പത്തു കഴിഞ്ഞാല്‍ പിന്നെന്തിനു പഠിക്കണം?


എസ്.എസ്.എല്‍.സിക്കു ശേഷമെന്ത് എന്ന കാര്യത്തില്‍ ആശങ്കകളുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരവധിയുണ്ട്. വിശാലമായ പഠനാവസരങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ ആശങ്കകള്‍ സ്വാഭാവികം.

അഭിരുചി, താല്‍പര്യം, ഉപരിപഠന മേഖല, ജോലിസാധ്യത, വ്യക്തിത്വ സവിശേഷതകള്‍ തുടങ്ങിയവ പരിഗണിച്ച് വേണം പത്തിനു ശേഷം എന്തെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍. വിദ്യാര്‍ഥികള്‍ക്ക് പരിഗണിക്കാവുന്ന പ്രധാനപ്പെട്ട കോഴ്സുകളെ പരിചയപ്പെടാം. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം.

ഹയര്‍ സെക്കന്‍ഡറി (പ്ലസ്ടു)

ഭൂരിപക്ഷം വിദ്യാര്‍ഥികളും തിരഞ്ഞെടുക്കുന്ന ഹയര്‍സെക്കന്‍ഡറി മേഖലയില്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ മൂന്നു സ്ട്രീമുകളിലായി 45 കോമ്പിനേഷനുകളുണ്ട്. ആറു വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷും മറ്റൊരു ഭാഷയും നാല് ഓപ്ഷണല്‍ വിഷയങ്ങളും.

ഏകജാലക സംവിധാനം വഴിയാണ് അലോട്ട്‌മെന്റ്. ഓരോ ജില്ലകളിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം (http://hscap.kerala.gov.in ). കൂടാതെ സി.ബി.എസ്.ഇ, കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ (CISCE), നാഷണല്‍ ഓപണ്‍ സ്‌കൂള്‍ (NIOS- www.nios.ac.in), കേരള ഓപണ്‍ സ്‌കൂള്‍ (സ്‌കോള്‍ കേരള- http://scolekerala.org ) എന്നിവ വഴിയും പ്ലസ്ടു പഠിക്കാന്‍ അവസരമുണ്ട്.

വി.എച്ച്.എസ്.ഇ

പ്ലസ്ടു പഠനത്തോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലുമൊരു തൊഴില്‍ മേഖലയില്‍ പരിശീലനത്തിനും സഹായിക്കുന്ന കോഴ്സാണ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി (VHSE). ഒരു തൊഴിലധിഷ്ഠിത കോഴ്സ് അടക്കം ആറ് വിഷയങ്ങള്‍. താല്‍പര്യമനുസരിച്ച് സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങള്‍ തിരഞ്ഞെടുക്കാം.

പ്ലസ്ടുകാരുടെ എല്ലാ ഉപരിപഠന സാധ്യതകളും വി.എച്ച്.എസ്.ഇക്കാര്‍ക്കും ലഭ്യമാണ്. നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കി(NSQF)ന്റെ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും (http://vhscap.kerala.gov.in ).

ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റിനു (IHRD) കീഴിലുള്ള 15 ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഫിസിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് സയന്‍സ് എന്നീ വിഭാഗങ്ങളിലായി പ്ലസ്ടുവിനോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാന്‍ അവസരമുണ്ട്. ആറ് വിഷയങ്ങളാണുള്ളത്.

ഇംഗ്ലീഷ് (Part 1), കമ്പ്യൂട്ടര്‍ സയന്‍സ് & ഐ.ടി (Part 2), സ്ട്രീമനുസരിച്ച് Part 3ല്‍ നാലു സയന്‍സ് വിഷയങ്ങളും പഠിക്കണം. (http://www.ihrd.ac.in ).

അഫ്ദലുല്‍ ഉലമ

വിവിധ അറബിക് കോളജുകളില്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള അഫ്ദലുല്‍ ഉലമ പ്രിലിമിനറി കോഴ്സുകളുണ്ട്. പ്ലസ്ടു ഹ്യൂമാനിറ്റീസ് കോഴ്സിന് തുല്യമായി അംഗീകരിച്ച കോഴ്സാണിത്.

കേരള കലാമണ്ഡലം ഹയര്‍സെക്കന്‍ഡറി കോഴ്സ്

ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ ഏതെങ്കിലും ഒരു കലാവിഷയം പ്രധാന വിഷയമായി ഹയര്‍സെക്കന്‍ഡറി പഠനം നടത്താം. 14 കലാ വിഷയങ്ങളുണ്ട്. സ്‌റ്റൈപ്പന്റോടെ പഠിക്കാം. (http://www.kalamandalam.ac.in ).

പോളിടെക്നിക് ഡിപ്ലോമ

ഏറെ ജോലിസാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളാണ് പോളിടെക്നിക്കുകളിലുള്ള വിവിധ ഡിപ്ലോമ കോഴ്സുകള്‍. മൂന്നു വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. മുപ്പതില്‍പരം ബ്രാഞ്ചുകളുണ്ട്. പത്താം ക്ലാസ് മാര്‍ക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. കേള്‍വി പരിമിതിയുള്ളവര്‍ക്കും ചില ബ്രാഞ്ചുകളുണ്ട്.

പെണ്‍കുട്ടികള്‍ക്ക് മാത്രമായും ചില പോളിടെക്നിക്കുകളുണ്ട്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ പോളിടെക്നിക്കുകള്‍ക്കു പുറമെ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള മോഡല്‍ പോളിടെക്നിക്കുകളുമുണ്ട്. എന്‍ജിനീയറിങ് കോഴ്സുകള്‍ക്കു പുറമെ കൊമേഴ്സ്/ മാനേജ്മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്സുകളുണ്ട്.

ഡിപ്ലോമക്കാര്‍ക്ക് ലാറ്ററല്‍ എന്‍ട്രി പരീക്ഷ വഴി ബി.ടെകിനും (രണ്ടാം വര്‍ഷത്തില്‍) ചേരാവുന്നതാണ്. ചില പോളിടെക്നിക്കുകള്‍ മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ വൊക്കേഷന്‍ (D.Voc) കോഴ്സും നടത്തുന്നുണ്ട്. www.polyadmission.org, http://www.ihrd.ac.in

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI) കോഴ്സുകള്‍

സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ വിവിധ ഒരു വര്‍ഷ/ രണ്ടു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നല്‍കുന്ന നിരവധി ഐ.ടി.ഐകളുണ്ട്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള NCVT (National Council of Vocational Training) യുടെ അംഗീകാരമുള്ള കോഴ്സുകളും കേരള ഗവണ്‍മെന്റിനു കീഴിലുള്ള SCVT (State Council of Vocational Training) യുടെ അംഗീകാരമുള്ള കോഴ്സുകളും ലഭ്യമാണ്.

എന്‍ജിനീയറിങ് സ്ട്രീമിലുള്ള കോഴ്സുകളും നോണ്‍ എന്‍ജിനീയറിങ് സ്ട്രീമിലുള്ള കോഴ്സുകളുമുണ്ട്. ചില കോഴ്സുകള്‍ക്ക് (നോണ്‍ മെട്രിക് ട്രേഡ്) പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഐ.ടി.ഐക്കാര്‍ക്ക് പോളിടെക്നിക്കുകളിലെ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സിന് രണ്ടാം വര്‍ഷം നേരിട്ട് ചേരാന്‍ അവസരമുണ്ട്. (www.det.kerala.gov.in).

നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (NTTF) കോഴ്സുകള്‍

NTTFന്റെ വിവിധ കേന്ദ്രങ്ങളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ പഠിക്കാം. കേരളത്തില്‍ തലശ്ശേരിയിലും മലപ്പുറത്തുമാണ് കേന്ദ്രങ്ങള്‍. (http://www.nttftrg.com ).

ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്

ടൈപ്പ്റൈറ്റിങും സ്റ്റെനോഗ്രാഫിയും പഠനവിഷയമായുള്ള രണ്ടു വര്‍ഷ ഡിപ്ലോമ കോഴ്സ്. കേരളത്തില്‍ 17 ഗവ. കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവസരമുണ്ട്. (www.polyadmission.org).

പ്ലാസ്റ്റിക് ടെക്നോളജി കോഴ്സുകള്‍

പ്ലാസ്റ്റിക് വ്യവസായ മേഖലയില്‍ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ CIPET കൊച്ചി (Central Institute of Petrochemical Engineering & Technology) നടത്തുന്ന ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്നോളജി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് മോള്‍ഡ് ടെക്നോളജി എന്നീ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട്. (http://www.cipet.gov.in ).

ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ (ജെ.ഡി.സി)

സഹകരണ മേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാന്‍ വേണ്ട യോഗ്യതയാണ് പത്തു മാസം ദൈര്‍ഘ്യമുള്ള ജെ.ഡി.സി കോഴ്സ്. കേരളത്തില്‍ 16 കേന്ദ്രങ്ങളുണ്ട്. (http://scu.kerala.gov.in ).

ഹാന്റ്ലൂം ടെക്നോളജി കോഴ്സുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (IIHT)യുടെ കീഴില്‍ കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം കേന്ദ്രങ്ങളില്‍ ഹാന്റ് ലൂം ടെക്നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളുണ്ട്. IIHT കണ്ണൂരിലെ കോഴ്സുകളുടെ വിവരങ്ങള്‍ http://www.iihtkannur.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

സിഫ്നെറ്റിലെ ക്രാഫ്റ്റ് കോഴ്സുകള്‍

മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ CIFNET (Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചിയിലടക്കം വിവിധ കേന്ദ്രങ്ങളില്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ കോഴ്സുകളുണ്ട്. പ്രവേശന പരീക്ഷയുണ്ട്. (http://cifnet.gov.in ).

ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജി (DHMCT)

മൂന്നാര്‍ കാറ്ററിങ് കോളജിലുള്ള ഈ നാലു വര്‍ഷ കോഴ്സിന് സാേങ്കതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുണ്ട്. (www.polyadmission.org).

ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ്കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CLISc) കോഴ്സ്.

ലൈബ്രറി സയന്‍സിന്റെ അടിസ്ഥാന പാഠങ്ങള്‍, നിയമങ്ങള്‍, ലൈബ്രറിയുടെ ഘടന, പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പഠിക്കാം. (http://statelibrary.kerala.gov.in ).

ഫൂട്ട്വെയര്‍ ഡിസൈനിംഗ് കോഴ്സ്

സെന്‍ട്രല്‍ ഫൂട്ട്വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTI) ചെന്നൈ നടത്തുന്ന പാദരക്ഷ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. (http://cftichennai.in ).

ചെയിന്‍ സര്‍വേ കോഴ്സ്

ഡയറക്ടറേറ്റ് ഓഫ് സര്‍വേ & ലാന്‍ഡ് റെക്കോര്‍ഡ്സിന്റെ കീഴില്‍ മൂന്നു മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വേ (ലോവര്‍) കോഴ്സ് വിവിധ സര്‍ക്കാര്‍/ സ്വകാര്യ ചെയിന്‍ സര്‍വേ സ്‌കൂളുകളില്‍ പഠിക്കാം. ഭൂമി അളക്കുന്നതും സ്‌കെച്ചുകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനമാണ് ലഭിക്കുക. (http://dslr.kerala.gov.in ).

IGNOU സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി IGNOU നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. എനര്‍ജി ടെക്നോളജി & മാനേജ്മെന്റ്, ഹെല്‍ത്ത്‌കെയര്‍, ഫസ്റ്റ് എയ്ഡ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പെര്‍ഫോമിങ് ആര്‍ട്സ് തുടങ്ങി വിവിധ മേഖലകളില്‍ കോഴ്സുകളുണ്ട്.(http://www.ignou.ac.in ).

ഹോമിയോപതിക് ഫാര്‍മസി

തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ ലഭ്യമായ ഒരു വര്‍ഷ ഫാര്‍മസി കോഴ്സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹോമിയോപതിക് ഫാര്‍മസി (CCP-HOMEO). 50 ശതമാനം മാര്‍ക്കോടെയുള്ള എസ്.എസ്.എല്‍.സിയാണ് യോഗ്യത. (lbscentre.in).

ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകള്‍

വിവിധ സര്‍ക്കാര്‍/ സ്വകാര്യ ആയുര്‍വേദ കോളജുകളില്‍ ഒരു വര്‍ഷ കാലയളവിലുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്സിങ്, ആയുര്‍വേദ ഫാര്‍മസി കോഴ്സുകളുണ്ട്. (www.ayurveda.kerala.gov.in).

ടെക്സ്റ്റയില്‍സ് മേഖലയിലെ കോഴ്സുകള്‍

വസ്ത്രങ്ങള്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ അപ്പാരല്‍ ട്രെയിനിങ് & ഡിസൈന്‍ സെന്റര്‍ (ATDC) വിവിധ കോഴ്സുകള്‍ നടത്തുന്നുണ്ട്. പാറ്റേണ്‍ മേക്കിങ് & കാഡ്, ഗാര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ ടെക്നിക്സ്, ഗാര്‍മെന്റ് ടെസ്റ്റിംഗ് & ക്യൂ.സി,

മെഷീന്‍ മെയിന്റനന്‍സ് മെക്കാനിക്ക് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ നേടാം. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പഠനകേന്ദ്രങ്ങള്‍ (http://atdcindia.co.in ). കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിന്റെ വിവിധ സെന്ററുകളില്‍ ഫാഷന്‍ ഡിസൈന്‍ & ഗാര്‍മെന്റ് ടെക്നോളജി കോഴ്സുണ്ട്. രണ്ടു വര്‍ഷ കോഴ്സാണ്. (polyadmission.org/gifd).

മറ്റ് കോഴ്‌സുകള്‍

ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അംഗീകൃത സ്ഥാപനങ്ങളിലെ ആറു മാസം ദൈര്‍ഘ്യമുള്ള പ്രീ-സീ ട്രെയിനിങ് കോഴ്സ് (http://www.dgshipping.gov.in ), കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ സെല്ലുകളുടെ ഭാഗമായി വിവിധ പോളിടെക്നിക്കുകളിലുള്ള മൊബൈല്‍ ഫോണ്‍ സര്‍വീസിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍,

ഫയര്‍ & സേഫ്റ്റി, ഷിപ്പിങ് & ലോജിസ്റ്റിക്‌സ്, ഫൈബര്‍ ഒപ്റ്റിക്‌സ് & ഡിജിറ്റല്‍ സെക്യൂരിറ്റി, ഓട്ടോകാഡ്, ടാലി തുടങ്ങിയ വിഷയങ്ങളിലുള്ള ഹ്രസ്വകാല കോഴ്സുകള്‍ (http://cpt.ac.in ), ബി.എസ്.എന്‍.എല്‍ നടത്തുന്ന സര്‍ട്ടിഫൈഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ കോഴ്സ് (http://rttctvm.bnsl.co.in ) തുടങ്ങിയവയും പരിഗണിക്കാം.

സ്‌കോള്‍-കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിംഗ് കെയര്‍ കോഴ്സും പരിഗണിക്കാവുന്നതാണ്. കൂടാതെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും ജോലിസാധ്യതയുള്ള പല കോഴ്സുകളും പഠിക്കാന്‍ അവസരമുണ്ട്.

കെ.ജി.സി.ഇ (കേരള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍), കെ.ജി.ടി.ഇ (കേരള ഗവണ്‍മെന്റ് ടെക്നിക്കല്‍ എക്‌സാമിനേഷന്‍) എന്നിവ നടത്തുന്ന വിവിധ കോഴ്സുകളും ജോലിസാധ്യതയുള്ളവയാണ്. (http://www.dtekerala.gov.in ).

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം (http://nstiwtrivandrum.dgt.gov.in ), കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് (http://www.captkerala.com ), എല്‍.ബി.എസ് (lbscentre.in), അസാപ് (http://asapkerala.gov.in ), കെല്‍ട്രോണ്‍ (ksg.keltron.in), റൂട്രോണിക്സ് (http://keralastaterutronix.com ), ഐ.എച്ച്.ആര്‍.ഡി

(http://www.ihrd.ac.in ), സിഡിറ്റ് (http://tet.cdit.org ), സ്റ്റെഡ് കൗണ്‍സില്‍ (http://stedcouncil.com ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍, കൊല്ലം (http://www.iiic.ac.in ), ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (http://jss.gov.in ) തുടങ്ങിയ സ്ഥാപനങ്ങളും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് വിവിധ കോഴ്സുകള്‍ നല്‍കുന്നുണ്ട്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കൃഷിയുമായി ബന്ധപ്പെട്ട 6 മാസം ദൈര്‍ഘ്യമുള്ള വിവിധ ഇ-കൃഷി പാഠശാല ഓണ്‍ലൈന്‍ കോഴ്സുകളും (http://celkau.in ) ലഭ്യമാണ്. സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്‍മുളയിലെ വാസ്തുവിദ്യാ ഗുരുകുലത്തില്‍ ചുവര്‍ചിത്രരചനയില്‍ (മ്യൂറല്‍ പെയിന്റിങ്) ഒരു വര്‍ഷത്തെ കോഴ്സുണ്ട്. (http://vasthuvidyagurukulam.com ).

സ്‌കോള്‍-കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിംഗ് കെയര്‍ കോഴ്സും (http://www.scolekerala.org ) പരിഗണിക്കാവുന്നതാണ്. കൂടാതെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും ജോലിസാധ്യതയുള്ള പല കോഴ്സുകളും പഠിക്കാന്‍ അവസരമുണ്ട്.