വ്രതവും ദാനവും കീര്‍ത്തനവും പ്രാര്‍ഥനയും ഉദ്‌ബോധനവും ഈദുല്‍ ഫിത്‌റിനു നല്‍കുന്ന ആത്മീയ പരിവേഷം ആഘോഷം അതിരുവിടാതെ സൂക്ഷിക്കുന്നതിന് ശക്തമായ പ്രചോദനം നല്‍കുന്നുണ്ട്.
ഇസ്ലാമിക ചിഹ്നങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് രണ്ടു പെരുന്നാളുകള്‍. മനുഷ്യ മനസ്സ് ഉല്ലസിക്കാനും ആഹ്ലാദിക്കാനും ആഘോഷിക്കാനും താല്‍പര്യപ്പെടുന്ന പ്രകൃതമുള്ളതാണ്. ഈ സഹജമായ മനുഷ്യ താല്‍പര്യത്തെ ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാം. പെരുന്നാള്‍ ആഘോഷങ്ങളിലൂടെ ഇസ്‌ലാം ആ സഹജബോധത്തെ അംഗീകരിക്കുകയും ആഘോഷിക്കാന്‍ അനുമതി നല്‍കുകയും ചെയ്തത് മതത്തിന്റെ സവിശേഷതയാണ്.