എന്‍ജിനീയറിങിലെ വിശാലമായ സാധ്യതകള്‍


വിദ്യാര്‍ഥികളുടെ അഭിരുചിക്കും താല്‍പര്യത്തിനും വ്യക്തിത്വ സവിശേഷതകള്‍ക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി എന്‍ജിനീയറിങ് ബ്രാഞ്ചുകളുണ്ട്. കേരളത്തില്‍ കീം വഴി പ്രവേശനം ലഭിക്കുന്ന 52 ബ്രാഞ്ചുകളുണ്ട്.

വിദ്യാര്‍ഥികളുടെ അഭിരുചിക്കും താല്‍പര്യത്തിനും വ്യക്തിത്വ സവിശേഷതകള്‍ക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി എന്‍ജിനീയറിങ് ബ്രാഞ്ചുകളുണ്ട്. കേരളത്തില്‍ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം) വഴി പ്രവേശനം ലഭിക്കുന്ന 52 എന്‍ജിനീയറിങ് ബ്രാഞ്ചുകളുണ്ട്.

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവയെ അടിസ്ഥാന ബ്രാഞ്ചുകളായി പരിഗണിക്കാം.

കാലഘട്ടത്തിന്റെ ആവശ്യകത അനുസരിച്ച് രൂപപ്പെടുത്തിയ നിരവധി വിശേഷാല്‍ ബ്രാഞ്ചുകളും (സ്പെഷ്യലൈസേഷന്‍) ഉണ്ട്. ഇവയുടെ ആവിര്‍ഭാവം അടിസ്ഥാന ബ്രാഞ്ചുകളില്‍ നിന്നാണ് എന്നത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട 19ഓളം ബ്രാഞ്ചുകള്‍ ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്.

എന്നാല്‍ ബിരുദതലത്തില്‍ അടിസ്ഥാന ബ്രാഞ്ചുകള്‍ പഠിച്ച്, പി.ജി തലത്തില്‍ ഇത്തരം സ്പെഷ്യലൈസേഷനുകള്‍ പരിഗണിക്കുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം.

'കീം' വഴി പ്രവേശനം ലഭിക്കുന്ന പ്രധാനപ്പെട്ട ബ്രാഞ്ചുകള്‍:

സിവില്‍

കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, റെയില്‍പാതകള്‍, അണക്കെട്ടുകള്‍, തുരങ്കങ്ങള്‍,വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയവയുടെ രൂപകല്പന, നിര്‍മാണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പഠനശാഖ. സ്ട്രെക്ചറല്‍ എന്‍ജിനീയറിങ്, കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്, വാട്ടര്‍ റിസോഴ്സസ് എന്‍ജിനീയറിങ്, ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ്, ടൗണ്‍ & സിറ്റി പ്ലാനിങ്, റിമോട്ട് സെന്‍സിംഗ്, ബില്‍ഡിംഗ് ടെക്നോളജി, കോസ്റ്റല്‍ എന്‍ജിനീയറിങ്, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്, ഹൈഡ്രോളിക് എന്‍ജിനീയറിങ്, അര്‍ബന്‍ പ്ലാനിംഗ്, ഓഷ്യന്‍ ടെക്നോളജി തുടങ്ങിയ മേഖലകളില്‍ ഉപരിപഠനം സാധ്യമാണ്.

ഇന്ത്യക്കകത്തും പുറത്തും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിസാധ്യതകളുണ്ട്. സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ കണ്‍സള്‍ട്ടിംഗ് എന്‍ജിനീയര്‍മാരായും പ്രവര്‍ത്തിക്കാം.

മെക്കാനിക്കല്‍

വിവിധ യന്ത്രസാമഗ്രികളുടെ രൂപകല്‍പന, നിര്‍മാണം, പരിപാലനം തുടങ്ങിയവയെക്കുറിച്ചുള്ള പഠനശാഖയാണിത്. മെക്കാനിക്സ്, കൈന മാറ്റിക്സ്, തെര്‍മോ ഡൈനാമിക്സ്, എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, മെറ്റീരിയല്‍ സയന്‍സ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് & മാനേജ്മെന്റ്, എനര്‍ജി മാനേജ്മെന്റ്, റോബോട്ടിക്സ് & ഓട്ടോമേഷന്‍, മെക്കാനിക്കല്‍ ഡിസൈനിങ്, കമ്പ്യൂട്ടര്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്, മെറ്റീരിയല്‍ സയന്‍സ് & ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ റഫ്രിജറേഷന്‍ & ക്രയോജനിക്സ്, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി തുടങ്ങിയവയില്‍ തുടര്‍പഠനം സാധ്യമാണ്.

സൈക്കിള്‍ മുതല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വരെ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിസാധ്യതകളുണ്ട്. ഓട്ടോമൊബൈല്‍, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ മേഖലകളിലും മികച്ച അവസരങ്ങളുണ്ട്.

ഇലക്ട്രിക്കല്‍

വൈദ്യുതി ഉല്‍പാദനം, വിതരണം, വൈദ്യുത മോട്ടോറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ രൂപകല്‍പന, നിര്‍മാണം, പരിപാലനം തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കുന്ന പഠനശാഖ. മെഡിക്കല്‍ മേഖല, റോബോട്ടിക്സ്, മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍, നാവിഗേഷന്‍ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങിന് പ്രാധാന്യമുണ്ട്.

പവര്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക് മെഷീന്‍സ്, കണ്‍ട്രോള്‍ സിസ്റ്റം, പവര്‍ സിസ്റ്റം, റോബോട്ടിക്സ് & ഓട്ടോമേഷന്‍, റിന്യൂവ ബ്ള്‍ എനര്‍ജി, നെറ്റ്വര്‍ക്ക് എന്‍ജിനീയറിങ്, ഇന്‍ഡസ്ട്രിയല്‍ ഡ്രൈവ്സ്, സിഗ്നല്‍ പ്രോസസിങ്, പവര്‍ ക്വാളിറ്റി, ഇന്‍സ്ട്രുമെന്റേഷന്‍, ഫോട്ടോണിക്സ്, ടെലികമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, വി.എല്‍.എസ്.ഐ & എംബെഡഡ് സിസ്റ്റംസ്, ബയോമെഡിക്കല്‍, വയര്‍ലെസ് ടെക്നോളജി തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഉപരിപഠന സാധ്യതകളുണ്ട്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ബി.എച്ച്.ഇ.എല്‍, എന്‍.ടി.പി.സി, ഒ.എന്‍.ജി.സി, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയില്‍ മികച്ച തൊഴിലവസരങ്ങളുണ്ട്.

കമ്പ്യൂട്ടര്‍ സയന്‍സ്

പേഴ്സണല്‍ കമ്പ്യൂട്ടര്‍ മുതല്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ വരെ പഠനവിധേയമാക്കുന്ന ഈ ശാഖയില്‍ കൂടുതല്‍ വേഗവും കാര്യക്ഷമതയുമുള്ള അല്‍ഗോരിതങ്ങളും പ്രോഗ്രാമിംഗ് ലാംഗ്വേജുകളുമാണ് പ്രധാന വിഷയങ്ങള്‍.

നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, നെറ്റ്വര്‍ക്ക് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സയന്‍സ് & ബിഗ് ഡാറ്റാ അനലിറ്റിക്സ്, മൊബൈല്‍ കമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റ് ഓഫ്തിംഗ്സ്, ഡാറ്റാബേസ് സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങളില്‍ തുടര്‍പഠനം സാധ്യമാണ്.

ടി.സി.എസ്, ഗൂഗ്ള്‍, സി.ടി.എസ്, വിപ്രോ, ഇന്‍ഫോസിസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങളുണ്ട്.

കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട നൂതന വിഷയങ്ങളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, മെഷീന്‍ ലേണിങ്, റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ ബ്രാഞ്ചുകളും ചില എന്‍ജിനീയറിങ് കോളജുകളില്‍ ലഭ്യമാണ്.

ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിസൈനിങും വാര്‍ത്താവിനിമയ സംവിധാനങ്ങളിലെ നൂതന സാങ്കേതികവിദ്യകളും പഠനവിധേയമാക്കുന്ന ശാഖയാണിത്.

സെമികണ്ടക്ടറുകള്‍, മൈക്രോ കണ്‍ട്രോളറുകള്‍,ടെലിവിഷന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയും പഠനവിഷയങ്ങളാണ്.

ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിംഗ്, എംബഡഡ് സിസ്റ്റംസ്, റോബോട്ടിക്സ് & ഓട്ടോമേഷന്‍, ഡിജിറ്റല്‍ ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, വയര്‍ലെസ് & മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, ചിപ് ഡിസൈനിങ്, പവര്‍ ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനം നടത്താം.

വ്യവസായ മേഖലകള്‍, ശാസ്ത്രമേഖലകള്‍, സൈനിക മേഖലകള്‍ തുടങ്ങിയവയില്‍ നിരവധി തൊഴില്‍ സാധ്യതകളുണ്ട്. ഐ.എസ്.ആര്‍.ഒ, ബി.ഇ.എല്‍, ജി.എ.ഐ.എല്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയിലും അവസരങ്ങളുണ്ട്.

അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍

ഇലക്ട്രോണിക്സ് വിഷയങ്ങളോടൊപ്പം ഇന്‍സ്ട്രുമെന്റേഷനും പ്രാധാന്യം നല്‍കുന്ന ശാഖ. മര്‍ദം, താപം, ഒഴുക്ക്, ആര്‍ദ്രത എന്നിവ അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, അവ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനവുമാണ് പ്രധാനം.

സെന്‍സേഴ്സ്, ആക്ചറേഴ്സ്, കണ്‍ട്രോള്‍ തിയറി, എംബഡഡ് സിസ്റ്റംസ് തുടങ്ങിയ മേഖലകളില്‍ ഉപരിപഠന സാധ്യതയുണ്ട്. പെട്രോകെമിക്കല്‍ കമ്പനികള്‍, പവര്‍ പ്ലാന്റ്സ്, ഓട്ടോമേഷന്‍ മേഖലകളിലാണ് കൂടുതല്‍ ജോലിസാധ്യത.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

കമ്പ്യൂട്ടറും കമ്മ്യൂണിക്കേഷന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുക, സംരക്ഷിക്കുക, നിയന്ത്രിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് പഠനശാഖ. നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, കമ്പ്യൂട്ടര്‍ ഓട്ടോമേഷന്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഡാറ്റാ സയന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനം നടത്താം.

ഇന്ത്യയിലും വിദേശത്തും സോഫ്റ്റ്വെയര്‍ കമ്പനികളില്‍ മികച്ച ജോലി സാധ്യതകളുണ്ട്.

കെമിക്കല്‍

രസതന്ത്രത്തിന്റെ പ്രായോഗികതയാണ് കെമിക്കല്‍ എന്‍ജിനീയറിംഗിന്റെ ആധാരം. രാസോല്‍പന്നങ്ങളുടെ നിര്‍മാണ പ്രക്രിയകള്‍ക്ക് ആവശ്യമായ യന്ത്രസാമഗ്രികളും പ്ലാന്റുകളും രൂപകല്‍പന ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സാങ്കേതിക പഠനമാണിത്.

പെട്രോകെമിക്കല്‍, പെ ട്രോളിയം, പോളിമര്‍, പ്ലാസ്റ്റിക് തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനമാകാം. പെട്രോ കെമിക്കല്‍ ഫാക്ടറികള്‍, ഓയില്‍ റിഫൈനറികള്‍, വ്യവസായശാലകള്‍, മരുന്ന് ഫാക്ടറികള്‍ തുടങ്ങിയവയില്‍ ജോലിസാധ്യതയുണ്ട്.

ഓട്ടോമൊബൈല്‍

മോട്ടോര്‍ വാഹനങ്ങളുടെ രൂപകല്‍പന, നിര്‍മാണം, പരിപാലനം, ടെസ്റ്റിംഗ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ് ശാഖയാണിത്.

ഓട്ടോമൊബൈല്‍ ഡിസൈനിംഗ്, ഗിയര്‍ സിസ്റ്റം, പ്രോസസ് കണ്‍ട്രോ ള്‍ തുടങ്ങിയ മേഖലകളില്‍ ഉപരിപഠന സാധ്യതകളുണ്ട്. സ്വദേശത്തും വിദേശത്തുമായി വാഹന നിര്‍മാണ കമ്പനികളില്‍ ടെക്നീഷ്യന്‍, സേഫ്റ്റി എന്‍ജിനീയര്‍, പെര്‍ഫോമന്‍സ് എന്‍ജിനീയര്‍, ഡിസൈനര്‍ തുടങ്ങിയ നിരവധി ജോലികള്‍ ലഭ്യമാണ്.

സംസ്ഥാന ഗതാഗത വകുപ്പ്, സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍, സര്‍വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവയിലും ജോലിസാധ്യതയുണ്ട്.

പ്രൊഡക്ഷന്‍

വിവിധ തരത്തിലുള്ള യന്ത്രങ്ങളുടെ രൂപകല്പന, നിര്‍മാണം, അതിന് ഉപയോഗിക്കുന്ന ലോഹപദാര്‍ഥങ്ങളെ കുറിച്ചുള്ള പഠനം എന്നിവ ഉള്‍ക്കൊള്ളുന്ന എന്‍ജിനീയറിങ് ശാഖ.

പ്രൊഡക്ഷന്‍ ടെക്നോളജി & മാനേജ്മെന്റ്, പ്രോഡക്റ്റ് ഡിസൈന്‍, ക്വാളിറ്റി മാനേജ്മെന്റ് തുടങ്ങി മെക്കാനിക്കല്‍ എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഉപരിപഠനം നടത്താം. വാഹന നിര്‍മാണ പ്ലാന്റുകള്‍, ഓയില്‍ റിഗ്ഗുകള്‍, കെമിക്കല്‍ ഫാക്ടറികള്‍ തുടങ്ങിയവയില്‍ ജോലിസാധ്യതയുണ്ട്.

ബയോടെക്നോളജി

ജീവശാസ്ത്രത്തിലെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മനുഷ്യ പുരോഗതിക്ക് ഉതകുന്ന പുതിയ ടെക്നോളജികളും ഉല്‍പന്നങ്ങളും വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പഠനശാഖ. കേടു വരാത്ത പുതിയ ഭക്ഷ്യോല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുക, ഡി.എന്‍.എയില്‍ മാറ്റം വരുത്തി കൂടുതല്‍ പ്രതിരോധ ശേഷിയുള്ള വിളകള്‍ ഉല്പാദിപ്പിക്കുക തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ബയോഇന്‍ഫര്‍മാറ്റിക്സ്, ജനറ്റിക് സയന്‍സ്, മൈക്രോബയോളജി, സെല്‍ ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനം സാധ്യമാണ്. വന്‍കിട ആശുപത്രികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, കാര്‍ഷിക മേഖലകള്‍ തുടങ്ങിയവയില്‍ ജോലിസാധ്യത.

എയറോനോട്ടിക്കല്‍

വിമാനങ്ങള്‍, മിസൈലുകള്‍, ബഹിരാകാശ വാഹനങ്ങള്‍, മറ്റ് വ്യോമയാന ഉപകരണങ്ങള്‍ എന്നിവയുടെ രൂപകല്‍പന, നിര്‍മാണം, വികസനം, പരീക്ഷണം തുടങ്ങിയ മേഖലകളുടെ പഠനമാണിത്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇല ക്ട്രോണിക് ഉപകരണങ്ങള്‍, റേഡിയോ-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ പരിചരണവും എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍മാരാണ് നിര്‍വഹിക്കുന്നത്. വിമാന കമ്പനികള്‍, ഫ്ളയിങ് ക്ലബ്ബുകള്‍, പ്രതിരോധസേന, ഐ.എസ്.ആര്‍.ഒ തുടങ്ങിയവയില്‍ മികച്ച തൊഴിലവസരങ്ങളുണ്ട്.

മെറ്റലര്‍ജി

ലോഹങ്ങളുടെയും ലോഹക്കൂട്ടുകളുടെയും ഉപയോഗവും സംയോജനവും പഠനവിധേയമാക്കുന്ന എന്‍ജിനീയറിങ് ശാഖ.

വാഹനങ്ങള്‍, കമ്പ്യൂട്ടറുകള്‍, യന്ത്രങ്ങള്‍ തുടങ്ങിയവയ് ആവശ്യമായ ലോഹങ്ങളുടെ ലഭ്യത, ഖനനം, അവയെ തരംതിരിക്കല്‍ തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങള്‍. ഇന്ത്യക്കകത്തും പുറത്തുമായി ഗവേഷണ സാധ്യതകളും തൊഴിലവസരങ്ങളുമുണ്ട്.

ഇന്‍ഡസ്ട്രിയല്‍

യന്ത്രശേഷിയും മാനവശേഷിയും വേണ്ടവിധം സമന്വയിപ്പിച്ച് ചെലവ് കുറച്ച് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പഠനശാഖ.

അസംബ്ലി ലൈന്‍ ക്രമീകരിച്ച് സമയവും പണവും ലാഭിക്കുക, പ്ലാന്റുകള്‍ സജ്ജീകരിക്കുക തുടങ്ങിയവയാണ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍മാരുടെ ജോലി. എല്ലാ തരത്തിലുള്ള ഫാക്ടറികളിലും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട്.

മെക്കാട്രോണിക്സ്

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ എന്‍ജിനീയറിങ് വിഷയങ്ങളുടെ സംയോജിത രൂപമാണ് മെക്കാട്രോണിക്സ്.

ഈ വിഷയങ്ങളുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉപകരണങ്ങള്‍ രൂപകല്‍പന ചെയ്യുകയാണ് പ്രധാന ലക്ഷ്യം. വിമാന കമ്പനികള്‍, ഷിപ്പിങ് കമ്പനികള്‍, ബയോമെഡിക്കല്‍, റോബോട്ടിക്സ്, നാനോടെക്നോളജി തുടങ്ങി നിരവധി മേഖലകളില്‍ തൊഴിലവസരമുണ്ട്.

ആര്‍മി, നേവി, എയര്‍ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങള്‍, ഡി.ആര്‍.ഡി.ഒ എന്നിവയിലും ജോലിസാധ്യതയുണ്ട്.

നേവല്‍ ആര്‍ക്കിടെക്ചര്‍ & ഷിപ് ബില്‍ഡിംഗ്

വിവിധ തരത്തിലുള്ള കപ്പലുകളുടെ രൂപകല്പന, നിര്‍മാണം, പരിപാലനം തുടങ്ങിയവ പഠനവിധേയമാക്കുന്ന എന്‍ജിനീയറിങ് ശാഖ.

ഓഷ്യന്‍ എന്‍ജിനീയറിങ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനം നടത്താവുന്നതാണ്. കപ്പല്‍ നിര്‍മാണ കമ്പനികള്‍, അന്തര്‍വാഹിനികള്‍, ക്രൂയിസുകള്‍, തുറമുഖങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ജോലിസാധ്യതകളുണ്ട്.

വിമാനങ്ങള്‍, മിസൈലുകള്‍, ബഹിരാകാശ വാഹനങ്ങള്‍, മറ്റ് വ്യോമയാന ഉപകരണങ്ങള്‍ എന്നിവയുടെ രൂപകല്‍പന, നിര്‍മാണം, വികസനം, പരീക്ഷണം തുടങ്ങിയ മേഖലകളുടെ പഠനമാണ് എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ്.

ഫുഡ് ടെക്നോളജി

വിവിധ ഭക്ഷ്യവസ്തുക്കളിലുണ്ടാകുന്ന ഭൗതിക-രാസ- ജൈവിക മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയും, സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ബ്രാഞ്ചിന്റെ ലക്ഷ്യം.

ഭക്ഷ്യപദാര്‍ഥങ്ങളുടെ രുചി, സ്വാദ്, ഗന്ധം എന്നിവ നഷ്ടപ്പെടാതെയുള്ള പായ്ക്കിങ് സംവിധാനങ്ങളെക്കുറിച്ചും പഠിക്കാം. ഭക്ഷ്യനിര്‍മാണശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ഡയറി ഫാമുകള്‍ തുടങ്ങിയവയിലും മികച്ച തൊഴിലവസരങ്ങളുണ്ട്.

ഡയറി ടെക്നോളജി

പാലുല്‍പാദനം, സംസ്‌കരണം, നെയ്യ്, വെണ്ണ, പാല്‍പ്പൊടി, യോഗര്‍ട്ട് തുടങ്ങിയവയുടെ നിര്‍മാണം, മൂല്യവര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ആധികാരികമായി പഠിക്കുന്ന എന്‍ജിനീയറിങ് ശാഖ. ഡയറി ഫാമുകള്‍, ഭക്ഷ്യോല്‍പാദന ഉപകരണ നിര്‍മാണശാലകള്‍, കാര്‍ഷിക മേഖലകള്‍ തുടങ്ങിയവയില്‍ ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ജോലിസാധ്യതകളുണ്ട്.

അഗ്രികള്‍ചര്‍

കാര്‍ഷിക മേഖലയില്‍ എന്‍ജിനീയറിംഗിന്റെ ഉപയോഗമാണ് പഠനവിഷയം. കാര്‍ഷിക ഉപകരണങ്ങളുടെ വിപണനം, സര്‍വീസിംഗ്, കൃഷിസ്ഥാപനങ്ങളുടെ രൂപകല്പന, നിര്‍മാണം, യന്ത്രവല്‍ക്കരണം, ഉല്‍പാദനം, സംഭരണം, സംസ്‌കരണം, ഭൂമി പരിപാലനം, ജലസേചന സംവിധാനങ്ങള്‍, മണ്ണൊലിപ്പ് തടയാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ പഠനവിധേയമാക്കുന്നു.

ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനവും സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ ജോലിയും ലഭ്യമാണ്.

ബയോമെഡിക്കല്‍

ആധുനിക എന്‍ജിനീയറിങ് സങ്കേതങ്ങള്‍ ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഉപയോഗപ്പെടുത്തലാണ് ഈ ശാഖയുടെ ലക്ഷ്യം. ആശുപത്രികളിലും വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും ആവശ്യമായ മെഡിക്കല്‍ ഉല്‍പന്നങ്ങളുടെ രൂപകല്പനയും നിര്‍മാണവും പഠനവിഷയങ്ങളാണ്.

ബയോ ഇന്‍സ്ട്രുമെന്റേഷന്‍, ജനറ്റിക് എന്‍ജിനീയറിങ് മെഡിക്കല്‍ ഇമേജിങ്, ബയോ മെക്കാനിക്സ്, റീഹാബിലിറ്റേഷന്‍ എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളില്‍ ഉപരിപഠനം സാധ്യമാണ്.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഹോസ്പിറ്റലുകള്‍, കാര്‍ഷിക മേഖല, റിസര്‍ച്ച് മേഖല തുടങ്ങി സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്.

സേഫ്റ്റി ആന്റ് ഫയര്‍

അഗ്നിശമന യന്ത്രങ്ങളുടെ രൂപകല്പന, രക്ഷാമാര്‍ഗങ്ങള്‍ കണ്ടെത്തല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങിയവയെക്കുറിച്ച് വിശദമായി വിശകലനം ചെയ്യുന്ന എന്‍ജിനീയറിങ് ശാഖ. പെട്രോകെമിക്കല്‍ കമ്പനികള്‍, നിര്‍മാണമേഖലകള്‍, ഖനികള്‍, റിഫൈനറികള്‍ തുടങ്ങിയവയില്‍ ഉയര്‍ന്ന ജോലിസാധ്യതയുണ്ട്.

പോളിമര്‍

റബ്ബറിന്റെ ഉല്പാദനം, സംസ്‌കരണം, കൃത്രിമ റബ്ബര്‍ ഉല്‍പാദനം, പ്ലാസ്റ്റിക്, ടയര്‍ എന്നിവയുടെ നിര്‍മാണരീതി തുടങ്ങിയവ പഠനവിധേയമാക്കുന്ന എന്‍ജിനീയറിങ് ശാഖ. ഇന്ത്യക്കകത്തും പുറത്തുമായി റബ്ബര്‍, പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറികള്‍, പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ തുടങ്ങിയവയില്‍ ജോലിസാധ്യതകളുണ്ട്.

പ്രിന്റിംഗ് ടെക്നോളജി

ഡിജിറ്റല്‍ പ്രിന്റിംഗ്, ഫ്ളക്സ് പ്രിന്റിംഗ് തുടങ്ങിയ ആധുനിക സങ്കേതങ്ങളിലാണ് ഈ ശാഖ ഊന്നല്‍ നല്‍കുന്നത്. കളര്‍ മാനേജ്മെന്റ്, ടോണ്‍ അനാലിസിസ്, ഫിനിഷിംഗ്, കോസ്റ്റ് മാനേജ്മെന്റ്, ക്വാളിറ്റി കണ്‍ട്രോള്‍, പാക്കേജിംഗ് തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങള്‍.

ഇന്റര്‍നാഷണല്‍ പ്രിന്റിംഗ് & പബ്ലിഷിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിജിറ്റല്‍ പ്രിന്റിംഗ് കമ്പനികള്‍, പബ്ലിഷിംഗ് മേഖലകള്‍ തുടങ്ങിയവയില്‍ ജോലിസാധ്യതകളുണ്ട്.

ആര്‍ക്കിടെക്ചര്‍

എന്‍ജിനീയറിങിന്റെ കൃത്യതയും കലയുടെ മനോഹാരിതയും സമ്മേളിക്കുന്ന മേഖലയാണ് ആര്‍ക്കിടെക്ചര്‍. മികച്ച ക്രിയാത്മകതയും ചിത്രകലാഭിരുചിയും ഗണിതശാസ്ത്ര ആഭിമുഖ്യവുമുള്ളവര്‍ക്ക് തീര്‍ച്ചയായും ശോഭിക്കാന്‍ കഴിയും.

വീടുകള്‍ മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങി ഏതുതരം കെട്ടിടങ്ങളും രൂപകല്‍പന ചെയ്യാന്‍ ആര്‍ക്കിടെക്ടുകള്‍ക്ക് അവസരമുണ്ട്.

കേരളത്തിലെ പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷയില്ല. 'നാറ്റ' സ്‌കോറും പ്ലസ്ടു മാര്‍ക്കും പരിഗണിച്ചാണ് പ്രവേശനം. എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് പ്രത്യേകം അപേക്ഷ (കീം) നല്‍കിയിരിക്കണം.