ഹരിയാന, കശ്മീര്‍: സഖ്യമില്ലാതെ ഭരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം


രാജ്യത്ത് മറ്റൊരു ജനായത്ത കണക്കെടുപ്പ് കൂടി പൂര്‍ത്തിയായിരിക്കുന്നു. കണക്കുകൂട്ടലുകളും പ്രവചനങ്ങളും അസ്ഥാനത്താക്കുന്ന ഫലമാണ് ജമ്മുകശ്മീര്‍, ഹരിയാനാ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുറത്തുവന്നിരിക്കുന്നത്. പ്രത്യേകിച്ച് ഹരിയാനയില്‍ എല്ലാ കണക്കുകൂട്ടലുകളും അട്ടിമറിക്കപ്പെട്ട ഫലം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ മനസ്സ് എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരം തേടിയ തിരഞ്ഞെടുപ്പായിരുന്നു ഇത്.

മുന്നണി സംവിധാനത്തിലൂടെയും രാഷ്ട്രപതി ഭരണത്തിലൂടെയും തുടര്‍ച്ചയായ 10 വര്‍ഷം അധികാരം കൈയാളിയ ജമ്മുകശ്മീരില്‍ ബി ജെ പി പടിക്കു പുറത്തായപ്പോള്‍ ഹരിയാനയിലെ ഗുസ്തിക്കളരിയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും അവര്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചു.