അസം ദേശീയത; 'പുറത്തുള്ളവര്‍' എന്നാല്‍ മുസ്‌ലിംകള്‍ മാത്രമായി


നേരത്തെ വിയോജിപ്പുള്ള അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കാനെങ്കിലും ഇടമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അസമിലെ മുസ്‌ലിംകള്‍ പൂര്‍ണമായ ഒറ്റപ്പെടലും സാമൂഹിക കുറ്റവാളിവത്കരണവുമാണ് നേരിടുന്നത്.

താനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുവാഹത്തിയില്‍ വെച്ച് തനിക്കുണ്ടായ ഒരനുഭവം ഓര്‍ത്തെടുക്കുകയായിരുന്നു 73കാരനായ പ്രൊഫ. മുനീറുല്‍ ഹുസൈന്‍. അദ്ദേഹം യാത്രയ്ക്കിടെ ഒരു അപരിചിതനുമായി കാര്യമായ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും അയാള്‍ പ്രൊഫസറുടെ പേര് ചോദിക്കുകയും ചെയ്തു.

പേര് പറഞ്ഞ ക്ഷണം 'നിങ്ങള്‍ ഒരു ആക്‌സോമിയ ആണെന്നാണ് ഞാന്‍ കരുതിയത്' എന്നായിരുന്നു അയാള്‍ മറുപടി പറഞ്ഞത്. 'അസമീസ്' എന്നതിനെ എപ്രകാരമാണ് നിര്‍വചിക്കുന്നത് എന്നും അതില്‍ ഹിന്ദു പേരുകള്‍ മാത്രം ഉള്‍പ്പെടുന്നുവെന്നതിന്റെ കാരണം എന്താണെന്നും ചോദിച്ചുവെങ്കിലും ആ സംഭാഷണം പെട്ടെന്ന് അവസാനിച്ചു.

ഗുവാഹത്തിയില്‍ നിന്നുള്ള ഒരു പണ്ഡിതനാണ് പ്രൊഫ. ഹുസൈന്‍. നഗരത്തിലെ കോട്ടണ്‍ കോളജിലെ പഠനാനന്തരം ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനമായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പില്‍ ലക്ചററായിരുന്ന കാലത്ത്, അദ്ദേഹം ആദ്യ പുസ്തകമായ 'ക്ലാസ്, ഐഡിയോളജി ആന്റ് ഐഡന്റിറ്റി' (1993) പ്രസിദ്ധീകരിച്ചു.

അതില്‍ അസമീസ് ദേശീയതയെക്കുറിച്ചുള്ള ഒരു കടുത്ത കുറ്റാരോപണം ഉണ്ടായിരുന്നു. ആരാണ് അസമികളാവുക എന്നതിനെക്കുറിച്ചുള്ള അസം മൂവ്‌മെന്റിന്റെ ഇടുങ്ങിയ വീക്ഷണത്തെയും മുസ്‌ലിംകളെ കുടിയേറ്റക്കാരുമായി തുലനം ചെയ്തുകൊണ്ട് മിത്തുകള്‍ സൃഷ്ടിച്ചതിനെയും അതുവഴി അവരെ ഭരണകൂടത്തിന്റെ ശത്രുക്കളായി ചിത്രീകരിച്ചതിനെയും, അതിലും പ്രധാനമായി, പ്രസ്ഥാനം തന്നെ എങ്ങനെയാണ് പ്രധാനമായും സങ്കല്പിക്കപ്പെടുകയും നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് എന്നതിനെയും അദ്ദേഹം നിരീക്ഷിച്ചു.

പ്രൊഫ. ഹുസൈന്റെ നിരീക്ഷണങ്ങള്‍ കടുത്ത വിമര്‍ശനത്തിന് വിധേയമാവുകയും അദ്ദേഹത്തെ അസമീസ് ദേശീയതയുടെ ശത്രുവായി ചിത്രീകരിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം എഴുത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.

മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷവും ജനസംഖ്യയുടെ 30 ശതമാനത്തിലധികവും മുസ്‌ലിംകളാണെങ്കിലും അസമില്‍ ഒരു മുസ്‌ലിം ജില്ലാ കമ്മീഷണറോ പൊലീസ് സൂപ്രണ്ടോ ഉണ്ടായില്ലെന്ന് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ സോഷ്യോളജി അസി. പ്രൊഫസറായ നസീമുദ്ദീന്‍ സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പ്രൊഫ. ഹുസൈന്‍ എഴുതിയ കാലത്ത് കുറഞ്ഞത് വിയോജിപ്പുള്ള അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കാനെങ്കിലും ഇടമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അസമിലെ മുസ്‌ലിംകള്‍ പൂര്‍ണമായ ഒറ്റപ്പെടലും സാമൂഹിക കുറ്റവാളിവത്കരണവുമാണ് നേരിടുന്നത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

''ഇന്ത്യന്‍ ഭരണകൂടം അതിര്‍ത്തികളിലെ മുസ്‌ലിംകളെ ഏകപക്ഷീയമായി ഉപേക്ഷിച്ച മട്ടാണ്. ഇവിടത്തെ മിക്കവാറും എല്ലാ സംഘടനകളും അവരെ ഉന്നംവെക്കുന്നു. ഇതിനെക്കുറിച്ച് ഒരു എഡിറ്റോറിയല്‍ കോളം പോലും എഴുതാന്‍ ആഗ്രഹിക്കുന്ന ഒരു പത്രവുമില്ല. എങ്ങനെ ഇങ്ങനെയൊരു മാറ്റമുണ്ടായി'' എന്ന് അദ്ദേഹം ചോദിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിനു ശേഷം സ്വതന്ത്ര ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം ജാതിമേല്‍ക്കോയ്മ ഉള്ളവരിലേക്ക് ഒതുങ്ങി.

സാംസ്‌കാരിക ദേശീയതാ ആഖ്യാനങ്ങള്‍

ജാതിശൃംഖലകളെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത് എങ്കിലും അരികുവത്കരിക്കപ്പെട്ട ഗോത്രങ്ങളെയും മറ്റുള്ളവരെയും ഉള്‍പ്പെടുത്തുന്നുണ്ട് എന്നു വരുത്തിത്തീര്‍ക്കുകയും ചെയ്ത സാംസ്‌കാരിക ദേശീയതയുടെ ആഖ്യാനങ്ങളാണ് അസമില്‍. അസമീസ് ദേശീയതയിലും ഇത് കൃത്യമായി പ്രവര്‍ത്തിക്കുന്നത് നമുക്ക് കാണാം.

മുന്‍കാല ഫ്യൂഡല്‍ രാജ്യങ്ങളിലെ പ്രജകള്‍, ഗോത്രവിഭാഗങ്ങള്‍, ചരിത്രപരമായി പ്രാന്തവത്കരിക്കപ്പെട്ടവര്‍ എന്നിങ്ങനെ വിശാലമായ ഒരുകൂട്ടം ആളുകളെ 'തദ്ദേശീയ' ഗ്രൂപ്പുകളായി ഒന്നിച്ചുചേര്‍ത്ത് പ്രബല ജാതികള്‍ അധികാരം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും അതിന്റെ സൃഷ്ടി മുതല്‍, 'തദ്ദേശീയ' ഐഡന്റിറ്റി 'പുറത്തുള്ളയാള്‍', 'കുടിയേറ്റക്കാരന്‍', 'വിദേശി' എന്നിവരുടെ ചെലവില്‍ മാത്രമേ ഉച്ചസ്ഥായിയിലെത്തുകയുള്ളൂ.

ഒരുകാലത്ത് 'പുറത്തുള്ളയാള്‍' ഹിന്ദുവോ മുസ്‌ലിമോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ മുസ്‌ലിംകള്‍ മാത്രമാണ്. ഒരു പ്രത്യേക തരം മുസ്‌ലിമിനെ 'സ്വീകാര്യനാ'യി അവതരിപ്പിക്കുമ്പോള്‍ അവരെ 'തദ്ദേശീയന്‍' എന്നു വിശേഷിപ്പിക്കുകയും ബാക്കിയുള്ളവരെ ശത്രുക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു.

അമലേന്ദു ഗുഹ, മിഡീവല്‍ ആന്റ് ഏര്‍ലി കൊളോണിയലില്‍, അസമില്‍ കുടിയേറ്റക്കാരായ തായ് അഹോം രാജാക്കന്മാരുടെ കാലം മുതല്‍ ബ്രിട്ടീഷുകാര്‍ ഭരണം ഏറ്റെടുക്കുന്നതുവരെ ഈ പ്രദേശത്ത് ഉയര്‍ന്നുവന്ന സാമൂഹിക ഘടനയെക്കുറിച്ച് വിവരിക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് ഒരു പ്രബലമായ ഭരണവര്‍ഗത്തിന്റെ ആവിര്‍ഭാവത്തെ ഉറപ്പിക്കുന്നതില്‍ കുടിയേറ്റം, സങ്കീര്‍ണമായ യുദ്ധങ്ങള്‍, ബ്രാഹ്മണര്‍ നയിച്ച മതപരിവര്‍ത്തനങ്ങള്‍, അധികാര പോരാട്ടങ്ങള്‍ എന്നിവ എങ്ങനെ പങ്കുവഹിച്ചുവെന്ന് ഇത് വിശദമായി പ്രതിപാദിക്കുന്നു. പ്രധാനമായി ഭാഷ, ഭൂമി, ജോലി എന്നീ പ്രശ്‌നം ഉയര്‍ത്തി 1850കളില്‍ ഉദ്ഭവിച്ച അസം ദേശീയതയെയും അടുത്ത നൂറ്റാണ്ടില്‍ അതിന് എന്ത് സംഭവിച്ചുവെന്നതും ഗുഹ നിര്‍വചിക്കുന്നു.

അസം സാഹിത്യസഭയിലെ ചില നേതാക്കള്‍ ഭൂതകാല മഹത്വം വിളിച്ചോതുന്ന ഒരു രാഷ്ട്രീയ വര്‍ഗത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതും, ബംഗാളി ആധിപത്യത്തിനു ചുറ്റും അരക്ഷിതാവസ്ഥ സൃഷ്ടിച്ചതും എങ്ങനെയെന്ന് വിശകലനം ചെയ്തുകൊണ്ട് ഗുഹ നിരീക്ഷിക്കുന്നു: ''സില്‍ഹെറ്റിനെ പിന്തിരിപ്പിച്ചതിനു ശേഷം അസമീസ് മധ്യവര്‍ഗം മുമ്പെന്നത്തേക്കാളും ശക്തരും അഭിലാഷമുള്ളവരുമായി ഉയര്‍ന്നുവന്നപ്പോള്‍, അവരുടെ ചെറിയ ദേശീയത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന വംശീയതയെ ഇല്ലാതാക്കാന്‍ തുടങ്ങി.''

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈ വികാരം പുതിയ അസമീസ് ദേശീയവാദികളാണ് പ്രധാനമായും അവതരിപ്പിച്ചത്. അവര്‍ ജനപ്രിയ മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടാണ് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചത്. അസമീസ് ദേശീയതയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ മുന്‍നിരയില്‍ നിന്നിരുന്ന ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എഎഎസ്‌യു) ജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും സമാനതകളില്ലാത്ത പിന്തുണ നേടി.

ഇപ്പോഴും ദേശീയതയ്‌ക്കെതിരായ ഏതൊരു വിമര്‍ശനാത്മക ശബ്ദവും ഉടനടി വെര്‍ച്വല്‍ ജനക്കൂട്ടത്തെയും ട്രോളുകളെയും ആകര്‍ഷിക്കുന്നു. എഎഎസ്‌യുവിന്റെ രൂപീകരണത്തെ ചുറ്റിപ്പറ്റിയുള്ള സവിശേഷതകള്‍ അസമീസ് ദേശീയതയുടെ ശക്തികേന്ദ്രങ്ങളെ മനസ്സിലാക്കാനുള്ള ഒരു നല്ല മാര്‍ഗമാണ്.

നാള്‍വഴികള്‍

ഭൂമി അവകാശത്തെച്ചൊല്ലിയുള്ള ആദിവാസി ജനതയുടെ ഉത്കണ്ഠ വിദേശികളാല്‍ ഉണ്ടായതല്ല, സംസ്ഥാനതലത്തില്‍ നിന്ന് ഉടലെടുത്തതാണ്. അവരുടെ അഭിപ്രായത്തില്‍, ആദിവാസി ജനതയുടെ ഏറ്റവും അക്രമാസക്തമായ ചില കുടിയിറക്കങ്ങള്‍ക്ക് അധികാരത്തിലിരിക്കുന്നവര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള രാജഭരണകാലത്തും സ്വാതന്ത്ര്യാനന്തര അസമിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഈ വിള്ളലുകളും ഉത്കണ്ഠകളും ശ്രദ്ധയില്‍ പെട്ടിട്ടെന്നവണ്ണമാണ് ആര്‍എസ്എസ് രംഗപ്രവേശം ചെയ്യുന്നത്. 1990കളുടെ മധ്യത്തില്‍ ധേമാജി ജില്ലയിലെ നദീതീര പട്ടണമായ സിലാപത്തറില്‍, നല്ല സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്കു മുന്നില്‍ അവസരങ്ങള്‍ വളരെ ചുരുക്കമായിരുന്നു. ആ സ്ഥിതിവിശേഷത്തിലേക്കാണ് 1996ല്‍ ശങ്കര്‍ദേവ് ശിശു വിദ്യാനികേതന്‍ എന്ന പുതിയ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്.

അന്ന് അതില്‍ പ്രവേശനം തേടിയ നിരവധി വിദ്യാര്‍ഥികളില്‍ മനോരഞ്ജന്‍ പെഗുവിന്റെ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. മിസിങ് സമുദായത്തില്‍ നിന്നുള്ള പണ്ഡിതനായ പെഗു, ആര്‍എസ്എസ് എങ്ങനെയാണ് അസമിലെ ഗോത്ര സ്വത്വങ്ങളെ ഹിന്ദു മതത്തിലേക്ക് സ്ഥിരമായി ചേര്‍ത്തുവെച്ചതെന്ന് വിശദമായി എഴുതിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ സരസ്വതി ശിശു മന്ദിറുകളോ മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ സ്‌കൂളുകളോ പോലുള്ള ശങ്കര്‍ദേവ് സ്‌കൂളുകള്‍, യഥാര്‍ഥത്തില്‍ ആര്‍എസ്എസ് വിദ്യാഭ്യാസ ശൃംഖലയുടെ കീഴിലുള്ള വിദ്യാഭാരതി സ്‌കൂള്‍ തന്നെയാണ്. 12,000ലധികം സ്‌കൂളുകളുള്ള രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയാണത്.

മധ്യകാലത്ത് ജീവിച്ചിരുന്ന, സംസ്ഥാനത്തെ വൈഷ്ണവ പ്രസ്ഥാനത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന ശങ്കര്‍ദേവിന്റെ പേര് സ്‌കൂളിന് നല്‍കിയത് മറ്റൊരു നീക്കം.

''അസമിലെ മിക്ക ആദിവാസി മേഖലകളിലും സ്‌കൂളുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍, ആര്‍എസ്എസ് പിന്തുണയുള്ള സ്‌കൂളുകളായിരുന്നിട്ടു പോലും പല കുടുംബങ്ങളും തങ്ങളുടെ കുട്ടികളെ ചേര്‍ത്തു. ആര്‍എസ്എസ് ഇത് വളരെ നേരത്തെത്തന്നെ മനസ്സിലാക്കിയിരുന്നു''- പെഗു പറഞ്ഞു.

ഒരുകാലത്ത് അസ്സമില്‍ 'പുറത്തുള്ളയാള്‍' ഹിന്ദുവോ മുസ്‌ലിമോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ മുസ്‌ലിംകള്‍ മാത്രമാണ്. പ്രത്യേക തരം മുസ്‌ലിമിനെ 'സ്വീകാര്യനാ'യി അവതരിപ്പിക്കുമ്പോള്‍ അവരെ 'തദ്ദേശീയന്‍' എന്നു വിശേഷിപ്പിക്കുകയും ബാക്കിയുള്ളവരെ ശത്രുക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു.

അസമില്‍ പ്രവേശിച്ചതു മുതല്‍ വിവിധ സമുദായങ്ങളെ ഹിന്ദു മതത്തിലേക്ക് ലയിപ്പിക്കുന്നതിന് ആര്‍എസ്എസ് എങ്ങനെ വഴക്കമുള്ളതായി എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. സേവാഭാരതി വിഭാഗത്തിലൂടെ ദുരന്തങ്ങളില്‍ 'സേവ' അഥവാ സേവനം വാഗ്ദാനം ചെയ്യുന്നത് മുതല്‍ വനവാസി കല്യാണ്‍ ആശ്രമങ്ങള്‍ വഴി ആദിവാസി വിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നത്, വിദ്യാഭാരതിയിലൂടെ സ്‌കൂളുകള്‍ നിര്‍മിക്കുന്നത്, ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കെതിരായ പ്രസ്ഥാനത്തെ ഒടുവില്‍ പിന്തുണയ്ക്കുന്നതുവരെ ആര്‍എസ്എസിന്റെ സാര്‍വത്രിക പരീക്ഷണങ്ങള്‍ കാലക്രമേണ പ്രാദേശികമായി മാറി.

ഒരു പൊതു രാഷ്ട്രീയ സ്വത്വം വളര്‍ത്തിയെടുക്കാന്‍ മതപരവും സാംസ്‌കാരികവുമായ സ്വത്വത്തിന്റെ മിശ്രിതം ആദ്യമായി ഉപയോഗിച്ചത് ആര്‍എസ്എസ് അല്ല എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. വൈഷ്ണവ മതത്തെ സംസ്ഥാന മതമായി ഉയര്‍ത്തിക്കൊണ്ടുവരുകയും സത്രങ്ങള്‍ എന്നറിയപ്പെടുന്ന വൈഷ്ണവ ആശ്രമങ്ങള്‍ ഗോത്ര ഗ്രൂപ്പുകളുമായി ബന്ധം വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കുകയും എല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ അഹോം സാമ്രാജ്യം പയറ്റിയിട്ടുള്ളതാണ്.

അടിമത്തവ്യവസ്ഥയില്‍ മാത്രം നിലനിന്നിരുന്ന ഇടപാടു സ്വഭാവമുള്ളതായിരുന്നു ഈ ബന്ധങ്ങള്‍. ചില ആദിവാസി വിഭാഗങ്ങള്‍ സ്വയം മതപ്രഭാഷകരാകാന്‍ ശ്രമിച്ചപ്പോള്‍ രാജാക്കന്മാര്‍ അവരെ അടിച്ചമര്‍ത്തിയിരുന്നു. ബ്രാഹ്മണര്‍ വൈഷ്ണവ മതപരിവര്‍ത്തനത്തിന്റെ കേന്ദ്ര വ്യക്തികളായി തുടരുന്നു എന്ന് ഉറപ്പുവരുത്താനായിരുന്നു അത്.

ദക്ഷിണേന്ത്യയില്‍ ഹിന്ദു ദേശീയതയുടെ വ്യാപനത്തെക്കുറിച്ചു പഠിക്കാനായി 2018ല്‍ ആര്‍എസ്എസ് നടത്തിയ പഠനത്തില്‍ ലേഖകന്‍ ഗവേഷണം നടത്തുമ്പോള്‍ ദാദാറാവു പരമാര്‍ഥിന്റെ പേര് ആവര്‍ത്തിച്ചു വരുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു.

ആര്‍എസ്എസ് സ്ഥാപകനായ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ വിശ്വസ്ത സഹായിയായ പരമാര്‍ഥിനെ ആദ്യം സൗത്തിലായിരുന്നു നിയോഗിച്ചത്. മദ്രാസ് പ്രസിഡന്‍സിയിലെ വ്യാപാരികള്‍, പണമിടപാടുകാര്‍, ഓരോ പ്രദേശങ്ങളിലും ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് അദ്ദേഹം പിന്തുണ നല്‍കി.

ആര്‍എസ്എസിനെ മംഗലാപുരത്തേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഇടപെടലാണ്. അവിടെ നിന്ന് അത് ദക്ഷിണേന്ത്യയിലെ സംഘടനയുടെ ശക്തമായ കേന്ദ്രമായി മാറി. ഈ അനുഭവസമ്പത്തോടെയാണ് 1946ല്‍ പരമാര്‍ഥ് അസമിലേക്ക് എത്തിയത്. തുടര്‍ന്ന് അദ്ദേഹവും സഹപ്രവര്‍ത്തകരും ഗുവാഹത്തി, ദിബ്രുഗഡ്, ഷില്ലോങ് എന്നിവിടങ്ങളില്‍ ശാഖകള്‍ സ്ഥാപിക്കുകയും ചെയ്തു.

പ്രോ-ബ്രാഹ്മിണ്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചു. മുസ്‌ലിംകള്‍ ആക്രമണകാരികളാണെന്ന അഭിപ്രായം കേന്ദ്രീകരിക്കുന്ന സംഘടനയായി ആര്‍എസ്എസിനെ കണ്ടിരുന്നതിനാല്‍ പലരും ദേശീയതലത്തില്‍ സജീവമായി അതിനെക്കുറിച്ച് അന്വേഷിച്ചു. അത്തരം നെറ്റ്‌വര്‍ക്കുകളിലൂടെയും ആര്‍എസ്എസ് അസമിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ഇടങ്ങളിലേക്ക് ലയിക്കുകയായിരുന്നു.

ഇടപെടുന്ന കമ്യൂണിറ്റിയുമായി കൂടുതല്‍ അടുക്കാനുള്ള സൗകര്യത്തിന് ആര്‍എസ്എസ് പ്രാദേശിക ഭാഷകള്‍ ഉപയോഗിച്ച് പ്രധാനപ്പെട്ട ഇടങ്ങളിലേക്ക് വിന്യസിച്ചു. 1981ല്‍ കാംരൂപില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ നാലാമത് ഹിന്ദു സമ്മേളനത്തിന് സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ശരത്ചന്ദ്ര ഗോസ്വാമിയുടെ പൊതുജന പിന്തുണ പോലും ഉണ്ടായിരുന്നു. അദ്ദേഹം പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് ആര്‍എസ്എസിന്റെ കടന്നുകയറ്റത്തിന്റെയും അധികാരികളില്‍ നിന്ന് അവര്‍ ആസ്വദിച്ച പിന്തുണയുടെയും ഒരു മികച്ച ഉദാഹരണമായിരുന്നു അത്. ഒരു ദശകത്തിനുള്ളില്‍, ശങ്കര്‍ദേവ് സ്‌കൂളുകള്‍ സംസ്ഥാനത്തെമ്പാടും കൂണുപോലെ വളര്‍ന്നു. ഈ സ്‌കൂളുകളില്‍ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നവയായിരുന്നു.

(അവസാനിക്കുന്നില്ല)

കടപ്പാട്: ഫ്രണ്ട്‌ലൈന്‍

വിവ. അഫീഫ ഷെറിന്‍