യുക്തിരഹിതമായ ആശയത്തെ യുക്തിവാദം എന്നു വിളിക്കുമ്പോള്‍


നിരീശ്വരവാദത്തെ ആശയപരമായി അവലോകനം ചെയ്താല്‍, ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസികള്‍ ഈ ആശയത്തെ പേറുന്നവരാണ്. നിരീശ്വരവാദം ഒരു തീര്‍പ്പിനെ പറ്റിയാണ് സംസാരിക്കുന്നത്. ഉപചോദ്യങ്ങളും വിശദീകരണങ്ങളുമില്ല. ദൈവമില്ല എന്ന് പറഞ്ഞു തുടങ്ങി ദൈവമില്ല എന്ന് പറഞ്ഞ് അവസാനിക്കുന്നു.

നിരീശ്വരവാദം എന്ന പദവും തങ്ങള്‍ നിരീശ്വരവാദികളാണ് എന്ന ചിലരുടെ അഭിമാനത്തോടെയുള്ള വിളിച്ചു പറയലും സമൂഹത്തില്‍ വ്യാപകമായി കാണാം. തങ്ങള്‍ ബുദ്ധിപരമായി അല്പം മികച്ചു നില്‍ക്കുന്നവരാണ് എന്നും മറ്റുള്ളവരെല്ലാം പൂര്‍ണമായും അന്ധവിശ്വാസികളാണ് എന്നും കൂടി ആ പ്രഖ്യാപനങ്ങളില്‍ അന്തര്‍ലീനമാണ്.

എന്നാല്‍ നിരീശ്വരവാദത്തെ ആശയപരമായി അവലോകനം ചെയ്താല്‍ ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസികള്‍ ഈ ആശയത്തെ പേറുന്നവരാണ് എന്ന് ബോധ്യപ്പെടും. സാധാരണഗതിയില്‍ സമൂഹത്തില്‍ ഒരാശയം അംഗീകരിക്കപ്പെടണമെങ്കില്‍ ഒന്നുകില്‍ അത് വസ്തുതയെ പറ്റിപ്പറയുന്ന ആശയമായിരിക്കണം. അല്ലെങ്കില്‍ ആ ആശയം കൊണ്ട് എന്തെങ്കിലും തരത്തിലുള്ള ഗുണം സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ഉണ്ടായിരിക്കണം.

ഇവയില്‍ ഏതെങ്കിലും ഒന്നു പോലുമില്ലാത്ത ഒരാശയത്തിന് നിലനില്‍പ്പും മനുഷ്യര്‍ക്കിടയില്‍ പ്രചാരം ലഭിക്കലും നന്നേ സാധ്യത കുറഞ്ഞ കാര്യമാണ്. നിരീശ്വരവാദം ഈ രണ്ടു ഗുണങ്ങളും ഇല്ലാത്ത, പരസ്പര വൈരുധ്യങ്ങള്‍ ചേര്‍ന്ന നിരര്‍ഥകമായ ആശയമാവുന്നത് എങ്ങനെയാണെന്ന് വിവിധ കോണുകളിലൂടെ പരിശോധിക്കാം.

നിരീശ്വരവാദം എന്നതിന്റെ പദാര്‍ഥത്തില്‍ നിന്നു ആരംഭിക്കാം: ഇംഗ്ലീഷ്: Atheism. Theism (ഈശ്വര വാദം) എന്ന പദത്തിലേക്ക് അതിന്റെ ആശയത്തെ നിരാകരിക്കുന്ന അ എന്ന അക്ഷരം ചേര്‍ക്കുന്നു. മലയാളം: നിരീശ്വരവാദം. ഈശ്വര വാദം എന്ന പദത്തിലേക്ക് നിരാകരണത്തെ സൂചിപ്പിക്കുന്ന 'നിര്' ചേര്‍ക്കുന്നു. അര്‍ഥം: ഈശ്വരവാദത്തെ നിരാകരിക്കുന്നു. ദൈവത്തെ നിഷേധിക്കുന്ന വാദമെന്നു ചുരുക്കം.

നിരീശ്വരവാദം എന്ന ആശയത്തിന്ന് ആദ്യത്തിലും അവസാനത്തിലും പറയാനുള്ളത് ഇത്ര മാത്രമാണ്. അതിനപ്പുറത്തേക്ക് അതിനൊരു സ്വാഭാവിക ചലനമില്ല. ഉദാഹരണത്തിന് ഇസ്ലാം എന്ന പദത്തെ പരിഗണിക്കുക. ഇസ്ലാം എന്ന വാക്കിനര്‍ഥം സമര്‍പ്പണം എന്നാണ്. ആ വാക്ക് തന്നെ കേവല വാക്കര്‍ഥത്തിനപ്പുറമുള്ള ചോദ്യങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. ആര്‍ക്ക് സമര്‍പ്പിക്കണം? എങ്ങനെ, എന്തെല്ലാം മേഖലകളില്‍ സമര്‍പ്പിക്കണം? എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങള്‍. ഈ ചോദ്യങ്ങളുടെ ഉത്തരം ഒരു സര്‍വതലസ്പര്‍ശിയായ ജീവിതദര്‍ശനത്തെ വിശദീകരിക്കുന്നു, അഥവാ ഇസ്ലാം മതത്തെ കാണിച്ചുതരുന്നു.

അതുപോലെ 'ഹിന്ദു' എന്നാല്‍ ഒരു പ്രത്യേക ഭൂപ്രദേശത്ത് ജീവിക്കുന്ന സമൂഹത്തിലെ അംഗമാണ് എന്നാണര്‍ഥം. 'ഹൈന്ദവത' ആ ഭൂപ്രദേശത്തെ സംസ്‌കാരം/ വിശ്വാസം എന്നതിനെയെല്ലാമാണ് സൂചിപ്പിക്കുന്നത്. ആ വാക്കര്‍ഥങ്ങള്‍ തന്നെ 'എന്താണ് ആ ഭൂപ്രദേശത്തെ സംസ്‌കാരവും വിശ്വാസവും' എന്ന തുടര്‍ ചോദ്യത്തിലേക്ക് എത്തിക്കുന്നുണ്ട്. അത് ആ മതത്തെ/സംസ്‌കാരത്തെ നമുക്ക് മനസ്സിലാക്കിത്തരുന്നു.

'ക്രൈസ്തവത' അത്തരത്തില്‍ ക്രിസ്തുവിന്റെ പാതയെ ആണ് അര്‍ഥമാക്കുന്നത്. സ്വാഭാവികമായും ആ പാത എന്താണ്? എങ്ങനെയാണ്? എന്നിങ്ങനെയുള്ള തുടര്‍ചോദ്യങ്ങളിലൂടെയെ ക്രൈസ്തവതയെ പറ്റിയുള്ള അന്വേഷണം പൂര്‍ത്തിയാവൂ.

Enter caption here

ഇസ്ലാമടക്കം ഏതു മതമാണെങ്കിലും അത് തുടര്‍ചോദ്യങ്ങളെ പ്രോത്സാഹിപ്പിച്ച് തങ്ങളിലെ ജീവിത ദര്‍ശനത്തിലേക്ക് ആളുകളെ അന്വേഷണത്തിലൂടെ എത്തിക്കുന്നുണ്ട്. പക്ഷെ നിരീശ്വരവാദം ഒരു തീര്‍പ്പിനെ പറ്റിയാണ് സംസാരിക്കുന്നത്. അവിടെ ഉപചോദ്യങ്ങളില്ല, വിശദീകരണങ്ങളില്ല. ദൈവമില്ല എന്ന് പറഞ്ഞു തുടങ്ങി ദൈവമില്ല എന്ന് പറഞ്ഞ് അവസാനിക്കുന്നു. സ്വാഭാവികമായി, ആശയത്തില്‍ അന്തര്‍ലീനമായ ഒരു ജീവിത ദര്‍ശനവും നിരീശ്വരവാദത്തിന് മുന്നോട്ട് വെക്കാനില്ല.

ധാര്‍മിക, സാമൂഹിക ചോദ്യങ്ങളെ പറ്റി അത് താത്വികമായി മൗനമവലംബിക്കുന്നു. പക്ഷേ ചില മാനദണ്ഡങ്ങളും പൊതുവാദങ്ങളും നിരീശ്വരവാദികള്‍ ധാര്‍മിക, സാമൂഹിക വിഷയങ്ങളില്‍ പറയാറുണ്ട്. ആ പറച്ചിലും വാദങ്ങളും മറ്റു ചില ആശയങ്ങളെ കൂട്ടുപിടിച്ചാണ് നടത്തുന്നത്. ആ ആശയങ്ങള്‍ നിരീശ്വരവാദികള്‍ക്ക് യഥാര്‍ഥത്തില്‍ ചേര്‍ത്തുപിടിക്കാവുന്നതാണോ? ആ ആശയങ്ങള്‍ യുക്തിപരവും പ്രായോഗികവുമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളെ പറ്റി നമുക്ക് പിന്നീട് മനസ്സിലാക്കാം.

നിരീശ്വരവാദം ദൈവമില്ല എന്നതിനപ്പുറം ഒന്നും പറയുന്നില്ലെങ്കിലും തങ്ങളുടെ ഐഡന്റിറ്റിയായി യുക്തിവാദികള്‍ (Rationalists) എന്നും സ്വതന്ത്ര ചിന്തകര്‍ (Free Thinkers) എന്നുമെല്ലാം പേര് വിളിക്കാറുണ്ട്. പര്യായം പോലെ ഉപയോഗിക്കുമെങ്കിലും വ്യാഖ്യാനത്തില്‍ ഒരു നിരീശ്വരവാദിക്ക് ഒരിക്കലും സ്വതന്ത്ര ചിന്തകനോ യുക്തിവാദിയോ ആവാന്‍ കഴിയില്ല എന്നതാണ് വസ്തുത. പക്ഷെ നമ്മളെല്ലാവരും അവരെ ആ പേരുകളില്‍ അഭിസംബോധന ചെയ്യാറുണ്ട്.

സ്വയം 'യുക്തിവാദിസംഘം' എന്നും 'സ്വതന്ത്ര ചിന്താപ്രസ്ഥാനം' എന്നുമെല്ലാം പേരിട്ട് നടക്കുന്നവരെ അങ്ങനെ വിളിക്കാതെ വേറെ വഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. നാക്കെടുത്താല്‍ കളവ് മാത്രം പറയുന്ന ഒരാളുടെ പേര് 'സത്യന്‍' എന്നാണെങ്കിലും അവനെ അങ്ങനെ വിളിക്കലല്ലാതെ നമുക്കു വേറെ വഴിയില്ലല്ലോ.

എങ്ങനെയാണ് ഈ പേരുകള്‍ നിരീശ്വരവാദത്തോട് വൈരുധ്യത്തിലാവുന്നത് എന്ന് തുടര്‍വിശദീകരണങ്ങളിലൂടെ വായനക്കാര്‍ക്ക് ബോധ്യപ്പെടും. ഇവ മാത്രമല്ല, ഭൗതികവാദം (Materialism), പ്രകൃതിവാദം (Natuaralism) എന്നീ പദങ്ങള്‍ കൂടി നിരീശ്വരവാദം എന്നതിനോട് ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്. ഈ പദങ്ങള്‍ നിരീശ്വരവാദത്തോട് ചേര്‍ന്നുനില്‍ക്കുമെങ്കിലും അര്‍ഥ വ്യത്യാസങ്ങളുണ്ട്.

വിശ്വാസത്തിന് തെളിവില്ലാത്തവര്‍

നിരീശ്വരവാദം എന്നാല്‍ ദൈവമില്ല എന്ന് പറയുന്ന ആശയമാണ്. അതിനപ്പുറം അത് സ്വയം ഒന്നിലേക്കും വ്യാപിക്കുന്നില്ല. ഈ ആശയത്തിന്റെ ഏറ്റവും വലിയ പരിമിതി അതിന് ആകെ പറയാനുള്ള, അതിന്റെ അടിസ്ഥാനവാദമായ 'ദൈവമില്ല' എന്ന വാദത്തെ ഒരിക്കലും തെളിയിക്കാന്‍ കഴിയില്ല എന്നതാണ്. 'ദൈവമില്ല' എന്ന തങ്ങളുടെ വാദം തെളിയിക്കുന്നതിനു പകരം അവര്‍ ചെയ്യാറുള്ളത് ദൈവമുണ്ട് എന്ന് തെളിയിക്കാനുള്ള ബാധ്യത വിശ്വാസികള്‍ക്ക് മേല്‍ സ്ഥാപിക്കലാണ്.

ആ ചോദ്യത്തിലൂടെ, അതിനുള്ള ഉത്തരങ്ങളെ എല്ലാം റദ്ദ് ചെയ്ത് കൊണ്ടാണ് അവര്‍ തങ്ങളുടെ ആശയത്തെ സാധൂകരിക്കാറുള്ളത്. വിശ്വാസികള്‍ ദൈവമുണ്ടെന്ന് തെളിയിക്കുകയും ചെയ്യും. പക്ഷേ ഒരാശയത്തെ പിന്തുടരുന്നവര്‍ എന്ന നിലക്ക്, അവരുടെ ആശയത്തിന്റെ അടിസ്ഥാനത്തെ തെളിയിക്കാനുള്ള അവരുടെ ഉത്തരവാദിത്തം തങ്ങളുടെ എതിരാശയത്തിന്മേലുള്ള ആരോപണത്തിലോ അടിച്ചേല്‍പ്പിക്കലിലോ തീര്‍ക്കാമെന്നാണ് നിരീശ്വരവാദികള്‍ കരുതുന്നത്.

അതൊരു ന്യായ വൈകല്യം (logical Fallacy) അല്ലെങ്കില്‍ അടവ് തന്ത്രം മാത്രമാണ്. തെളിവുകള്‍ നയിക്കട്ടെ എന്ന് രായ്ക്കു രാമാനം പറയുന്ന, അനുഭവവേദ്യമായ തെളിവുകളില്ലാതെ ഒന്നും വിശ്വസിക്കാത്ത ഇക്കൂട്ടര്‍ തങ്ങളുടെ അടിസ്ഥാനവാദത്തെ തെളിയിക്കാന്‍ തയ്യാറാവുന്നില്ല എന്നത് വിരോധാഭാസമാണ്.

'ദൈവമുണ്ടോ എന്ന് അറിയില്ല' എന്നതിനപ്പുറം ദൈവമില്ല എന്ന് ഒരാള്‍ തീര്‍ത്തു പറയുന്നു എങ്കില്‍ അയാള്‍ ഒരു വിശ്വാസിയായി. ഇനി ആ വിശ്വാസത്തിന്/തീര്‍പ്പിന് യുക്തിപരമായി തെളിവ് കൊണ്ടുവരല്‍ അയാളുടെ ബാധ്യതയാണ്.

'ദൈവമില്ല' എന്ന് തെളിയിക്കല്‍ യഥാര്‍ഥത്തില്‍ അസാധ്യമാണ്. കാരണം എന്തെങ്കിലും ഒരു കാര്യം ഇല്ല എന്ന് തെളിയിക്കണമെങ്കില്‍ ആ വിഷയത്തെ പറ്റിയുള്ള 100% അറിവും ഒരാള്‍ക്ക് ലഭിച്ചിരിക്കണം. ഉദാഹരണത്തിന് ഒരു ഒഴിഞ്ഞ കസേരയിലേക്ക് നോക്കി അതില്‍ ഭൗതിക ശരീരത്തോടെ ഒരു മനുഷ്യന്‍ ഇരിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല എന്ന് നമുക്ക് തീര്‍ത്ത് പറയാന്‍ എളുപ്പമാണ്.

എന്നാല്‍ ഇതേ ചോദ്യം ഒരു റൂമില്‍ ഒരു മനുഷ്യന്‍ ഭൗതിക ശരീരത്തോടെ ഉണ്ടോ എന്നതാണെങ്കില്‍ ഉത്തരം പറയാന്‍ കുറച്ചു കൂടി അധ്വാനിക്കേണ്ടി വരും. ഇതേ ചോദ്യം ഒരു വലിയ കെട്ടിടത്തെ പറ്റിയാണെങ്കില്‍ ഉത്തരം പറച്ചില്‍ കുറച്ചുകൂടി ശ്രമകരമായിരിക്കും. ഇനി അത് ഏതെങ്കിലും രാജ്യത്തെ പറ്റിയോ ഭൂമിയെ മുഴുവനായും ഉദ്ദേശിച്ചു കൊണ്ടോ ആണെങ്കിലോ...?

ഇല്ല എന്ന് തെളിയിക്കാനുള്ള സാധ്യത വളരെ വളരെ കുറഞ്ഞ് പൂജ്യം ശതമാനത്തിലേക്ക് വരെ എത്താം. അതായത്, ഒരാള്‍ ഉണ്ട് എന്ന് പറയാന്‍ അയാളുടെ സാന്നിധ്യത്തെ പറ്റിയുള്ള തെളിവ് മാത്രം ശേഖരിച്ചാല്‍ മതി. പക്ഷേ, ഇല്ല എന്നു തെളിയിക്കാന്‍ ആ അന്വേഷണ മണ്ഡലത്തെ പറ്റി 100% അറിയലും അവിടെയൊന്നും തന്നെ 'ഇല്ല' എന്ന് തെളിയിക്കലും അനിവാര്യമാണ്.

ദൈവത്തിന്റെ വിഷയത്തില്‍ അങ്ങനെ അറിയലും തെളിയിക്കലും ആര്‍ക്കും സാധ്യമല്ലല്ലോ. അങ്ങനെ പറ്റാത്തിടത്തോളം, സാധ്യതകളെ പറ്റി മാത്രമേ നിരീശ്വര വാദികള്‍ക്ക് സംസാരിക്കാന്‍ കഴിയൂ. പക്ഷേ, ഉണ്ട് എന്നതാണ് ഈശ്വരവാദികള്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത് എന്നത് കൊണ്ട് അവര്‍ക്ക് ദൈവമുണ്ട് എന്ന് സമര്‍ഥിക്കാനുള്ള തെളിവുകള്‍ മാത്രം ശേഖരിച്ചാല്‍ മതി, അത് ശേഖരിക്കാനും അതിലൂടെ തങ്ങളുടെ വാദം തെളിയിക്കാനും അവര്‍ക്ക് കഴിയുകയും ചെയ്യും.

ദൈവമില്ല എന്ന് തെളിയിക്കാന്‍ പറയുമ്പോള്‍ നിരീശ്വരവാദികള്‍ അസഹിഷ്ണുക്കളാവുകയാണ് ചെയ്യാറുള്ളത്. 'നിങ്ങളല്ലേ വിശ്വാസികള്‍, നിങ്ങളല്ലേ തെളിയിക്കേണ്ടത്...?' എന്ന ചോദ്യവും ആ അസഹിഷ്ണുതയില്‍ നിന്നു നിര്‍ഗളിക്കാറുണ്ട്. വിഷയം ലളിതമാണ്, ദൈവമുണ്ട് എന്ന് വാദിക്കുന്നവര്‍ ദൈവത്തെ തെളിയിക്കേണ്ടത് പോലെത്തന്നെ ദൈവമില്ല എന്ന് വാദിക്കുന്നവര്‍ ദൈവത്തിന്റെ ഇല്ലായ്മയും തെളിയിക്കണം. രണ്ടും വിശ്വാസങ്ങളാണ്, വാദങ്ങളാണ്.

ഒന്ന് വിശ്വാസവും മറ്റൊന്ന് വിശ്വാസമില്ലായ്മയുമല്ല. 'ദൈവമുണ്ടോ എന്ന് അറിയില്ല' എന്നതിനപ്പുറം ദൈവമില്ല എന്ന് ഒരാള്‍ തീര്‍ത്തു പറയുന്നു എങ്കില്‍ അയാള്‍ ഒരു വിശ്വാസിയായി. ഇനി ആ വിശ്വാസത്തിന്/തീര്‍പ്പിന് യുക്തിപരമായി തെളിവ് കൊണ്ടുവരല്‍ അയാളുടെ ബാധ്യതയാണ്.

ഒരു വസ്തുവിനെ പറ്റിയുള്ള തെളിവുകളൊന്നും നമുക്ക് ലഭിച്ചില്ലെങ്കില്‍ പോലും ഇല്ല എന്ന് തീര്‍ത്തു പറയല്‍ സാധ്യമല്ല. 'ഇല്ലാതിരിക്കാനാണ് സാധ്യത' , 'ഉണ്ടോ എന്ന് അറിയില്ല' എന്നിങ്ങനെയുള്ള വാദങ്ങളിലേ യുക്തിപരമായി എത്താന്‍ കഴിയൂ. ഇങ്ങനെ ദൈവം ഉണ്ടോ എന്ന് അറിയില്ല എന്ന് പറയുന്നവരെ സന്ദേഹവാദികള്‍/ അജ്ഞേയ വാദികള്‍ (Agnostics) എന്ന് പറയുന്നു.

ഈ വാദക്കാര്‍ പക്ഷെ ഭീരുക്കളായ നിരീശ്വരവാദികളാണ് എന്നാണ് പല പ്രമുഖ നാസ്തികരുടെയും ആക്ഷേപം. അവര്‍ കുറച്ചെങ്കിലും മാന്യരാണ്. തങ്ങള്‍ക്ക് തെളിവുന്നയിക്കാന്‍ കഴിയാത്ത വിശ്വാസം അവര്‍ കൊണ്ടുനടക്കുന്നില്ല, അതിനു വേണ്ടി അവര്‍ വാദിക്കുന്നില്ല.

തങ്ങളുടെ അടിസ്ഥാന വാദത്തിനു പോലും ഒരു തെളിവ് ഉന്നയിക്കാന്‍ പറ്റാത്ത ദുര്‍ബല വാദമാണ് നിരീശ്വരവാദം എന്നര്‍ഥം. ഇങ്ങനെ ഒരിക്കലും തെളിയിക്കാന്‍ കഴിയാത്ത 'ഇല്ലാ വാദത്തിന്മേല്‍' പടുത്തുയര്‍ത്തിയ ആശയത്തിന്റെ മറ്റു ശിഖരങ്ങളും സ്വാഭാവികമായും അമ്പേ പരാജയവും ദുര്‍ബലവുമായിരിക്കുമല്ലോ.