സമീപകാല തെരഞ്ഞെടുപ്പുകളില്‍ അരങ്ങേറിയ അട്ടിമറികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ മാത്രമല്ല, സമീപകാല തെരഞ്ഞെടുപ്പു ഫലങ്ങളെയും സംശയ നിഴലില്‍ നിര്‍ത്തുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാനാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അരങ്ങേറിയ അട്ടിമറികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ മാത്രമല്ല, സമീപ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു ഫലങ്ങളെയും സംശയനിഴലില്‍ നിര്‍ത്തുന്നതാണ്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ഇത്രയും കാലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്ന വിഷയങ്ങളിലാണ് കമ്മീഷന്റേയും ബി ജെ പിയുടേയും വായടപ്പിക്കുന്ന മറുപടികള്‍ പ്രതിപക്ഷ നേതാവ് നല്‍കിയിരിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തയ്യാറാക്കിയ അതേ അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ഉപയോഗിച്ചാണ് രാജ്യത്തെ ഇലക്ടറല്‍ സംവിധാനത്തില്‍ ഇത്ര വലിയ കൃത്രിമങ്ങള്‍ നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി സമര്‍ഥിച്ചിരിക്കുന്നത്.
ബി ജെ പിയുമായി ചേര്‍ന്ന് രാജ്യത്തെ ജനാധിപത്യ സംവിധാനത്തേയും തിരഞ്ഞെടുപ്പ് പ്രക്രിയയേയും അട്ടിമറിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നുവെന്നത് നിസ്സാര സംഗതിയല്ല. ബി ജെ പിയും ഇലക്ഷന്‍ കമ്മീഷനും ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന സംശയം രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി.

ഇലക്ട്രോണിക് വോട്ടിങ് മെഷീനെ(ഇ വി എം)യാണ് തുടക്കം മുതലേ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരുന്നത്. ഇ വി എം അട്ടിമറി സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ, സാധ്യമാണെന്നും തെളിയിക്കാന്‍ ഒരുക്കമാണെന്നുമുള്ള സാങ്കേതിക വിദഗ്ധരുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ വോട്ടര്‍പട്ടിക കേന്ദ്രീകരിച്ച് അതിനേക്കാള്‍ ഗംഭീരമായ അട്ടിമറി നടക്കുന്നുണ്ടെന്ന സംശയം ആദ്യം ഉയര്‍ന്നത് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ്. കോണ്‍ഗ്രസിനും എന്‍ സി പിക്കും ഒപ്പം ചേര്‍ന്ന് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ശിവസേനാ (ഉദ്ദവ് താക്കറെ) യാണ് ഇത്തരമൊരു സംശയം ആദ്യം ഉയര്‍ത്തിയത്.
തിരഞ്ഞെടുപ്പ് വിജയത്തിനുള്ള സാധ്യതകളുടെ ഏത് ഏകകങ്ങള്‍ വെച്ച് അളന്നാലും തങ്ങള്‍ വിജയിക്കുമായിരുന്ന ചില മണ്ഡലങ്ങളിലെ തോല്‍വിയാണ് ശിവസേനാ നേതാക്കളില്‍ ഇത്തരമൊരു സംശയം ജനിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും കമ്മീഷന്‍ അത് നിഷേധിച്ചു.
കൂട്ടത്തോടെ വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റി ജനവിധി അട്ടിമറിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ശിവസേനക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം തന്നെ മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഭാഗമെന്ന നിലയില്‍ കോണ്‍ഗ്രസ് ഈ ആരോപണം ഏറ്റെടുത്തിരുന്നു.
നാലു മാസത്തിനു ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട ചില തോല്‍വികള്‍ കോണ്‍ഗ്രസിലും ഈ സംശയം ബലപ്പെടുത്തി. അതില്‍ ഒന്നായിരുന്നു ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ തോല്‍വി. ബെംഗളൂരു സെന്‍ട്രലിനു കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണിയപ്പോള്‍ ആറിടത്തും കോണ്‍ഗ്രസിന് ലീഡുണ്ടായിരുന്നു. അതും 85,000 വോട്ടിന്റെ മുന്‍തൂക്കം.
ബി ജെ പിയുമായി ചേര്‍ന്ന് രാജ്യത്തെ ജനാധിപത്യ സംവിധാനത്തേയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നുവെന്നത് രാജ്യത്തെ സംബന്ധിച്ച് നിസ്സാരമല്ല.
എന്നാല്‍ മഹാദേവ്പുര മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോള്‍ ഈ ഫലമെല്ലാം അട്ടിമറിച്ച് ബി ജെ പി 32,000 വോട്ടിന് ജയിക്കുന്നു. ഈ നിയമസഭാ മണ്ഡലത്തില്‍ മാത്രം ബി ജെ പിക്ക് ലഭിച്ച അധിക വോട്ട് 1,14,000 ആണ്. കര്‍ണാടകയിലെ ലോക്സഭാ സീറ്റുകളില്‍ 15-16 എണ്ണത്തില്‍ വിജയം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ജയിച്ചതാവട്ടെ ഒമ്പതിടത്ത് മാത്രം.
തന്റെ തോല്‍വി യാദൃച്ഛികമല്ലെന്നും അട്ടിമറിയാണെന്നുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂറലി ഖാന്റെ വാദങ്ങള്‍ കൂടിയായതോടെ ഇക്കാര്യത്തില്‍ പരിശോധന നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നു. എന്നാല്‍ അത് എളുപ്പമുള്ള പ്രക്രിയ ആയിരുന്നില്ല.
ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ 19 ലക്ഷം വോട്ടര്‍മാരുണ്ട്. മഹാദേവ് പുരയില്‍ മാത്രം നാലു ലക്ഷത്തോളം വോട്ടുകളുണ്ട്. അതിനുള്ള മാര്‍ഗമായിരുന്നു വോട്ടര്‍ പട്ടികയുടെ ഇലക്ട്രോണിക് പകര്‍പ്പ്.
ഇലക്ട്രോണിക് ഡാറ്റാ നിഷേധം
വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പ്, വിലാസത്തിലെ ഇരട്ടിപ്പ്, ഒരാള്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ട്, ഒന്നിലധികം സംസ്ഥാനങ്ങളില്‍ വോട്ട് എന്നിവയെല്ലാം കണ്ടെത്താനുള്ള ഏറ്റവും എളുപ്പവഴിയാണ് കമ്പ്യൂട്ടറിന്റെ സഹായത്തോടെ വോട്ടര്‍ പട്ടികയുടെ ഇലക്ട്രോണിക് വേര്‍ഷന്‍ പരിശോധിക്കുക എന്നത്.
വ്യാജ വോട്ട് ആരോപണങ്ങള്‍ സംശയിക്കപ്പെട്ട ഘട്ടത്തില്‍ ഇലക്ട്രോണിക് ഡാറ്റക്കായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നാലുതവണ കത്തെഴുതി. എന്നാല്‍ രേഖകള്‍ നല്‍കാന്‍ കമ്മീഷന്‍ തയ്യാറായില്ല. വോട്ട് ഇരട്ടിപ്പ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഉപയോഗിക്കുന്ന മാര്‍ഗമാണിതെന്നിരിക്കെയായിരുന്നു കോണ്‍ഗ്രസ് ആവശ്യത്തോടുള്ള നിഷേധാത്മക സമീപനം.

ഒടുവില്‍ വോട്ടര്‍ പട്ടികയുടെ ഹാര്‍ഡ് കോപ്പികള്‍ നല്‍കാന്‍ കമ്മീഷന്‍ തയ്യാറായി. ഇത് പരിശോധിക്കാന്‍ ആരംഭിച്ചപ്പോഴാണ് ഒപ്റ്റിക്കല്‍ റീഡിങ് വഴി സോഫ്റ്റ് കോപ്പി ആക്കി മാറ്റാന്‍ കഴിയുന്നതല്ല കമ്മീഷന്‍ നല്‍കിയ പേപ്പറുകള്‍ എന്ന് ബോധ്യപ്പെടുന്നത്. ഇത് സങ്കീര്‍ണത വീണ്ടും വര്‍ധിപ്പിച്ചു. ഒടുവില്‍ ഓരോന്നും ഫോട്ടോ എടുത്ത് ഡിജിറ്റല്‍ രേഖകളാക്കി മാറ്റുന്നത് അതിസങ്കീര്‍ണമായ പ്രക്രിയയിലേക്ക് കടക്കേണ്ടിവന്നു.
രാഹുല്‍ ഗാന്ധി തന്നെ വെളിപ്പെടുത്തിയ വിവരം പ്രകാരം, തന്റെ സംഘത്തിലെ 40 പേരുടെ നാലു മാസത്തെ കഠിനാധ്വാനം വേണ്ടി വന്നു ഏഴ് അടിയിലേറെ ഉയരത്തില്‍ മൂന്ന് അടുക്കുകളായി സൂക്ഷിച്ച ഈ രേഖകള്‍ പരിശോധിച്ചു തീര്‍ക്കാന്‍. ഒടുവില്‍ ലഭിച്ച ഫലമാവട്ടെ ഞെട്ടിപ്പിക്കുന്നതും.
ഒരൊറ്റ നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍. വ്യാജ വിലാസങ്ങളില്‍ കൂട്ടത്തോടെ വോട്ടുകള്‍, ഒരേ വിലാസത്തിലുള്ള നിരവധി വോട്ടുകള്‍, ഒരേ ആള്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ വോട്ടുകള്‍, 80 വയസ്സുകഴിഞ്ഞ കന്നി വോട്ടര്‍മാര്‍ എന്നിങ്ങനെ പോകുന്നു കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍.
വോട്ടര്‍മാരില്‍ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രം. വീട്ടുനമ്പര്‍ പലരുടേതും പൂജ്യം. ഒരൊറ്റ നിയോജക മണ്ഡലത്തിലെ കാര്യമാണിത്. അപ്പോള്‍ രാജ്യത്തെ മൊത്തം മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടികകള്‍ പരിശോധിച്ചാല്‍ ഉള്ള അവസ്ഥ എന്തായിരിക്കും.
മഹാദേവപുരയിലെ കള്ള വോട്ടുകളുടെ കണക്കുകള്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചത് ഇങ്ങനെ: 11,965 ഇരട്ട വോട്ടുകള്‍, 40,009 വോട്ടുകള്‍ വ്യാജ വിലാസത്തില്‍, 10,452 വോട്ടുകള്‍ ഒരേ വിലാസത്തില്‍, 4132 വോട്ടര്‍മാരുടെ ഫോട്ടോ വ്യാജം, ഫോം-6 ദുരുപയോഗം ചെയ്ത് 33,692 വോട്ട്. (കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനോ, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വോട്ടു മാറ്റാനോ നല്‍കുന്ന അപേക്ഷയാണ് ഫോം-6. അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിന് തൊട്ടു മുമ്പ് നടക്കുന്ന പ്രക്രിയ).
40 ലക്ഷം ദുരൂഹ വോട്ടുകള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരാണ് 5 മാസം കൊണ്ട് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്.
അതായത് ഒരു ലക്ഷത്തിലധികം വ്യാജ വോട്ട്. അത്ര തന്നെ വോട്ടിന്റെ ഭൂരിപക്ഷം ബി ജെ പി ഈ മണ്ഡലത്തില്‍ സ്വന്തമാക്കുന്നു. കണക്കുകള്‍ തിരക്കഥ വെളിപ്പെടുത്തുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖം വീണ്ടും കൂടുതല്‍ വികൃതമാവുകയാണ്.
മഹാരാഷ്ട്രയിലെ കണക്കെടുക്കാം. 40 ലക്ഷം ദുരൂഹ വോട്ടുകള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ അധിക വോട്ടര്‍മാരാണ് 5 മാസം കൊണ്ട് മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്സഭാ തിരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തെ ഇടവേളയില്‍ സംഭവിച്ചതാണ് ഇത്രയും ഭീമമായ വര്‍ധന.
പേരു ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്ര താല്‍പര്യമെടുത്ത് തീവ്ര കാമ്പയിന്‍ നടത്തിയാലും ലഭിക്കാത്തത്ര അതിശയിപ്പിക്കുന്ന വര്‍ധനയായിരുന്നു ഇത്. സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം പ്രായപൂര്‍ത്തി എത്തിയ ആകെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് എന്നത് മറ്റൊരു അതിശയം.
ഒരു സംസ്ഥാനത്തെ 18 വയസ്സിനു മുകളിലുള്ള ജനസംഖ്യക്ക് തുല്യമോ അതിനേക്കാള്‍ കുറവോ ആയിരിക്കണം വോട്ടര്‍മാരുടെ എണ്ണം. അതില്‍ കൂടുതല്‍ ആയാല്‍ വ്യാജ വോട്ടുകള്‍ കടന്നുകൂടിയെന്ന് സ്വാഭാവികമായും സംശയിക്കാം. ഇത്തരത്തില്‍ വ്യാജ വോട്ടുകള്‍ കയറിക്കൂടുന്ന പ്രദേശങ്ങളിലെ ജനവിധി ബി ജെ പിക്ക് കൂടുതല്‍ അനുകൂലമാകുന്നു.
ഇതിന് ഉദാഹരണമായി രാഹുല്‍ ചൂണ്ടിക്കാട്ടിയത് മഹാരാഷ്ട്രയിലെ കാമാത്തി മണ്ഡലമാണ്. ഇവിടെ 96 ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധന (ഇതില്‍ 94 ബൂത്തുകളിലും ബി ജെ പിക്ക് ഭൂരിപക്ഷം).