പാരാമെഡിക്കല്‍ കോഴ്‌സുകള്‍ കേരളത്തില്‍


കേരള ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരമുള്ള കോഴ്സുകള്‍ക്കു മാത്രമേ ചേരാവൂ. പാരാമെഡിക്കല്‍ പ്രോഗ്രാമുകളുടെ അലോട്ട്മെന്റ് നടത്തുന്നത് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയാണ്.

കേരളത്തില്‍ ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ വിവിധ ബിരുദ-ഡിപ്ലോമ പാരാമെഡിക്കല്‍ പ്രോഗ്രാമുകളുണ്ട്. ബിരുദ പ്രോഗ്രാമുകള്‍ നാലു വര്‍ഷവും ഡിപ്ലോമ പ്രോഗ്രാമുകള്‍ രണ്ടു വര്‍ഷവും. അവരവരുടെ അഭിരുചിയും താല്‍പര്യവും തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്സിന്റെ തൊഴില്‍സാധ്യതയും ഉന്നത പഠനാവസരങ്ങളുമൊക്കെ പരിഗണിച്ച് ഏറ്റവും അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

കേരള ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരമുള്ള കോഴ്സുകള്‍ക്കു മാത്രമേ ചേരാവൂ. പാരാമെഡിക്കല്‍ പ്രോഗ്രാമുകളുടെ അലോട്ട്മെന്റ് നടത്തുന്നത് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയാണ്. 2025-26 വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ജൂണ്‍ 7 വരെയായിരുന്നു അപേക്ഷിക്കേണ്ട സമയം. (http://www.lbscentre.kerala.gov.in ).

പ്രത്യേക പ്രവേശന പരീക്ഷയില്ല. പ്ലസ്ടു പരീക്ഷയില്‍ നിര്‍ദിഷ്ട വിഷയങ്ങളില്‍ നേടിയ മാര്‍ക്ക് അനുസരിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുന്നത്. സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനം അതത് സ്ഥാപനങ്ങള്‍ നേരിട്ടാണ് നടത്തുന്നത്. ഡിപ്ലോമ പ്രോഗ്രാമുകളുടെ വിജ്ഞാപനം വന്നിട്ടില്ല.

ബിരുദ പ്രോഗ്രാമുകള്‍

ബി.എസ്സി നഴ്സിങ് (4 വര്‍ഷം, സര്‍ക്കാര്‍ കോളേജില്‍ പഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഇന്റേണ്‍ഷിപ്), ബി.എസ്സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (എം.എല്‍.ടി. 4 വര്‍ഷം), ബി.എസ്.സി. പെര്‍ഫ്യൂഷന്‍ ടെക്നോളജി (3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്), ബി.എസ്സി. ഒപ്റ്റോമെട്രി (3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്), ബാച്ച്‌ലര്‍ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി. 4 വര്‍ഷം.

6 മാസം ഇന്റേണ്‍ഷിപ്പ്), ബാച്ച്ലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി (ബി.ഒ.ടി. 4 വര്‍ഷം, 6 മാസം ഇന്റേണ്‍ഷിപ്പ്), ബാച്ച്ലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എല്‍.പി. 3 വര്‍ഷം. 10 മാസം ഇന്റേണ്‍ഷിപ്പ് ), ബാച്ച്ലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്നോളജി (ബി.സി.വി.ടി. 3 വര്‍ഷം. ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്), ബി.എസ്സി. ഡയാലിസിസ് ടെക്നോളജി (3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്), ബാച്ച്‌ലര്‍ ഓഫ് മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി (3 വര്‍ഷം.

ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്), ബാച്ച്ലര്‍ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി (3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്), ബാച്ച്ലര്‍ ഓഫ് ന്യൂറോ ടെക്നോളജി (3 വര്‍ഷം, ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്), ബാച്ച്ലര്‍ ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍, ബി.എസ്സി. മെഡിക്കല്‍ ബയോകെമിസ്ട്രി, ബാച്ച്ലര്‍ ഓഫ് പ്രോസ്തെറ്റിക്സ് & ഓര്‍ത്തോട്ടിക്സ്.

കോഴ്സ് ഫീസ്

സര്‍ക്കാര്‍ മേഖലയില്‍ ബി.എസ്സി. നഴ്സിങിന് 23,170 രൂപയാണ് വാര്‍ഷിക ഫീസ്. ബി.എസ്സി. എം.എല്‍.ടിക്ക് 20,860 രൂപ. മറ്റെല്ലാ കോഴ്സുകള്‍ക്കും 22,010 രൂപയാണ് വാര്‍ഷിക ഫീസ്. സ്വാശ്രയ മേഖലയില്‍ ഫീസ് കൂടുതലാണ്.

പ്രവേശന യോഗ്യത

ബി.എ.എസ്.എല്‍.പി., ബി.എസ്സി. പ്രോസ്തെറ്റിക്സ് & ഓര്‍ത്തോട്ടിക്സ് (ബി.പി.ഒ.) ഒഴികെയുള്ള കോഴ്സുകളുടെ പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഓരോന്നും ജയിക്കുകയും മൂന്നിനും കൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുകയും വേണം.

ബി.എ.എസ്.എല്‍.പി. കോഴ്സിന് ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്കൊപ്പം ബയോളജി/ മാത്തമാറ്റിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് / സൈക്കോളജിയില്‍ മൊത്തം 50 ശതമാനം മാര്‍ക്ക് നേടി വിജയിച്ചിരിക്കണം. മൂന്നു വിഷയങ്ങളില്‍ ഓരോന്നിലും പ്രത്യേകം വിജയിക്കേണ്ടതുമുണ്ട്.

ബി.പി.ഒ. കോഴ്സിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവയ്ക്ക് മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ ആയിരിക്കണം. മൂന്നു വിഷയങ്ങളില്‍ ഓരോന്നിലും പ്രത്യേകം വിജയിക്കേണ്ടതുമുണ്ട്.

ഹയര്‍സെക്കന്‍ഡറിയില്‍ രണ്ടു വര്‍ഷവും ബോര്‍ഡ് പരീക്ഷയുണ്ടെങ്കില്‍ രണ്ടിന്റെയും മാര്‍ക്കുകളുടെ തുകയാണ് പ്രവേശന യോഗ്യതക്ക് പരിഗണിക്കുക. എന്നാല്‍ ബോര്‍ഡ് പരീക്ഷ രണ്ടാം വര്‍ഷം മാത്രമാണെങ്കില്‍ അതിന്റെ മാര്‍ക്കാണ് പരിഗണിക്കുക. നോണ്‍ ക്രീമിലെയര്‍ പരിധിയില്‍പ്പെട്ട പിന്നാക്കവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. ഒ.ഇ.സി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും 45% മതി. പട്ടികവിഭാഗക്കാര്‍ക്ക് പരീക്ഷ ജയിച്ചാല്‍ മതി. 2025 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാകണം.

ബി.എസ്സി. നഴ്സിംഗിന്റെ ഉയര്‍ന്ന പ്രായപരിധി 35 ആണ്. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല.

ഡിപ്ലോമ പ്രോഗ്രാമുകള്‍

ഫാര്‍മസി (ഡി.ഫാം), ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, റേഡിയോ ഡയഗ്നോസിസ് ആന്റ് റേഡിയോതെറാപ്പി ടെക്നോളജി, റേഡിയോളജിക്കല്‍ ടെക്നോളജി, ഒഫ്താല്‍മിക് അസിസ്റ്റന്റ്, ഡെന്റല്‍ മെക്കാനിക്സ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഓപറേഷന്‍ തിയേറ്റര്‍ ആന്റ് അനസ്തേഷ്യ ടെക്നോളജി, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എന്‍ഡോസ്‌കോപിക് ടെക്നോളജി, ഡെന്റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്റ്‌സ്, റെസ്പിറേറ്ററി ടെക്നോളജി, സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ഡിപാര്‍ട്ട്മെന്റ് ടെക്നോളജി.

യോഗ്യത

ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലുള്ള പ്ലസ്ടുവാണ് യോഗ്യത. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 40 ശതമാനം മാര്‍ക്ക് വേണം. ഫാര്‍മസി കോഴ്സിന് ബയോളജിക്കു പകരം മാത്തമാറ്റിക്സ് പഠിച്ചാലും മതി. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം ഉടന്‍ പ്രതീക്ഷിക്കാം.

കേരള ആരോഗ്യ സര്‍വകലാശാലയുടെ കീഴിലല്ലാത്ത സ്ഥാപനമായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിലെ വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് സ്ഥാപനത്തിന്റെ വെബ്സൈറ്റ് വഴി പ്രത്യേകം അപേക്ഷിക്കണം (http://www.amrita.edu ).