മലയാള മുസ്ലിം പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലേക്കൊരു ചൂണ്ടുവിരല്‍


പത്രചരിത്രഗ്രന്ഥം എന്നതിലുപരി, കേരളീയ മുസ്ലിം സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ ചരിത്രത്തിലേക്കുള്ള പ്രവേശനകവാടം കൂടിയാണീ പുസ്തകം.

മലയാള പത്രപ്രവര്‍ത്തന ചരിത്രത്തെക്കുറിച്ച് ഇന്ന് മലയാളത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. ആദ്യകാല പത്രപ്രവര്‍ത്തകരുടെയും പത്രാധിപന്മാരുടെയും ജീവിതവും പ്രവര്‍ത്തനങ്ങളും മലയാള അച്ചടി മാധ്യമത്തിന്റെ വളര്‍ച്ചയും ചരിത്രപരമായ പശ്ചാത്തലവും വിശദമായി രേഖപ്പെടുത്തിയ കൃതികള്‍ നമുക്കുണ്ട്.

മലബാര്‍ മേഖലയില്‍ നിന്ന് മാനക മലയാളത്തില്‍ മുസ്ലിം സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവും മതപരവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്ത പത്രങ്ങളും മാസികകളും സജീവമായി രംഗത്തുവന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. എന്നാല്‍ ഈ പ്രസിദ്ധീകരണങ്ങളുടെയും അവയ്ക്ക് നേതൃത്വം നല്‍കിയ പത്രാധിപന്മാരുടെയും ചരിത്രം ഒരിടത്ത് സമഗ്രമായി രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ വളരെ കുറവായിരുന്നു.

ഈ വിടവ് നികത്തുന്ന ശ്രദ്ധേയമായ കൃതിയാണ് അബ്ദുറഹ്മാന്‍ മങ്ങാട് എഴുതിയ 'നമ്മുടെ പത്രാധിപന്മാര്‍'. യുവത ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം കേരളീയ മുസ്ലിം സമൂഹത്തില്‍ നിന്നുയര്‍ന്ന ആദ്യകാല പത്രാധിപന്മാരെയും അവരുടെ പത്രപ്രവര്‍ത്തന ജീവിതത്തെയും പരിചയപ്പെടുത്തുന്ന പ്രധാന ചരിത്രരേഖയാണ്.

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി നടത്തിയിരുന്ന അല്‍ഇസ്ലാം, മുസ്ലിം, ദീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍, മുസ്ലിം വനിതകള്‍ക്കായി നിസാഉല്‍ ഇസ്ലാം നടത്തിയിരുന്ന കെ സി കോമുക്കുട്ടി മൗലവി, അല്‍ബയാന്‍ അറബി-മലയാള മാസിക പ്രസിദ്ധീകരിച്ചിരുന്ന പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ലിയാര്‍, 1930കളില്‍ ഇശാഅത്ത് മാസിക നടത്തിയിരുന്ന പി എം അബ്ദുല്‍ഖാദര്‍ മൗലവി (അഫന്ദി),

ഉജ്ജീവനം പത്രാധിപരായിരുന്ന പി എ സൈനുദ്ദീന്‍ നൈന, 1934ല്‍ ചന്ദ്രിക തലശ്ശേരിയില്‍ നിന്നും ഉദയം ചെയ്തപ്പോള്‍ അതിന്റെ പ്രഥമ പത്രാധിപരായിരുന്ന കെ കെ മുഹമ്മദ് ശാഫി, അല്‍ ഫാറൂക്ക് പത്രാധിപരായിരുന്ന പി എം സാദിഖ് മൗലവി, അന്‍സാരി മാസികയുടെ പത്രാധിപരായിരുന്ന സി എന്‍ അഹമ്മദ് മൗലവി, ചിന്തകന്‍ പത്രാധിപരായിരുന്ന വളപട്ടണം അബ്ദുല്ല, മുസല്‍മാന്‍ പത്രാധിപരായിരുന്ന കൊടുങ്ങല്ലൂര്‍ എ എം ഖാദര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളിലേക്കും ഈ ഗ്രന്ഥം വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.

ഒരു പത്രാധിപര്‍ എപ്പോള്‍ ജനിച്ചു, എപ്പോള്‍ മരിച്ചു എന്ന അടിസ്ഥാന വിവരങ്ങള്‍ക്കപ്പുറം അവര്‍ എഴുതിയ പുസ്തകങ്ങള്‍, വിവിധ കാലഘട്ടങ്ങളില്‍ വിവിധ പത്രങ്ങളില്‍ നിര്‍വഹിച്ച ചുമതലകള്‍, സാഹിത്യരചനകള്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവരങ്ങളും സാധ്യമായിടത്തോളം ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ 'നമ്മുടെ പത്രാധിപന്മാര്‍' ഒരു പത്രചരിത്രഗ്രന്ഥം എന്നതിലുപരി, കേരളീയ മുസ്ലിം സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ ചരിത്രത്തിലേക്കുള്ള ഒരു പ്രവേശനകവാടം കൂടിയാണ്. ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത, ചരിത്രത്തിന്റെ മുഖ്യധാരയില്‍ പലപ്പോഴും മറഞ്ഞുപോയ പത്രാധിപന്മാരെയും അവരുടെ പ്രസിദ്ധീകരണങ്ങളെയും വീണ്ടും വായനക്കാരുടെ മുന്നിലെത്തിക്കുന്നു എന്നതാണ്.

ഒരു ഗവേഷകന്റെ കാഴ്ചപ്പാടില്‍ ഈ പുസ്തകത്തെ കൂടുതല്‍ മൂല്യമുള്ളതാക്കാന്‍ കഴിയുന്ന ചില സാധ്യതകളും കാണാം.

കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ അച്ചടി മാധ്യമം എങ്ങനെയാണ് വളര്‍ന്നത്, പത്രങ്ങള്‍ സാമൂഹിക പരിഷ്‌കരണത്തിനും വിദ്യാഭ്യാസത്തിനും മതചര്‍ച്ചകള്‍ക്കും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും എങ്ങനെ ഇടമായി മാറി, അതിന് നേതൃത്വം നല്‍കിയ വ്യക്തികള്‍ ആരൊക്കെയായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന ഗവേഷകര്‍ക്ക് ഈ ഗ്രന്ഥം പ്രയോജനപ്പെടും.

എങ്കിലും ഒരു ഗവേഷകന്റെ കാഴ്ചപ്പാടില്‍ ഈ പുസ്തകത്തെ കൂടുതല്‍ മൂല്യമുള്ളതാക്കാന്‍ കഴിയുന്ന ചില സാധ്യതകളും കാണാം. ഓരോ പത്രാധിപനെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കാന്‍ ഗ്രന്ഥകാരന്‍ ആശ്രയിച്ച ഗ്രന്ഥങ്ങള്‍, പഴയ പത്രങ്ങള്‍, മാസികകള്‍, രേഖകള്‍, ആര്‍ക്കൈവുകള്‍ തുടങ്ങിയ സ്രോതസ്സുകളുടെ വിശദമായ സൂചിക രണ്ടാം പതിപ്പില്‍ ഉള്‍പ്പെടുത്താനായാല്‍ അത് ഏറെ ശ്രദ്ധേയമായിരിക്കും.

പ്രത്യേകിച്ച് ഏതൊക്കെ പഴയ പത്രങ്ങളുടെ ഏത് ലക്കങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത് എന്നതുപോലുള്ള വിശദാംശങ്ങള്‍ ലഭിച്ചാല്‍, ഈ ഗ്രന്ഥം ഗവേഷകര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ ഒരു റഫറന്‍സ് ഗ്രന്ഥമായി മാറും. കേരളീയ മുസ്ലിം പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം അന്വേഷിക്കുന്നവര്‍ക്ക് ഇത്തരമൊരു കൃതി ഏറെക്കാലമായി ആവശ്യമായിരുന്നു.

ആ ആവശ്യം തിരിച്ചറിഞ്ഞ് ചിതറിക്കിടന്ന വിവരങ്ങളെ ഒരിടത്ത് കൂട്ടിച്ചേര്‍ത്ത് വായനക്കാരുടെ മുന്നിലെത്തിച്ചുവെന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രസക്തി. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ മുസ്ലിം സമൂഹത്തിന്റെ സംഭാവനകളെ കുറിച്ച് കൂടുതല്‍ ഗൗരവമായ പഠനങ്ങള്‍ നടക്കേണ്ട ഈ കാലത്ത്, 'നമ്മുടെ പത്രാധിപന്മാര്‍' അതിനുള്ള പ്രധാന തുടക്കമായി വായിക്കപ്പെടേണ്ട പുസ്തകമാണ്.