മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് വിവിധ അഭിരുചി പരീക്ഷകളുണ്ട്. സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച്, പ്രവേശനത്തിനാവശ്യമായ പരീക്ഷ ഏതെന്ന് ഉറപ്പുവരുത്തണം.
രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ്. മാനേജ്‌മെന്റ് പഠനത്തിനുള്ള പ്രവേശന പരീക്ഷകള്‍ പരിചയപ്പെടുത്താമോ?
- ഫര്‍ഹ കൈപമംഗലം
ബിരുദ പഠനത്തിനുശേഷം ലഭിക്കാവുന്ന ഏറ്റവും മികച്ചതും ആകര്‍ഷകമായ വേതനം ലഭിക്കുന്നതുമായ കരിയര്‍ മേഖലകളിലൊന്നാണ് മാനേജ്‌മെന്റ്. മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി വിവിധ അഭിരുചി പരീക്ഷകളുണ്ട്. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച്, പ്രവേശനത്തിനാവശ്യമായ പരീക്ഷ ഏതെന്ന് ഉറപ്പ് വരുത്തണം.
മിക്ക പരീക്ഷാ സ്‌കോറുകള്‍ക്കും ഒരു വര്‍ഷമാണ് വാലിഡിറ്റി. മാനേജ്മെന്റ് പഠനത്തിന് നിരവധി സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കിലും ഗുണനിലവാരമുള്ള ബിസിനസ് സ്‌കൂളുകളില്‍ നിന്ന് ഉയര്‍ന്ന അക്കാദമിക മികവോടെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ മാത്രമാണ് മികച്ച കരിയറുകളിലെത്തിച്ചേരുന്നത്.
വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡമായ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റുകള്‍ പരിശോധിക്കേണ്ടതാണ്.
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT)
മാനേജ്‌മെന്റ് പഠന മേഖലയില്‍ രാജ്യത്തെ ശ്രദ്ധേയ സ്ഥാപനങ്ങളായ ഐ.ഐ.എം(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് മാനേജ്‌മെന്റ്)കളിലെ പോസ്റ്റ് ഗ്രാജുവേറ്റ്, ഫെല്ലോ/ഡോക്ടറേറ്റ് തല മാനേജ്‌മെന്റ് പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷയാണ് കാറ്റ് (CAT).
ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് പുറമെ സി.എ / സി.എസ് /ഐ. സി.ഡബ്ല്യു.എ / എഫ്.ഐ.എ.ഐ തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
അഹമ്മദാബാദ്, അമൃതസര്‍, ബാംഗ്ലൂര്‍, ബോധ്ഗയ, കല്‍ക്കട്ട, ഇന്‍ഡോര്‍, ജമ്മു, കാശിപൂര്‍, കോഴിക്കോട്, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, രോഹ്ത്തക്ക്, സമ്പല്‍പൂര്‍, ഷില്ലോംഗ്, സിര്‍മോര്‍, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നീ ഇരുപത്തൊന്ന് ഐ.ഐ.എമ്മുകളിലും കാറ്റ് സ്‌കോര്‍ പരിഗണിച്ചാണ് പ്രവേശനം.
കൂടാതെ നിരവധി ഇതര മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കും 'കാറ്റ്' സ്‌കോര്‍ പരിഗണിക്കുന്നുണ്ട്.
'കാറ്റ്' കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹെന്‍ഷന്‍, ഡാറ്റാ ഇന്റര്‍പ്രറ്റേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. പ്രത്യേക സിലബസില്ല.
വെബ്‌സൈറ്റ്: www.iimcat.ac.in
കോമണ്‍ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (CMAT)
എ.ഐ.സി.ടി.ഇ അഫിലിയേഷനുള്ളതടക്കം രാജ്യത്തെ ആയിരത്തിലേറെ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ /പി.ജി. ഡി.എം പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( NTA) നടത്തുന്ന പൊതുപ്രവേശന പരീക്ഷ.
വെബ്സൈറ്റ്: exams.nta.ac.in/CMAT
മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (MAT)
സ്വകാര്യ/ സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ എം.ബി.എ, അനുബന്ധ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ആള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (AIMA) നടത്തുന്ന അഭിരുചി പരീക്ഷ. വര്‍ഷത്തില്‍ നാല് തവണ പരീക്ഷയുണ്ടാകും. 600ല്‍ അധികം സ്ഥാപനങ്ങള്‍ 'മാറ്റ്' സ്‌കോര്‍ പരിഗണിക്കുന്നുണ്ട്.
വെബ്സൈറ്റ്: http://mat.aima.in
കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (KMAT)
കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ / ഡിപ്പാര്‍ട്ട്‌മെന്റുകള്‍, അഫിലിയേറ്റഡ് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് കെമാറ്റ്. കേരള എന്‍ട്രന്‍സ് കമ്മീഷണറാണ് പരീക്ഷ നടത്തുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷയുണ്ട്.
വെബ്സൈറ്റ്: www.cee.kerala.gov.in.
സേവിയര്‍ അഡ്മിഷന്‍ ടെസ്റ്റ് (XAT)
ജംഷഡ്പൂരിലെ XLRI (സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്) നടത്തുന്ന മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ഈ പരീക്ഷയുടെ സ്‌കോര്‍ രാജ്യത്തെ 250ല്‍ പരം മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനായി പരിഗണിക്കാറുണ്ട്.
വെബ്സൈറ്റ്: http://xatonline.in
ടെസ്റ്റ് ഫോര്‍ മാനേജ്‌മെന്റ് അഡ്മിഷന്‍സ് (ATMA)
മാനേജ്മെന്റ് അടക്കം വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് സ്‌കൂള്‍സ് (AIMS) രാജ്യാന്തര തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷ. രാജ്യത്തെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ പ്രവേശനത്തിനായി 'ആത്മ' സ്‌കോര്‍ പരിഗണിക്കാറുണ്ട്. വര്‍ഷത്തില്‍ നാല് തവണ പരീക്ഷയുണ്ടാകും.
വെബ്സൈറ്റ്: http://www.atmaaims.com .
ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (GMAT)
രാജ്യാന്തര തലത്തില്‍ മാനേജ്മെന്റ് പഠനത്തിനുള്ള യോഗ്യതാപരീക്ഷയാണ് 'ജിമാറ്റ്'. അമേരിക്കയിലെ ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ (GMAC) ആണ് പരീക്ഷ നടത്തുന്നത്. പുതിയ ഫോര്‍മാറ്റിലുള്ള പരീക്ഷ ജിമാറ്റ് ഫോക്കസ് എന്നാണറിയപ്പെടുന്നത്.
നിരവധി ബിസിനസ് സ്‌കൂളുകള്‍ മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ജി.ആര്‍.ഇ സ്‌കോറും മാനേജ്‌മെന്റ് പ്രവേശനത്തിന് പരിഗണിക്കുന്നു.
വര്‍ഷത്തില്‍ പരമാവധി അഞ്ച് തവണ എഴുതാം. ഇന്ത്യയിലെ വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പ്രവേശനത്തിനും 'ജിമാറ്റ്' സ്‌കോര്‍ പരിഗണിക്കാറുണ്ട്. സ്‌കോറിന് അഞ്ച് വര്‍ഷം വാലിഡിറ്റിയുണ്ട്.
വെബ്സൈറ്റ്: http://www.mba.com
ഗ്രാജുവേറ്റ് റെക്കോര്‍ഡ് എക്‌സാമിനേഷന്‍ ( GRE)
നിരവധി ബിസിനസ് സ്‌കൂളുകള്‍ മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ജി.ആര്‍.ഇ സ്‌കോറും മാനേജ്‌മെന്റ് പ്രവേശനത്തിനായി പരിഗണിക്കുന്നുണ്ട്. സ്‌കോറിന് അഞ്ചുവര്‍ഷം വാലിഡിറ്റി ഉണ്ട്. വര്‍ഷത്തില്‍ അഞ്ച് തവണ പരീക്ഷ എഴുതാം.
വെബ്‌സൈറ്റ്: http://www.ets.org
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളടക്കമുള്ള വിവിധ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി പിജി (exams.nta.ac.in/CUET-PG), പൂനെയിലെ സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ വിവിധ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ എസ്.എന്‍.എ.പി (SNAP- www.nsaptest.org) , പ്രൈവറ്റ് മേഖലയിലെ ചില ബിസിനസ് സ്‌കൂളുകള്‍ പരിഗണിക്കുന്ന ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ (GMAC) നടത്തുന്ന NMAT (http://www.gmac.com ) തുടങ്ങി പല പ്രവേശന പരീക്ഷകളും നിലവിലുണ്ട്.
