കുറ്റവാളികള്‍ക്ക് ശാരീരിക ശിക്ഷകള്‍ നല്‍കി പീഡിപ്പിക്കുകയല്ല മതനിയമങ്ങളുടെ ലക്ഷ്യം. സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത്.
നന്മയും തിന്മയും ഉള്‍ച്ചേര്‍ന്നതാണ് മനുഷ്യമനസ്സ്. നന്മയെക്കാള്‍ തിന്മയോടുള്ള തൃഷ്ണ പലപ്പോഴും മനസ്സിനെ അതിജയിക്കാറുമുണ്ട്. തുടര്‍ച്ചയായി തിന്മയില്‍ അഭിരമിക്കുന്നവരില്‍ നിന്നാണ് കുറ്റകൃത്യങ്ങള്‍ ഉടലെടുക്കുന്നത്. മനുഷ്യാരംഭം മുതല്‍ ഇന്നുവരെ കുറ്റകൃത്യങ്ങള്‍ ഒട്ടുമില്ലാത്ത ഒരു സമൂഹവും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല.
നന്മയ്ക്ക് വളം നല്‍കുകയും കുറ്റകൃത്യങ്ങളെ കരിച്ചുകളയലുമാണ് കുറ്റകൃത്യങ്ങള്‍ മനുഷ്യനന്മയ്ക്ക് വിഘാതമായി മാറാതിരിക്കാനുള്ള ഏക പോംവഴി. മതത്തിന്റെ വീക്ഷണത്തില്‍ രണ്ടു തരം കുറ്റങ്ങളാണുള്ളത്. ഒന്ന്: കുറ്റവാളിയെ മാത്രം ബാധിക്കുന്നവ. കുറ്റവാളിയുടെ ശരീരം, സമ്പത്ത്, അഭിമാനം എന്നിവയെ നശിപ്പിക്കുന്നവയാണവ.
അല്ലാഹുവിനോട് ചെയ്യുന്ന തെറ്റുകള്‍ ഇതില്‍ പെടുന്നു. അതിന് ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങുക മാത്രമാണ് പ്രതിവിധി. രണ്ട്: മറ്റുള്ളവര്‍ക്കോ സമൂഹത്തിനോ ഉപദ്രവകരമായിത്തീരുന്ന കുറ്റങ്ങള്‍. ക്രിമിനല്‍ കുറ്റങ്ങള്‍ എന്നറിയപ്പെടുന്ന കുറ്റകൃത്യങ്ങളാണവ. അവയ്ക്കാണ് ശരീഅത്ത് കടുത്ത ശിക്ഷ നിര്‍ദേശിക്കുന്നത്.
കുറ്റവാളികള്‍ക്ക് ശാരീരിക ശിക്ഷകള്‍ നല്‍കി പീഡിപ്പിക്കലല്ല ശരീഅത്ത് നിയമങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ മതം നല്‍കുന്നത്. കട്ടവന്റെ കൈ വെട്ടാനും ഘാതകനെ വധിക്കാനും വ്യഭിചാരിയെ എറിഞ്ഞുകൊല്ലാനും മതം നിര്‍ദേശിച്ചതിനു പിന്നില്‍ സമൂഹത്തിന്റെ സുരക്ഷ എന്ന ലക്ഷ്യം മാത്രമാണുള്ളത്. ഇസ്‌ലാമിക ശരീഅത്തിന്റെ പരമോന്നത ലക്ഷ്യവും അതുതന്നെയാണ്.
സമൂഹത്തിന്റെ സുരക്ഷയ്ക്ക് വിള്ളല്‍ വീഴ്ത്തുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് മതം കടുത്ത ശിക്ഷകള്‍ പ്രഖ്യാപിച്ചത്. കുറ്റവാളിയെ മാത്രം ബാധിക്കുന്ന, മറ്റാരെയും ബാധിക്കാത്ത കുറ്റങ്ങള്‍ സ്വകാര്യമായി ചെയ്യുന്നതില്‍ ഇടപെടാന്‍ ഭരണകൂടത്തിനു പോലും ശരീഅത്ത് അനുമതി നല്‍കുന്നില്ല.
ഉദാഹരണമായി, ഒരാണും പെണ്ണും മൂന്നാമതൊരാള്‍ അറിയാതെ വ്യഭിചരിച്ചാല്‍ അവര്‍ക്ക് ഈ ഭൂമിയില്‍ വെച്ച് വ്യഭിചാരത്തിന് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷ ലഭിക്കില്ല. അത് പരസ്യമാവുകയും അതിന് നിശ്ചിത എണ്ണം സാക്ഷികള്‍ രംഗത്തുവരികയും ചെയ്താല്‍ മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത്.

കാരണം സമൂഹത്തിന്റെ ധാര്‍മിക ഭദ്രതയ്ക്ക് വിള്ളല്‍ വീഴ്ത്തുന്നതാണ് പരസ്യമായ വ്യഭിചാരം. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ നടപ്പാക്കേണ്ടത് സ്വകാര്യമായിട്ടല്ലെന്നുകൂടി മതത്തിന് നിര്‍ബന്ധമുണ്ട് (വി.ഖു: 24:2).
പഴുതുകള്‍ അടയ്ക്കണം
കുറ്റവാളികള്‍ക്ക് ശിക്ഷ വിധിക്കുന്നതിനു മുമ്പ് കുറ്റകൃത്യങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്ന സകല പഴുതകളും അടച്ചുകളയണമെന്നുകൂടി ശരീഅത്ത് ഭരണാധികാരികളോട് ആവശ്യപ്പെടുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കെ കുറ്റവാളിയെ ശിക്ഷിക്കാനുള്ള അവകാശം അത് ഭരണാധികാരിക്ക് നല്‍കുന്നില്ല.
പട്ടിണി അകറ്റാന്‍ വേണ്ടി ഒരാള്‍ മോഷണം നടത്തിയാല്‍ അയാളെ ശിക്ഷിക്കാന്‍ ശരീഅത്ത് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത് പട്ടിണി മൂലം കളവ് നടത്തിയവരെ അദ്ദേഹം വെറുതെ വിട്ടത്.
വ്യഭിചാരത്തിലേക്ക് നയിക്കുന്ന സകല ചിന്തകളെയും ബാഹ്യസമൂഹത്തില്‍ നിന്ന് വിപാടനം ചെയ്യാന്‍ മതം ആവശ്യപ്പെട്ടതും അതുകൊണ്ടുതന്നെയാണ്. കുറ്റകൃത്യം ചെയ്യാനുള്ള ത്വര ഒരു പകര്‍ച്ചവ്യാധി പോലെയാണ്. അത് പകരാതിരിക്കാനുള്ള കരുതലാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന ശിക്ഷാനിയമങ്ങള്‍.
കാലിന് പഴുപ്പ് ബാധിച്ച പ്രമേഹരോഗിയുടെ കാല്‍ ഡോക്ടര്‍ക്ക് മുറിച്ചുമാറ്റേണ്ടിവരും. അത് രോഗിയെ പീഡിപ്പിക്കലല്ല. കാലുകള്‍ മുറിച്ചുമാറ്റുന്നതിനെ പീഡനമായി കാണാന്‍ രോഗിയുടെ നാശം കൊതിക്കുന്നവര്‍ക്ക് മാത്രമേ കഴിയൂ.
ശരീഅത്തും വധശിക്ഷയും
അന്യായമായി മറ്റൊരാളുടെ ജീവന്‍ അപഹരിച്ച ആളെ പ്രതിക്രിയയിലൂടെ കൊന്നുകളയണമെന്ന് ശരീഅത്ത് ആവശ്യപ്പെടുന്നു. ''സത്യവിശ്വാസികളേ, കൊല ചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു'' (വി.ഖു: 2:178).
ആധുനിക കോടതികള്‍ വിധിക്കുന്നതുപോലെ ഘാതകന് ജീവപര്യന്തമോ വന്‍ തുക പിഴയോ നല്‍കുന്നതിനു പകരം വധശിക്ഷ വിധിച്ചതിന്റെ യുക്തി കൂടി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്: ''ബുദ്ധിമാന്മാരേ, തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രേ'' (വി.ഖു: 21:79).
കുറ്റകൃത്യം ചെയ്യാനുള്ള ത്വര ഒരു പകര്‍ച്ചവ്യാധി പോലെയാണ്. അത് പകരാതിരിക്കാനുള്ള കരുതലാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന ശിക്ഷാനിയമങ്ങള്‍.
എന്നു മാത്രമല്ല, അന്യായമായി ഒരാളെ കൊല്ലുന്നത് മാനവകുലത്തെ മുഴുവന്‍ നശിപ്പിക്കുന്നതിനു തുല്യമായാണ് ഖുര്‍ആന്‍ ഗണിക്കുന്നത്. ''മറ്റൊരാളെ കൊന്നതിനു പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിനു തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിനു തുല്യമാകുന്നു'' (വി.ഖു: 5:32).
വധശിക്ഷയ്ക്കു പകരമുള്ള ശിക്ഷാമുറകള്‍ കൊണ്ട് കൊലപാതക നിരക്ക് കുറയുന്നില്ലെന്നതിനു മതിയായ തെളിവാണ് നമ്മുടെ നാട്ടില്‍ പെരുകിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍. നടുറോഡും കുരുന്നുകളുടെ ക്ലാസ്മുറിയും പട്ടാപ്പകല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പൈശാചിക കൊലക്കളമായി മാറുന്നത് ഘാതകന് തനിക്കു ലഭിക്കാന്‍ പോകുന്ന നിസ്സാരമായ ശിക്ഷയെക്കുറിച്ചുള്ള മുന്നറിവു കൊണ്ടു കൂടിയാണ്.
യഥാര്‍ഥ കൊലയാളികളെ മാറ്റിനിര്‍ത്തി പകരം പ്രതികളെ സൃഷ്ടിക്കുന്ന രീതി നമ്മുടെ കേരളത്തില്‍ വ്യാപകമാവുകയാണ്. ചെറുപ്രായക്കാരായ കൊലയാളികളുടെ എണ്ണവും വര്‍ധിച്ചുവരുന്നു. വെഞ്ഞാറമൂട്ടില്‍ ചുരുങ്ങിയ സമയം കൊണ്ട് കുടുംബത്തിലെ അഞ്ചു പേരെ കൊന്നത് 23 വയസ്സുകാരനാണ്. കൊലപാതക വാര്‍ത്തകള്‍ വായിക്കാതെ ഒരൊറ്റ ദിവസം പോലും പത്രത്താളുകള്‍ മറിക്കാന്‍ കഴിയാത്ത ദുരവസ്ഥയാണ് മലയാളി അനുഭവിക്കുന്നത്.

അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് നാട് കടന്നുപോകുന്നതെന്ന് സാമൂഹിക നിരീക്ഷകരും നീതിന്യായമേഖലയിലെ പ്രമുഖരും ഒരുപോലെ വിലയിരുത്തുന്നുണ്ട്. എന്താണ് ഒരാള്‍ക്ക് പകരം കൊലപാതകക്കുറ്റം ഏല്‍ക്കാന്‍ കാരി സതീഷിനെ പോലുള്ളവരെ പ്രേരിപ്പിക്കുന്നത്?
കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ വധക്കേസില്‍ പ്രതിയാകാന്‍ കാരി സതീഷിന് 15 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് അമ്മ വെളിപ്പെടുത്തിയത് കേരളം ഞെട്ടലോടെയാണ് കേട്ടത്.
പ്രതിയായി കുറ്റം ഏറ്റെടുക്കാന്‍ പണം ഒരു കാരണമാണെങ്കിലും അടിസ്ഥാന കാരണം നിസ്സാര ശിക്ഷയെക്കുറിച്ചുള്ള തികഞ്ഞ ബോധ്യം തന്നെയാണ്. ജീവപര്യന്തമെന്ന 12 വര്‍ഷക്കാലം ജയിലിനകത്ത് സുഖവാസമനുഷ്ഠിക്കാം എന്ന് പ്രതികള്‍ക്കറിയാം.
പഴുതില്ലാത്ത കര്‍ശന നിയമത്തിലൂടെ തന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് ബോധ്യമുണ്ടെങ്കില്‍ ഒരാളും ഈ കുറ്റകൃത്യം ഏല്‍ക്കാന്‍ സ്വയം സന്നദ്ധരാകില്ല. അതുതന്നെയാണ് ശരീഅത്തിലെ വധശിക്ഷയുടെ പ്രസക്തിയും. കൊലക്കുറ്റത്തിന് ഒരു പ്രത്യേകതയുണ്ട്. അത് സമൂഹത്തില്‍ നിന്ന് മറച്ചുവെക്കാന്‍ കഴിയില്ല. കൊലയാളിയും കൊല്ലപ്പെട്ടവനും മാത്രം അറിഞ്ഞുകൊണ്ട് മൂന്നാമത് ഒരാള്‍ അറിയാത്ത രീതിയില്‍ കൊല നടത്താന്‍ ആര്‍ക്കും കഴിയില്ല.
വിശുദ്ധ ഖുര്‍ആനിലെ സൂറഃ അല്‍ബഖറയില്‍ പശുവിന്റെ കഥ പറഞ്ഞുകൊണ്ട് കൈമാറുന്ന സന്ദേശം അതാണ്. ''ഇസ്രായേല്‍ സന്തതികളേ, നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. എന്നാല്‍ നിങ്ങള്‍ ഒളിച്ചുവെക്കുന്നതിനെ അല്ലാഹു വെളിയില്‍ കൊണ്ടുവരുക തന്നെ ചെയ്യും'' (വി.ഖു: 2:72).
നമ്മുടെ നാട്ടില്‍ നടന്ന ഒരൊറ്റ കൊലപാതകവും സമൂഹം അറിയാത്തതില്ല. നിയമത്തിന്റെ നൂലാമാലകള്‍ കൊണ്ടും മറ്റും ശിക്ഷയ്ക്ക് വിധേയനായിട്ടില്ലെങ്കിലും ഘാതകന്‍ ആരെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കും. ഇത്രമാത്രം സമൂഹത്തെ അരക്ഷിതാവസ്ഥയിലാക്കുകയും അവരെ ഭയവിഹ്വലരാക്കുകയും ചെയ്യുന്ന മറ്റൊരു ക്രിമിനല്‍ കുറ്റവുമില്ല. അതുകൊണ്ടുതന്നെയാണ് ശരീഅത്ത് കൊലയ്ക്ക് വധശിക്ഷ തന്നെ നിശ്ചയിച്ചിരിക്കുന്നതും.