ആത്മാവിലേക്കും മസ്തിഷ്‌കത്തിലേക്കും ലഹരി വിഷം എത്ര നിശബ്ദമായാണ് പടര്‍ന്നു കയറുന്നതെന്ന് കാണാതിരിക്കരുത്!
ഒരു ഫാമിലി കൗണ്‍സിലറുടെ റൂം, പലപ്പോഴും തകര്‍ന്ന ഹൃദയങ്ങളുടെ കണ്ണീര്‍ വീഴുന്നിടമാണ്. പുറമെ ചിരിക്കുമ്പോഴും ഉള്ളില്‍ നീറിപ്പുകയുന്ന ഒരുപാട് ജീവിതങ്ങളെ ഓരോ ദിവസവും കാണാറുണ്ട്.
നമ്മുടെ മക്കളെ കാര്‍ന്നുതിന്നുന്ന ഏറ്റവും ഭീകരമായ യാഥാര്‍ഥ്യമാണ് ലഹരി. അവരുടെ ആത്മാവിലേക്കും മസ്തിഷ്‌കത്തിലേക്കും ലഹരിയെന്ന വിഷം എത്ര നിശബ്ദമായാണ് പടര്‍ന്നു കയറുന്നത്! എന്റെ ക്ലിനിക്കല്‍ അനുഭവത്തില്‍ നിന്നുള്ള രണ്ട് നേര്‍ക്കാഴ്ചകള്‍ പങ്കുവെക്കാം.
ബാന്‍ഡ് എയ്ഡിനുള്ളിലെ ചതിക്കുഴി
മകന്റെ ശരീരത്തില്‍ പലപ്പോഴായി കാണുന്ന ബാന്‍ഡ് എയ്ഡുകളാണ് ആ ഉമ്മയെ എന്റെ മുന്നിലെത്തിച്ചത്. കളിക്കുമ്പോള്‍ പറ്റിയ മുറിവുകളെന്ന നിസ്സാര ന്യായമാണ് അവന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയിലും തുറന്ന സംസാരത്തിലും ആ സത്യം പുറത്തുവന്നു. അത് നിസ്സാര മുറിവായിരുന്നില്ല; ലഹരിയുടെ പൊടികള്‍ വേഗത്തില്‍ രക്തത്തില്‍ കലരാന്‍ വേണ്ടി അവന്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ മുറിവായിരുന്നു.
മെഡിക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍, ഇത് ലഹരിയുടെ 'ആസക്തി' (Dependence) എത്രത്തോളം ഗുരുതരമായി എന്നതിന്റെ സൂചനയാണ്. തൊലിപ്പുറത്ത് മുറിവുണ്ടാക്കി അതില്‍ ലഹരി വെക്കുന്നത്, വേഗത്തില്‍ സിരകളിലേക്ക് ആഗിരണം ചെയ്യപ്പെടാനും അതിലൂടെ പെട്ടെന്നുള്ള ഒരു 'കിക്ക്' (Sudden High) ലഭിക്കാനുമാണ്. ഇത് കടുത്ത വിഷാദത്തിന്റെയും (Clinical Depression) ആത്മഹത്യാപരമായ ചിന്തകളുടെയും (Suicidal Ideation) കൂടി ലക്ഷണമാണ്. ആത്മാവിലേറ്റ മുറിവ് ആരും കാണാതിരിക്കാന്‍, അവന്‍ ദേഹത്ത് വരച്ച മുറിവായിരുന്നു അത്.
മധുരം പുരട്ടിയ മരണം
എട്ടാം ക്ലാസ്സുകാരിയായ മകള്‍ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചപ്പോഴാണ് ആ കുടുംബം തകര്‍ന്നടിയുന്നത്. തുടക്കം സ്‌കൂളിലെ ഒരു സീനിയര്‍ വിദ്യാര്‍ഥിനി സ്‌നേഹത്തോടെ നല്‍കിയ ഒരു ചോക്ലേറ്റില്‍ നിന്നായിരുന്നു. 'ബ്രൗണി' രൂപത്തിലും മിഠായി രൂപത്തിലുമെല്ലാം വരുന്ന 'എഡിബിള്‍ ഡ്രഗ്‌സ്' (Edible Drugs) ആണ് ഇന്ന് കുട്ടികള്‍ക്കിടയിലെ പുതിയ വില്ലന്‍.
ഇതിന്റെ അപകടം എന്തെന്നാല്‍, കഞ്ചാവിന്റെയോ മറ്റ് രാസവസ്തുക്കളുടെയോ മണമോ രുചിവ്യത്യാസമോ അറിയാന്‍ കഴിയില്ല. ഇബ്‌ലീസ് എപ്പോഴും വാഗ്ദാനം ചെയ്യുന്നത് മധുരം പുരട്ടിയ ചതിക്കുഴികളാണല്ലോ. ഈ ലഹരി ഉള്ളിലെത്തിയാല്‍, അത് നമ്മുടെ ദഹനവ്യവസ്ഥയിലൂടെ സാവധാനം രക്തത്തില്‍ കലരുകയും, അതിന്റെ ഫലം മണിക്കൂറുകളോളം നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. അതു തിരിച്ചറിയാന്‍ വൈകുന്നതുകൊണ്ടുതന്നെ, ആഘാതം വളരെ വലുതായിരിക്കും.
ലഹരി മസ്തിഷ്‌കത്തോട് ചെയ്യുന്നത്?
ലഹരി തകര്‍ക്കുന്നത് നമ്മുടെ മക്കളുടെ ഭാവിയെ മാത്രമല്ല, അവരുടെ മസ്തിഷ്‌കത്തിന്റെ സ്വാഭാവിക ഘടനയെ കൂടിയാണ്.
റിവാര്‍ഡ് സിസ്റ്റം തകര്‍ക്കുന്നു: നമ്മുടെ തലച്ചോറിലെ 'ഡോപമൈന്‍' (Dopamine) എന്ന രാസവസ്തുവാണ് നമുക്ക് സന്തോഷവും സംതൃപ്തിയും നല്‍കുന്നത്. ലഹരി ഉപയോഗിക്കുമ്പോള്‍, ഈ ഡോപമൈന്‍ കൃത്രിമമായി, അമിതമായ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതോടെ, സ്വാഭാവികമായ കാര്യങ്ങളില്‍ (പഠനം, സ്‌പോര്‍ട്‌സ്, കുടുംബബന്ധങ്ങള്‍) സന്തോഷം കണ്ടെത്താനുള്ള മസ്തിഷ്‌കത്തിന്റെ കഴിവ് (Reward System) പൂര്‍ണമായും നശിക്കുന്നു.
ഏറ്റവും പ്രധാനം ആത്മീയമായ പ്രതിരോധമാണ്. ലഹരി പലപ്പോഴും വേരുറപ്പിക്കുന്നത് ആത്മീയ ശൂന്യതയിലാണ്.
ന്യൂറോടോക്‌സിസിറ്റി: ലഹരിയുടെ തുടര്‍ച്ചയായ ഉപയോഗം മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളെ (Neurons) നശിപ്പിക്കുന്നു. ഇതിനെയാണ് ന്യൂറോടോക്‌സിസിറ്റി (Neurotoxicity) എന്ന് പറയുന്നത്.
വിവേകം നശിപ്പിക്കുന്നു
നമ്മുടെ മസ്തിഷ്‌കത്തിന്റെ മുന്‍ഭാഗമായ 'പ്രിഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്' (Prefrontal Cortex) ആണ് ശരിയും തെറ്റും വിവേചിക്കാനും, വികാരങ്ങളെ നിയന്ത്രിക്കാനും, ശരിയായ തീരുമാനങ്ങള്‍ എടുക്കാനും നമ്മെ സഹായിക്കുന്നത്. കൗമാരപ്രായത്തില്‍ ഈ ഭാഗം പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചിട്ടുണ്ടാവില്ല. ലഹരിയുടെ ഉപയോഗം ഈ ഭാഗത്തിന്റെ വളര്‍ച്ചയെ എന്നെന്നേക്കുമായി മുരടിപ്പിക്കുന്നു. ഇതിനെ 'കോഗ്‌നിറ്റീവ് ഇമ്പയര്‍മെന്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണ് ലഹരിക്ക് അടിമപ്പെട്ട മക്കള്‍ക്ക് വിവേകപൂര്‍വം ചിന്തിക്കാന്‍ കഴിയാതെ പോകുന്നത്.
കരുതലും ഈമാനുമാണ് മരുന്ന്
നമ്മുടെ മക്കള്‍ക്ക് വേണ്ടത് വില കൂടിയ മൊബൈല്‍ ഫോണുകളോ വസ്ത്രങ്ങളോ അല്ല. മറിച്ച്, നമ്മുടെ സമയമാണ്, ശ്രദ്ധയാണ്.
നിരീക്ഷിക്കുക
അവരുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍, ചുവന്ന കണ്ണുകള്‍, ഉറക്കക്കുറവ്, അമിത ദേഷ്യം, മുറിയില്‍ അടച്ചിരിക്കാനുള്ള പ്രവണത, പണത്തോടുള്ള ആര്‍ത്തി-ഇതൊന്നും നിസ്സാരമായി കാണരുത്. ഇവയെല്ലാം സഹായം തേടാനുള്ള 'റെഡ് ഫ്‌ളാഗുകള്‍' (Red Flags) ആയിരിക്കാം.
തുറന്നു സംസാരിക്കുക
അവരെ കുറ്റപ്പെടുത്താതെ, അവരോടൊപ്പം ഇരിക്കുക. അവരുടെ സുഹൃത്തുക്കളാവുക. എന്തു കാര്യവും തുറന്നുപറയാനുള്ള ഒരു സുരക്ഷിത താവളം (Safe Space) നമ്മുടെ വീടുകളാവണം.
ആത്മീയമായ ശൂന്യത നികത്തുക
ഏറ്റവും പ്രധാനം ആത്മീയമായ പ്രതിരോധമാണ്. ലഹരി പലപ്പോഴും വേരുറപ്പിക്കുന്നത് ആത്മീയമായ ശൂന്യതയിലാണ് (Spiritual Vacuum). റബ്ബിനെ അറിയാത്ത, സ്‌നേഹം അനുഭവിക്കാത്ത ഒരു ഖല്‍ബിലേക്കാണ് പിശാച് എളുപ്പത്തില്‍ പ്രവേശിക്കുന്നത്. നമ്മുടെ വീടുകളില്‍ ഈമാനിന്റെ പ്രകാശമുണ്ടാവണം. ഖുര്‍ആനിന്റെ തണലുണ്ടാവണം.
കുട്ടികളുടെ മസ്തിഷ്‌കത്തെ ലഹരി കീഴടക്കും മുമ്പ്, സ്‌നേഹം കൊണ്ടും ശ്രദ്ധ കൊണ്ടും ഈമാനിന്റെ വെളിച്ചം കൊണ്ടും നമുക്കവരുടെ ഹൃദയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാം.
