ജ്ഞാന സമൃദ്ധിയുമായി സര്‍ക്കാര്‍ ലാവണത്തിലേക്കോ മതപാഠശാലയിലെ മൂലകളിലേക്കോ ചടഞ്ഞു കഴിയുകയായിരുന്നില്ല മൗലവി. സമുദായത്തിന്റെ ഒത്ത മധ്യത്തിലേക്ക് ഇരമ്പുന്ന കര്‍മശേഷിയോടെ ഏകാന്തനായി ആഞ്ഞിറങ്ങുകയായിരുന്നു.
കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ആചാര്യസ്ഥാനങ്ങളില്‍ പ്രതിഭ കൊണ്ടും കര്‍മശേഷി കൊണ്ടും തെളിഞ്ഞ കാലബോധം കൊണ്ടും സര്‍വരും ആദരിച്ചിരുത്തുന്ന സവിശേഷ വ്യക്തിയാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി. മുസ്ലിം സാംസ്‌കാരിക ചരിത്ര പഠനത്തെ വേണമെങ്കില്‍ നമുക്ക് വക്കം മൗലവിക്ക് മുമ്പും ശേഷവുമെന്നൊരു വിഭജനം കൂടി സാധ്യമാവും വിധം ആഴത്തിലുള്ളതാണ് അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങളും ജീവിതനിയോഗങ്ങളും.
1873 ഡിസംബര്‍ 28ന് തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ ചിറയിന്‍കീഴ് താലൂക്കില്‍ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച അബ്ദുല്‍ ഖാദര്‍ ഇരുപത്തിയഞ്ചു വയസ്സത്തിയപ്പോഴേക്കും ജ്ഞാനവും ആത്മവിശ്വാസവും തുളുമ്പുന്നൊരു പണ്ഡിതനായിക്കഴിഞ്ഞിരുന്നു. അറബിയും ഉര്‍ദുവും പേര്‍ഷ്യനും മലയാളവും യഥോചിതം വിനിമയം ചെയ്യുവാനും സാമാന്യ മനുഷ്യര്‍ക്ക് എളുപ്പം അഴിഞ്ഞു കിട്ടുന്ന മാനക ഭാഷയില്‍ സംവേദനം സാധിക്കുവാനും കഴിയുന്ന കാലധാരണയുമുള്ള കര്‍മധന്യനായൊരു പണ്ഡിതന്‍.
തന്റെ ഇത്രയും കനത്ത ജ്ഞാന സമൃദ്ധിയുമായി ഏതെങ്കിലും സര്‍ക്കാര്‍ ലാവണത്തിലേക്കോ മതപഠനശാലയിലെ ഇരുട്ട് കുത്തിയ മൂലകളിലേക്കോ ചടഞ്ഞു കഴിയാന്‍ പോവുകയായിരുന്നില്ല മൗലവി ചെയ്തത്. തന്റെ സമുദായത്തിന്റെ ഒത്ത മധ്യത്തിലേക്ക് ഇരമ്പുന്ന കര്‍മശേഷിയോടെ കൊടുങ്കാറ്റ് വേഗത്തില്‍ അതും ഏകാന്തനായി ആഞ്ഞിറങ്ങുകയായിരുന്നു അദ്ദേഹം.
പള്ളി അങ്കണങ്ങളില്‍ നിന്നു പുരോഹിതന്മാര്‍ നടത്തുന്ന മത പ്രഭാഷണങ്ങള്‍ മാത്രമായിരുന്നു അക്കാല നാട്ടു മനുഷ്യരുടെ മതജ്ഞാന വൈപുല്യങ്ങളുടെ ആധാരം. എന്നാല്‍ ആ നിഷ്ഫല സരണിയല്ല മൗലവി സ്വീകരിച്ചത്. തന്റെ ദൗത്യപ്രയോഗത്തില്‍ അദ്ദേഹം സാമഗ്രികളായി കണ്ടെത്തിയത് എഴുത്തും പ്രസാധനയജ്ഞങ്ങളും പത്ര പ്രവര്‍ത്തന മാര്‍ഗങ്ങളുമായിരുന്നു.
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന വിധം മൗലവിയുടെ പ്രസാധന സുകൃതം ധീരവും അത്യന്തം സമകാലികവുമായി വര്‍ഷങ്ങളോളം മുന്നോട്ടുപോയി. 1905ല്‍ തുടങ്ങിയ സ്വദേശാഭിമാനി മുതല്‍ 1931ല്‍ തുടങ്ങിയ ദ്വീപിക വരെയുള്ള മൗലവിയുടെ പ്രസാധന വിപ്ലവം ജ്ഞാനോല്‍ക്കര്‍ഷമായി മുസ്‌ലിം സമുദായത്തിനകത്ത് തിടം വെച്ചത് കൊണ്ട് കൂടിയാണ് ഇന്നത്തെ കേരളീയ മുസ്‌ലിം സമാജം രൂപീകരിക്കപ്പെട്ടത്. 1932ല്‍, 59ാം വയസ്സില്‍ ഭൂ ജീവിതം വിട്ട് തിരിച്ചുപോയ മൗലവി എഴുതിയതും പ്രസിദ്ധീകരിച്ചതും എല്ലാം ബാക്കിയില്ലാത്ത വിധം കാലത്തിന്റെ തിരകള്‍ കൊണ്ടുപോയത് നാം അറിഞ്ഞിരുന്നതേയില്ല.
പുരാരേഖകളും സാംസ്‌കാരിക സ്മൃതികളും സംരക്ഷിക്കാന്‍ മാത്രമുള്ള ചരിത്രബോധവും ഉപകരണ സാധ്യതകളും നമുക്കന്നില്ലാത്തതു കൊണ്ട് കൂടിയാവാം ഇത്. വക്കം മൗലവിയുടെ പ്രഖ്യാത രചനകളൊന്നും എത്രയോ കാലങ്ങളായി പൊതുമണ്ഡലത്തില്‍ ഉണ്ടായിരുന്നേയില്ല. സത്യത്തില്‍ മുസ്‌ലിം സാമൂഹിക ഉല്‍കര്‍ഷത്തിന്റെയും നവോത്ഥാന പരിശ്രമങ്ങളുടെയും സൂക്ഷ്മ ചരിത്രമാണാ രേഖകളത്രയും.
നമ്മള്‍ എങ്ങനെയാണ് നമ്മളായതെന്നതിന്റെ വീര്യമുള്ള ഉപാദാനങ്ങള്‍. സര്‍വതും നഷ്ടമായെന്ന് ഖേദിച്ചിരിക്കുമ്പോഴാണ് അവിചാരിതമായും അപ്രതീക്ഷിതമായും മൗലവിയുടെ രചനകളത്രയും കോഴിക്കോട്ടെ യുവത ബുക് ഹൗസിലൂടെ വീണ്ടും മുസ്‌ലിം സാംസ്‌കാരിക മണ്ഡലത്തിലേക്ക് ഉദിച്ചെത്തുന്നത്. സാംസ്‌കാരിക രേഖാ സൂക്ഷിപ്പുകാരനും എഴുത്തുകാരനുമായ അബ്ദുറഹ്മാന്‍ മങ്ങാടാണ് വര്‍ഷങ്ങളോളും കേരളമാസകലം അലഞ്ഞു നടന്ന് ഈ മഹത്തായ രചനകള്‍ കണ്ടെത്തിയതും പ്രസാധനത്തിനെത്തിച്ചതും.
അദ്ദേഹം തന്നെയാണീ സമാഹാരത്തിന്റെ എഡിറ്ററും. ഇത്രയും രേഖകള്‍ പ്രസാധനത്തിന് ലഭ്യമാക്കിയത് തീര്‍ച്ചയായും വളരെ പ്രാധാന്യമുള്ളൊരു ചരിത്ര നിയോഗം തന്നെയാണ്. 730ലേറെ താളുകളിലേക്ക് പടരുന്ന ഒരു സമഗ്ര സമാഹാരമായാണ് കുവൈറ്റ് ഇസ്ലാഹി സെന്ററിന്റെ പിന്തുണയോടെ യുവത ബുക്ഹൗസ് മൗലവിയുടെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ സമ്പൂര്‍ണ രചനയിലൂടെ സഞ്ചരിക്കുമ്പോഴാണ് നാം വക്കം മൗലവി എന്ന അസുലഭപ്രതിഭയെയും അദ്ദേഹത്തിലെ നവോത്ഥാന നായകനെയും തിരിച്ചറിയുക. സമാഹാരത്തിലെ ആദ്യ ഭാഗം മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവുമാണ്. സൂറത്ത് ഫാത്തിഹ പൂര്‍ണമായും സൂറത്ത് ബഖറയിലെ ഏതാനും സൂക്തങ്ങള്‍ മാത്രവുമാണ് മൗലവി പരിഭാഷക്കും വ്യാഖ്യാനത്തിനും വിധേയമാക്കിയത്. അത് അത്രയേ അന്ന് സാധ്യമാവൂ. കാരണം 1931ലാണ് മൗലവി പരിഭാഷ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. 32ല്‍ മൗലവി മരണപ്പെടുകയും ചെയ്യുന്നുണ്ട്.
നാനാതരം തിരക്കുകള്‍ക്കിടയിലും മൗലവിക്ക് വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവുമെഴുതാന്‍ നേരം കിട്ടി എന്നത് തന്നെ വിസ്മയമാണ്. യാത്രയും പത്രപ്രവര്‍ത്തനവും കോടതി വ്യവഹാരങ്ങളും പുസ്തകമെഴുത്തും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംഘാടനങ്ങളും കൊണ്ട് ഇരമ്പി മറിയുന്നതായിരുന്നുവല്ലോ ആ ജീവിതം. ഓരോ ആയത്തുകളും എഴുതിയ ശേഷം അതിന്റെ സൂക്ഷ്മാര്‍ഥം മിന്നുന്ന മലയാളപരിഭാഷയില്‍ ബ്രാക്കറ്റ് ശല്യങ്ങള്‍ തീര്‍ത്തും ഉപേക്ഷിച്ച് മൗലവി തയ്യാറാക്കുന്നു.
അറബിയിലും മലയാളത്തിലും അസാമാന്യമായ വ്യവഹാര ശേഷി ഉണ്ടെങ്കിലേ ഇങ്ങനെ ലാവണ്യത മുറ്റുന്ന പരിഭാഷകള്‍ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. ശേഷം മൗലവിയുടെ വ്യാഖ്യാനമാണ്. വളരെ ലളിതവും എന്നാല്‍ മനോഹരവും സമ്പൂര്‍ണവുമായാണ് അദ്ദേഹം തന്റെ വിശദീകരണങ്ങള്‍ തയ്യാറാക്കിയത്.
സമാഹാരത്തിന്റെ മറ്റൊരു മൗലിക ഭാഗം ഇമാം ഗസ്സാലിയുടെ കിമീയ സആദയുടെ സമ്പൂര്‍ണ പരിഭാഷയാണ്. ഗസ്സാലി ഇമാമിന്റെ ഏറ്റവും വിശ്രുതമായ രചനയാണ് ഇഹ്‌യാ ഉലൂമുദ്ദീന്‍. ആ ബൃഹദ് കൃതിയുടെ ചാറ് പിഴിഞ്ഞ് പളുങ്കുപാത്രത്തില്‍ നിറച്ചതാണ് സത്യത്തില്‍ കീമിയ സആദ. സമാഹാരത്തിലെ മുന്നൂറോളം താളുകള്‍ നിറയുന്നത് കീമിയയുടെ പരിഭാഷകള്‍ കൊണ്ടാണ്.
എങ്ങനെയാവും അന്നത്തെ പരിമിതികളില്‍ നിന്നുകൊണ്ട് മൗലവി ഈ കൃതി കണ്ടെത്തിയത് എന്നത് തന്നെ അത്ഭുതമാണ്. ഗതകാല കേരളീയ മുസ്‌ലിം സമാജത്തില്‍ ആസകലം അന്ന് ആവരണ പ്പെട്ടിരുന്നത് അന്ധവിശ്വാസങ്ങളും അത് ഉല്പാദിപ്പിക്കുന്ന കര്‍മദോഷങ്ങളും മാത്രമായിരുന്നു. അതൊക്കെയും വകഞ്ഞുതള്ളി തെളിഞ്ഞ വിശ്വാസവും വിശുദ്ധ കര്‍മങ്ങളും എങ്ങനെയാണ് നിര്‍മലനായ മനുഷ്യനെ സൃഷ്ടിച്ചെടുക്കുന്നുവെന്ന വലിയ പാഠപഠനമാണ് ഈ ഭാഗം സംസാരിക്കുന്നത്.
ഇതത്രയും പരിഭാഷ ചെയ്ത് പ്രസിദ്ധീകരിക്കുമ്പോള്‍ മൗലവി ലക്ഷ്യമാക്കിയത് കേരളീയ മുസ്‌ലിം സമാജത്തിന്റെ സത്യബോധ കൃത്യത തന്നെയാണ്. അവനവനെ അറിയുക, സ്രഷ്ടാവിനെ അറിയുക, ദുനിയാവിനെ അറിയുക എന്നൊക്കെയുള്ള അധ്യായങ്ങളായി ഗസ്സാലി ഇമാം കീമിയ സആദയില്‍ വിശദീകരിക്കുന്നത് ഇസ്‌ലാമിന്റെ വിമല പാഠങ്ങളാണ്.
അത്യന്തം ലളിതമാണ് മൗലവിയുടെ പരിഭാഷയും ആഖ്യാനവും. ഗസ്സാലി ഇമാം പേര്‍ഷ്യന്‍ ഭാഷയിലാണ് കീമിയ എഴുതിത്തയ്യാറാക്കിയത്. വക്കം മൗലവിക്ക് പേര്‍ഷ്യന്‍ ഭാഷയില്‍ അഗാധമായ ജ്ഞാന ബോധ്യങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കീമിയ നമുക്ക് ലഭിച്ചത് തര്‍ജമയുടെ തര്‍ജമയായല്ല. നേര്‍ പരിഭാഷയായി തന്നെയായാണ്.
ഇസ്‌ലാമിക സിദ്ധാന്തത്തിന്റെ സ്ഫടികതയും സൂക്ഷ്മഗ്രാഹ്യതയും അറിയാന്‍ അക്കാല സമൂഹം ഉപയോഗപ്പെടുത്തിയത് മൗലവിയുടെ ഈ പരിഭാഷകള്‍ തന്നെയായിരുന്നു. ജീവിതത്തിന്റെ സമസ്ത ബന്ധങ്ങളെയും എങ്ങനെ മതവുമായി കൊരുത്തുനിര്‍ത്താമെന്നതാണ് കീമിയ അന്വേഷിക്കുന്നത്. ഇന്നും ഇത് ചരിത്ര കൗതുകത്തിനപ്പുറം ആത്മീയ ജ്ഞാന മണ്ഡലത്തിലേക്കുള്ള വലിയ തുറസ്സുകള്‍ തന്നെയായാണ് മുസ്‌ലിം സമൂഹം പരികല്പിക്കുന്നത്.
നാം മലയാളികള്‍ എപ്പോഴും കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന പേരാണ് അഹ്‌ലു സുന്നത്തു വല്‍ ജമാഅത്ത് എന്നത്. സര്‍വവിധ അത്യാചാരങ്ങളും ശിര്‍ക്കോളമെത്തുന്ന വിശ്വാസകര്‍മങ്ങളും ഏറ്റി നടക്കുന്ന സമൂഹമാണ് നമ്മുടെ നാട്ടില്‍ പോലും ഈ പേരുപയോഗിക്കുന്നത്. അതിന്റെ വസ്തുസ്ഥിതി യാഥാര്‍ഥ്യം എന്താണെന്ന് അക്കാലത്ത് തന്നെ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. മൗലവിയുടെ കാലത്തും ഇവിടെയിതൊരു സംവാദമായുണ്ടായിരുന്നു.
ഇസ്‌ലാമിക സിദ്ധാന്തത്തിന്റെ സ്ഫടികതയും സൂക്ഷ്മഗ്രാഹ്യതയും അറിയാന്‍ അക്കാല സമൂഹം ഉപയോഗപ്പെടുത്തിയത് മൗലവിയുടെ ഈ പരിഭാഷകള്‍ തന്നെയായിരുന്നു.
ഈ കാര്യം വിശദമായി അന്വേഷിക്കുന്ന ഒരു പാഠഭാഗം കൂടി സമാഹാരത്തില്‍ ഉണ്ട്. ഇത് മൗലവിയുടെ സ്വതന്ത്ര രചനയല്ല. ഇതുപോലൊരു സമ്പൂര്‍ണ രചന അസാധ്യമാകുന്ന ഒരാളല്ല മൗലവി. പക്ഷേ കൂടുതല്‍ ആധികാരികതയ്ക്കാവാം അദ്ദേഹം ഈ ഭാഗം സൂക്ഷ്മത്തില്‍ അന്വയിക്കുവാന്‍ സയ്യിദ് സുലൈമാന്‍ നദ്വി, മആറാഫ് മാസികയില്‍ എഴുതിയ ലേഖനം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയായിരുന്നു. അതീ സമാഹാരത്തിലെ ശ്രദ്ധേയമായ ഭാഗം തന്നെയാണ്.
മൗലവിയുടെ സ്വതന്ത്ര കൃതിയാണ് 'പുലര്‍ വെട്ടം' (ളൗഉസ്സബാഹ്). തന്റെ 59 വര്‍ഷം നീണ്ട ജീവിതം എന്തിനു വേണ്ടിയാണോ ബലിയാക്കിയത് അതിന്റെ ആവിഷ്‌കാരമാണ് അദ്ദേഹത്തിന്റെ പുലര്‍ വെട്ടം. ഇസ്ലാമിക ചിന്താ മണ്ഡലത്തിലെ വിഖ്യാതരാണ് ഇബ്‌നു തൈമിയയും ഇബ്‌നു അബ്ദുല്‍ വഹാബും. സത്യത്തില്‍ ഇവരുടെ ചിന്തകള്‍ ഇസ്ലാമിന്റെ തന്‍മയത്വമുള്ള അസ്സല്‍ സ്വരൂപമാണ്. പക്ഷേ നമ്മുടെ നാട്ടില്‍ ഇന്ന് പോലും യാഥാസ്ഥിതിക പിന്തിരിപ്പന്‍ സംഘങ്ങള്‍ ഈ നവോത്ഥാന നായകരെ മതഭ്രഷ്ടരാക്കുന്ന തിരക്കിലാണ്. അപ്പോള്‍ മൗലവിയുടെ കാലത്തെ പൗരോഹിത്യത്തിന്റെ ശേഷിയും നിഗ്രഹണ വ്യഗ്രതയും എന്തുമാത്രം സാന്ദ്രത മുറ്റിയതായിരിക്കും?
അവര്‍ക്കിടയില്‍ നിന്നാണ് മൗലവി ഇത്രയും ധീരമായി ഇസ്ലാമിന് വേണ്ടി പ്രവര്‍ത്തിച്ച ഈ മഹാന്മാരെ മലയാളത്തില്‍ പരിചിതരാക്കാന്‍ അധ്വാനിച്ചത്. തീര്‍ച്ചയായും മൗലവിയുടെ എഴുത്തുകളില്‍ മൗലികതയുള്ള രചന ഇത് തന്നെയാണ്. ആരാണ് ഇബ്‌നു തൈമിയ്യയും അബ്ദുല്‍ വഹാബുമെന്നും ഈ ത്യാഗ ജീവിതങ്ങള്‍ നിര്‍വഹിച്ച മഹത്തായ ഇസ്‌ലാമിക സേവനമെന്താണെന്നും തന്റെ ദീര്‍ഘ പ്രബന്ധങ്ങളിലൂടെ മൗലവി വിശദമായവതരിപ്പിക്കുന്നുണ്ട്.
കേരളീയ മതപശ്ചാത്തലത്തില്‍ ഈ രചന പ്രധാനവും മൗലികവുമാണ്. സമ്പൂര്‍ണ സമാഹാരം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മുന്നിലേക്ക് മൗലവിയുടെ വിശ്രാന്തിയില്ലാത്ത സഫല കര്‍മ്മങ്ങള്‍ മാത്രമല്ല തെളിച്ചപ്പെടുക. മറിച്ച് നൂറ്റാണ്ടിനപ്പുറം ഈ ദേശത്തു കുമിഞ്ഞിരുന്ന ഇരുട്ടിന്റെ സാന്ദ്രതയും കൂടിയാണ്. അന്ധബോധ്യങ്ങളുടെ കമ്പിളിക്കെട്ടുകള്‍ പറിച്ചെറിഞ്ഞും അതിന് കാവല്‍ നിന്ന പുരോഹിത വേതാളങ്ങളെ തല്ലിയോടിച്ചും മൗലവി ശുദ്ധീകരിച്ച കേരളീയ ഇസ്ലാമിക സമൂഹം അപ്പോള്‍ നമ്മുടെ മുന്നില്‍ വന്നു നിന്ന് നൃത്തം ചെയ്യും.