്ങളെ ക്രിമിനല്‍ കുറ്റമായി വ്യാഖ്യാനിക്കുന്ന അപകടകരമായ പ്രവണത.
റദ്ദാക്കപ്പെടുന്നത് കേവലം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല, മറിച്ച് ഒരു ജനതയുടെ ഭരണഘടനാ അവകാശങ്ങളാണ്.
സോഷ്യല്‍ മീഡിയയുടെ അദൃശ്യ നിയന്ത്രണങ്ങളാണ് ഷാഡോ ബാനിംഗും അല്‍ഗോരിതമിക് പക്ഷപാതവും. ഭരണപക്ഷത്തിന്റേയോ വലിയ പാര്‍ട്ടികളുടേയോ ഐടി സെല്ലുകള്‍ ഒരു പ്രത്യേക അക്കൗണ്ടിനെതിരെ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, അല്‍ഗോരിതം ആ പോസ്റ്റ് നിയമവിരുദ്ധമാണെന്ന് സ്വയം തീരുമാനിക്കുകയും റീച്ച് കുറയ്ക്കുകയും ചെയ്യുന്നു. പ്രാദേശിക ഭാഷകളിലെ രാഷ്ട്രീയ വിമര്‍ശനങ്ങളും സ്വതന്ത്ര ആക്ടിവിസ്റ്റുകളുടെ പോസ്റ്റുകളും അകാരണമായി നീക്കം ചെയ്യപ്പെടാന്‍ കാരണമാകുന്നു.
നിയമവും പൗരശക്തിയും
2015ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ശ്രേയ സിംഗാള്‍ വിധി ഡിജിറ്റല്‍ അവകാശങ്ങളുടെ സംരക്ഷണത്തില്‍ നിര്‍ണായകമാണ്. ഭരണഘടനാ വിരുദ്ധമായ സെക്ഷന്‍ 66എ കോടതി റദ്ദാക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിജയമായിരുന്നു. ഒരു വ്യക്തിയുടെ ഓണ്‍ലൈന്‍ സാന്നിധ്യം ഇല്ലാതാക്കുന്നതിനു മുമ്പ് അയാളുടെ ഭാഗം കേള്‍ക്കണമെന്ന കോടതിയുടെ നിരീക്ഷണം പ്രധാനമാണ്.
ഓണ്‍ലൈന്‍ ശബ്ദം നിശബ്ദമാക്കപ്പെട്ടാല്‍ പ്ലാറ്റ്‌ഫോമിലെ ഗ്രീവന്‍സ് ഓഫീസര്‍ക്ക് പരാതി നല്‍കാമെന്നാണ് പറയുന്നത്. എന്നാല്‍ നടപടിയുണ്ടായ ആര്‍ക്കും അപ്പീലിന് അവസരം ഉണ്ടായിട്ടില്ല. പിന്നെ സമീപിക്കാനുള്ളത് Grievance Appellate Committee (GAC)യെയാണ്. പരാതി കേള്‍ക്കുന്നവരും പരാതിക്ക് കാരണക്കാരായവരും ഒരേ വ്യവസ്ഥിതിയുടെ ഭാഗമാകുമ്പോള്‍ നീതി ലഭിക്കുക പ്രയാസകരമാണ്. ഇവിടെയാണ് സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെയും പൗരസമൂഹത്തിന്റെയും ഇടപെടല്‍ ആവശ്യമായി വരുന്നത്.
അല്‍ഗോരിതങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയുകയും ഡിജിറ്റല്‍ സാക്ഷരത നേടുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഭരണകൂടം നിങ്ങളെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ നിയമത്തിന്റെ കരുത്തില്‍ തിരിച്ചു സംസാരിക്കുക എന്നതാണ് ഏക പോംവഴി.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പക്ഷപാതപരമായി പെരുമാറുമ്പോള്‍ അതിനെ പൊതുമധ്യത്തില്‍ കൊണ്ടുവരിക. ഒരാളുടെ അക്കൗണ്ട് അന്യായമായി ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ അത് വാര്‍ത്തയാകുന്നതും സോഷ്യല്‍ മീഡിയയില്‍ തന്നെ വലിയ ചര്‍ച്ചയാകുന്നതും സര്‍ക്കാരിന് മേല്‍ സമ്മര്‍ദമുണ്ടാക്കും.
യഥാര്‍ഥത്തില്‍, ഈ പോരാട്ടം സാധാരണ പൗരനും ഭരണകൂടവും വന്‍കിട കമ്പനികളും തമ്മിലാണ്. ആവശ്യമെങ്കില്‍ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന Internet Freedom Foundation (IFF), http://SFLC.in തുടങ്ങിയ സംഘടനകളുടെ സഹായം തേടാം.
വിയോജിപ്പില്ലെങ്കില്‍ ജനാധിപത്യമുണ്ടോ
ഒരു ജനാധിപത്യ രാജ്യത്ത് വിമര്‍ശനത്തിനുള്ള അവകാശം പ്രധാനമാണ്. എന്നാല്‍ ഏതെങ്കിലും വഴിക്ക്ഈ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നത് 'ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ്' ആയി കണക്കാക്കപ്പെടുന്നു. ഇത് ഭരണപക്ഷത്തിന് വലിയ പ്രചാരണ മുന്‍തൂക്കം നല്‍കുകയും പ്രതിപക്ഷ ശബ്ദങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ പുറത്തുവിടുന്ന സുതാര്യതാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ എത്ര പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ് ജനാധിപത്യ സംവാദങ്ങളുടെ ഇടം ഇല്ലാതാക്കുകയാണ്.
നിയമപാലകരും ഭരണകൂട സംവിധാനങ്ങളും രാഷ്ട്രീയ ലാഭത്തിനായി പൗരന്റെ ശബ്ദത്തെ അടിച്ചമര്‍ത്തുന്നത് അങ്ങേയറ്റം അപകടകരമാണ്. വേട്ടയാടലുകള്‍ക്കെതിരെ നിയമപരമായും സാമൂഹികമായും ഒത്തൊരുമിച്ചുള്ള പോരാട്ടം അനിവാര്യമാണ്. വിയോജിക്കാനും ചോദ്യം ചെയ്യാനുമുള്ള പൗരന്റെ കരുത്താണ് ഏതൊരു ജനാധിപത്യത്തിന്റെയും ജീവവായു.
സാങ്കേതികവിദ്യ വികസിക്കുമ്പോള്‍ അത് പൗരന്റെ ശാക്തീകരണത്തിനാണോ അതോ ഭരണകൂടത്തിന്റെ താല്പര്യത്തിനാണോ ഉപയോഗിക്കപ്പെടുന്നത് എന്ന ഗൗരവമായ ചോദ്യം ഇവിടെ ഉയരുന്നു. ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പിന്റെ ഈ കരിനിഴലുകള്‍ക്കിടയിലും നിയമപരമായ പോരാട്ടങ്ങളും ഡിജിറ്റല്‍ സാക്ഷരതയും നമുക്ക് വഴികാട്ടിയാവണം. വിരല്‍ത്തുമ്പിലെ അഭിപ്രായസ്വാതന്ത്ര്യം അല്‍ഗോരിതങ്ങള്‍ക്കോ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കോ അടിയറവ് വെക്കാനുള്ളതല്ല.
ഭരണകൂടം നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം കൂടുതല്‍ ഉച്ചത്തില്‍ സത്യങ്ങള്‍ വിളിച്ചുപറയാനുള്ള ആര്‍ജവം പൗരസമൂഹം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഭരണകൂടങ്ങള്‍ വിമര്‍ശനങ്ങളെ ഭയപ്പെടുമ്പോള്‍ അല്‍ഗോരിതങ്ങളും നിയമങ്ങളും പൗരനെ നിശബ്ദനാക്കാനുള്ള ആയുധങ്ങളായി മാറുന്നു.
ഇന്ന് റദ്ദാക്കപ്പെടുന്നത് കേവലം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല, മറിച്ച് ഒരു ജനതയുടെ ഭരണഘടനാ അവകാശങ്ങളാണ്. ഓരോ അടിച്ചമര്‍ത്തലും പുതിയ പ്രതിരോധങ്ങള്‍ക്കുള്ള തുടക്കമാവട്ടെ. സംവാദങ്ങള്‍ നിലയ്ക്കുന്നിടത്ത് ജനാധിപത്യം അര്‍ഥശൂന്യമാവുകയും സ്വേച്ഛാധിപത്യം വേരുപിടിക്കുകയും ചെയ്യും. നിശബ്ദതയല്ല, സര്‍ഗ്ഗാത്മകമായ വിയോജിപ്പുകളാണ് ഇന്നിന്റെ കരുത്ത്.
