വ്യക്തികള്‍ മാറിയിട്ട് എന്തു നേടാനാണ്!


തന്നെ പടച്ച രക്ഷിതാവിനെ കുറിച്ചുള്ള ശരിയായ അറിവും ജ്ഞാനവും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനാകും.

മൂഹത്തിലെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബത്തിലെ കണ്ണിയാണ് ഓരോ വ്യക്തിയും. സാമൂഹികമായ മാറ്റം സംഭവിക്കുക ഓരോ വ്യക്തിയിലും മാറ്റമുണ്ടാകുമ്പോഴാണ്. പ്രവാചകന്റെ(സ) രഹസ്യ പ്രബോധന കാലഘട്ടത്തില്‍ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധാര്‍മികതയിലും അനീതിയിലും മുച്ചൂടും നിലനിന്നിരുന്ന ഒരു സമൂഹത്തെ സംസ്‌കാര സമ്പന്നരാക്കാന്‍ സാധിച്ചത് വ്യക്തികളിലെ മാറ്റം കൊണ്ടായിരുന്നു. 'സ്വയം മാറാതെ അല്ലാഹു ഒരു സമൂഹത്തെ മാറ്റുകയില്ല, തീര്‍ച്ച'(13:11).

ഇന്ന് നമ്മുടെ നാട്ടില്‍ വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ലഹരിയും ആ കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരുന്നു. മരണപ്പെട്ടുകഴിഞ്ഞാല്‍ എന്നെ മുന്തിരിവള്ളികള്‍ക്കിടയില്‍ മറവു ചെയ്യണമെന്നു പാടിയ കവികള്‍ ജീവിച്ചിരുന്ന കാലം. ലഹരിയില്ലാതെ ഒരു ആഘോഷവും അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ വ്യക്തികളില്‍ മാറ്റം സംഭവിച്ചപ്പോള്‍ ആ സമൂഹം തന്നെ മാറി. കള്ള് നിരോധിച്ച ആയത്ത് അവതരിച്ചപ്പോള്‍ തെരുവുകളില്‍ മദ്യത്തിന്റെ അരുവികള്‍ ഒഴുകുകയും മദ്യം കെട്ടിനില്‍ക്കുകയും 'അവിടെ മുളച്ച പുല്ല് ഭക്ഷിച്ച ഒട്ടകത്തിന്റെ പാലും മാംസവും ഞങ്ങള്‍ക്ക് ഭക്ഷണയോഗ്യമാണോ പ്രവാചകരേ' എന്ന് സംശയം ചോദിക്കുന്നിടത്തേക്കുവരെ പ്രസ്തുത സമുദായം എത്തിയെന്നതാണ് യാഥാര്‍ഥ്യം.

എങ്ങനെയാണ് പ്രവാചകന് തന്റെ സമുദായത്തെ ഇത്രത്തോളം സംസ്‌കരിക്കാന്‍ സാധിച്ചത്?

വിശ്വാസം കളങ്കരഹിതമാക്കി തന്നെ പടച്ച രക്ഷിതാവിനെ കുറിച്ചുള്ള ശരിയായ അറിവും ജ്ഞാനവും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും തന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. പ്രവാചകന്‍(സ) പിടിത്തമിട്ടത് അവരുടെ വിശ്വാസത്തിലായിരുന്നു.

അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്ന, ആകാശങ്ങളും ഭൂമിയും പ്രപഞ്ചവുമെല്ലാം പടച്ചത് ആരാണെന്നു ചോദിച്ചാല്‍ അല്ലാഹു എന്നു മാത്രം ഉത്തരം പറയുന്ന, സൂര്യനും ചന്ദ്രനും കാറ്റും മഴയും എല്ലാം ഒരുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവന്‍ ആരാണെന്നു ചോദിച്ചാല്‍ നാവ് വിറയാതെ അല്ലാഹു എന്നു മാത്രം പറയുന്ന, നിങ്ങളെ പടച്ചത് ആരെന്ന ചോദ്യത്തിന് ഒട്ടും മടിയില്ലാതെ അല്ലാഹു എന്നു പറയുന്ന ജനതയുടെ വിശ്വാസം ശരിയായിരുന്നില്ല.

ഇതെല്ലാം അവര്‍ സമ്മതിക്കുമ്പോഴും അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുന്നതോടൊപ്പം ചില മഹാത്മാക്കളെയും അവര്‍ വിളിച്ചിരുന്നു. പ്രവാചകന്‍ അവരോട് പ്രബോധനം ചെയ്തത് അല്ലാഹുവിനെ ആരാധിക്കണം, അവനോട് പ്രാര്‍ഥിക്കണം എന്നായിരുന്നില്ല. മറിച്ച്, പ്രാര്‍ഥനയും അര്‍ഥനയും ആരാധനയും അല്ലാഹുവിനോട് മാത്രമായിരിക്കണം എന്നാണ്.

അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന സന്ദേശം വ്യക്തമായും ശക്തമായും അവരില്‍ പ്രബോധനം നടത്തി. ഇരുള്‍ മൂടിയ ഒരു സമൂഹത്തില്‍ പ്രകാശം പടരാന്‍ തുടങ്ങി. തങ്ങള്‍ ആരാധിച്ചുപോന്നിരുന്ന ദൈവങ്ങളെ ഒഴിവാക്കി ഏകനായ ഇലാഹിലേക്ക് അടുത്തു. ജീവിതത്തില്‍ അതുവരെ തുടര്‍ന്നിരുന്ന അധാര്‍മിക പ്രവണതകളും സംസ്‌കാരശൂന്യതയും അവസാനിപ്പിച്ച് സംസ്‌കാര സമ്പന്നതയിലേക്ക് ഉയര്‍ന്നു എന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള ജനതയ്ക്ക് മാതൃകയാവുകയും ചെയ്തു.

വിശ്വാസത്തെ ശരിപ്പെടുത്തി മതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും ആ വ്യക്തിക്ക് ഇഹത്തിലും പരലോകത്തും വിജയിക്കാന്‍ സാധിക്കും. അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത് എന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. ''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അതിക്രമം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്'' (6:82).

തന്റെ വിശ്വാസത്തില്‍ മായം കലര്‍ത്തിയാല്‍ അവന്‍ പിന്നീട് ചൂഷണങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തു നിന്നു വീണതുപോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു'' (22:31).

എങ്ങനെ മനുഷ്യരില്‍ ഈമാന്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും? മനുഷ്യനില്‍ ഇഹ്‌സാന്‍ എന്ന ചിന്ത വളരണം. എന്താണ് ഇഹ്‌സാന്‍? അല്ലാഹുവിനെ കാണുന്നപോലെ അവനെ ആരാധിക്കലാണ്. അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നു എന്ന സത്യം മനസ്സിലാക്കലുമാണത്. ഈ ചിന്ത മനസ്സില്‍ ഇടം നേടിയപ്പോഴാണ് അധാര്‍മികതകളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും വികല വിശ്വാസങ്ങളില്‍ നിന്നും ജനങ്ങള്‍ അകന്നുപോന്നത്.

എന്തു പ്രവര്‍ത്തിച്ചാലും ആരും അതിന് സാക്ഷികളായി ഇല്ലെങ്കിലും റബ്ബ് കാണുന്നുവെന്ന ചിന്ത തിന്മയില്‍ നിന്ന് നന്മയിലേക്ക് അടുപ്പിച്ചു.

നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അധാര്‍മികതകളില്‍ നിന്നും ജനം മാറിനില്‍ക്കാന്‍ അവരുടെ ഹൃദയത്തില്‍ ഈമാനും ഇഹ്‌സാനും വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. അതാണ് മുന്‍കാല ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത്.

സംസ്‌കരണം നടത്തി ഇഹ്‌സാന്‍ എന്താണെന്ന് മനസ്സിലായ സമൂഹത്തില്‍ ഉണ്ടാവുന്ന ഒന്നായിരിക്കും തസ്‌കിയത്ത് അതായത് സംസ്‌കരണം. താന്‍ എന്തു പ്രവര്‍ത്തിച്ചാലും ആരും അതിന് സാക്ഷികളായി ഇല്ലെങ്കിലും റബ്ബ് അതിന് സാക്ഷിയാണെന്ന ചിന്ത തിന്മയില്‍ നിന്ന് ജാഹിലിയ്യത്തിനെ അകറ്റി നന്മയിലേക്ക് അടുപ്പിച്ചു.

പലവിധ തിന്മകളിലും അധാര്‍മികതകളിലും മുഴുകിയിരുന്നവര്‍ ഇഹ്‌സാന്‍ ഉള്‍ക്കൊണ്ട് സംസ്‌കരണം പുല്‍കിയപ്പോള്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വ്യക്തികള്‍ മാറിയതിനു പിന്നാലെ അവരുടെ കുടുംബവും പിന്നീട് സമൂഹവും നന്നായി.

അറബിയും കാട്ടറബിയും, അടിമയും ഉടമയും സഹോദരന്മാരായി. ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുത നിലച്ചു. അടിമക്കച്ചവടം വലിച്ചെറിഞ്ഞു. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ഇല്ലാതായി. അവളെ ആദരിക്കാനും ബഹുമാനിക്കാനും പഠിച്ചു. സംസ്‌കാരവും സംസാരവും നന്മ മാത്രമായി. നോട്ടവും കേള്‍വിയും നല്ലതിലേക്ക് മാത്രമായി. നമ്മിലും അത് സാധ്യമാണ്. വ്യക്തി സംസ്‌കരിക്കപ്പെടണം എന്നു മാത്രം.

സംസ്‌കാര സമ്പന്നത അവകാശപ്പെടുന്ന കേരളത്തിലാണ് സമകാലത്ത് അക്രമങ്ങളും അധാര്‍മികതകളും ഇരുട്ടിന്റെ ശക്തികളും വാഴുന്നത്. മനുഷ്യന്‍ തിന്മയില്‍ നിന്ന് അകന്നുനില്‍ക്കേണ്ടത് അവന്റെ സ്രഷ്ടാവ് തയ്യാറാക്കിവെച്ചിട്ടുള്ള പ്രതിഫലം ആഗ്രഹിച്ചായിരിക്കണം. താന്‍ ചെയ്തുവെച്ചത് എത്ര ചെറുതായിരുന്നാലും അത് ആകാശങ്ങളിലോ ഭൂമിയിലോ പാറക്കെട്ടുകള്‍ക്കിടയിലോ ഒളിപ്പിച്ചാലും അല്ലാഹു കൊണ്ടുവരുന്നതാണ് (31:16).

ഇത് മനസ്സില്‍ സൂക്ഷിച്ചാല്‍ തിന്മയില്‍ നിന്ന് അകലാന്‍ സാധിക്കും. ഇങ്ങനെയുള്ള അറിവുകള്‍ മനസ്സിലാക്കിയപ്പോഴായിരുന്നു പ്രവാചകന്റെ പ്രബോധിത സമുദായത്തില്‍ മാറ്റത്തിന്റെ കുളിര്‍ക്കാറ്റ് വീശിയത്. ഈയൊരു ബോധശൂന്യതയാണ് നമ്മുടെ നാട്ടിലെ യുവത്വത്തെയും കൗമാരക്കാരെയും തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും അതിലേക്ക് അടുപ്പിക്കുന്നതും.

ഇഹലോക ജീവിതം പഠിപ്പിച്ചു ഈ ലോകത്ത് നാം ചെയ്തത് നന്മയായാലും തിന്മയായാലും പരിപൂര്‍ണ ഫലം ലഭിക്കുക പരലോകത്തു വെച്ചാണ്. ആ ലോകം തന്നെയാണ് ശാശ്വതവും. അപ്പോള്‍ ഇഹലോകം ശാശ്വതമല്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്നത്തെ കാലം അലങ്കാരങ്ങളുടെയും ആര്‍ഭാടങ്ങളുടെയും പിറകെയാണ്. അറ്റമില്ലാത്ത ആഗ്രഹങ്ങളുടെയും സ്വപ്‌നങ്ങളുടെയും കാലം. എല്ലാ തരം സന്തോഷങ്ങളെയും ആനന്ദങ്ങളെയും തേടിപ്പിടിച്ച് ആസ്വദിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഒരു യുവതലമുറയാണ് ഇന്നു ജീവിക്കുന്നത്.

ഈ ലോകത്തിന് ആരെയും പ്രലോഭിപ്പിച്ചുപോകുന്ന ഒരു സൗന്ദര്യമുണ്ട്. അതിന്റെ യുവത്വം കാലങ്ങളായി നിലനിര്‍ത്തുന്നു. ഈ ലോകത്തിന്റെ ഭംഗിയിലും പ്രലോഭനങ്ങളിലും എത്രയോ മനുഷ്യര്‍ വീണു. അവര്‍ മുഴുവന്‍ വഞ്ചിതരായിട്ടേയുള്ളൂ. ആര്‍ക്കും അതിന്റെ പൂര്‍ണതയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല.

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ വായിക്കാം: ''ഭൂമിയില്‍ ഒരു വിദേശിയെപ്പോലെ, അല്ലെങ്കില്‍ വഴിയാത്രക്കാരനെപ്പോലെയായിരിക്കണം നിങ്ങളുടെ ജീവിതം.''

ജീവിതം എന്താണ് എന്നത് വ്യക്തമായി വിശുദ്ധ ഗ്രന്ഥം നമുക്ക് പറഞ്ഞുതരുന്നുണ്ട്. അത് കളിയാണ്, വിനോദമാണ്, അലങ്കാരമാണ് എന്നെല്ലാം പറഞ്ഞ് അവസാനിപ്പിക്കുന്നത് 'ഐഹിക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല' എന്ന് ഓര്‍മിപ്പിച്ചാണ്. എന്നാല്‍ അധികം ആളുകളും ആ വഞ്ചനയില്‍ പെട്ടുപോയിരിക്കുന്നു.

കൗമാരക്കാരിലും യുവതീയുവാക്കളിലും ആ വഞ്ചനയില്‍ അകപ്പെട്ടവര്‍ കൂടുതലാണ്. അവര്‍ ദുനിയാവിന്റെ ആസ്വാദനത്തില്‍ മതിമറക്കുന്നു. അതിനു മുമ്പില്‍ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല, വിശ്വാസങ്ങള്‍ക്ക് സ്ഥാനമില്ല. ആസ്വാദനത്തില്‍ അതിരുവിട്ടുപോകുന്ന മനുഷ്യന്‍ മൃഗത്തേക്കാള്‍ തരം താഴുന്നു. ഐഹിക ജീവിതം എന്താണെന്നും എന്തിനാണെന്നും മനസ്സിലാക്കി വ്യക്തമായ ലക്ഷ്യത്തോടുകൂടി ജീവിക്കുകയാണ് വേണ്ടത്.

തൃപ്തികരമായ ജീവിതം

അന്യന്റേത് കൊതിക്കാതെ തനിക്ക് ഉള്ളതുകൊണ്ട് തൃപ്തിയായി ജീവിതം നയിക്കുകയാണ് വേണ്ടത്. റസൂല്‍(സ) നമ്മോട് അരുളിയതും അതുതന്നെ. 'ഖനാഅത്തോ'ടു കൂടി ജീവിക്കുക. എന്താണ് ഖനാഅത്ത്? നാഥന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ മനസ്സിലാക്കി അന്യന്റേത് കൊതിക്കാതെ നമുക്കുള്ളതില്‍ തൃപ്തിയടഞ്ഞ് ജീവിക്കുക. എന്നാല്‍ സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ് എന്നതിന് കാലം സാക്ഷിയാണ്.

പ്രവാചകന്‍(സ) പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം വേണമെങ്കില്‍ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക. ശരിയാണ്, തന്റെ മുകളിലുള്ളവരെ നോക്കി എനിക്ക് എന്തേ അല്ലാഹു ഒന്നും നല്‍കാത്തത് എന്ന ആലോചനയ്ക്ക് പകരം എന്നേക്കാള്‍ പ്രയാസം അനുഭവിക്കുന്നവര്‍ ഈ ഭൂലോകത്ത് ധാരാളമുണ്ടല്ലോ എന്ന് ആലോചിച്ചുനോക്കൂ. മനസ്സിന് വല്ലാത്ത ഒരു കുളിര്‍മ ലഭിക്കും.

ഇങ്ങനെ ഓരോ ജീവിതമേഖലയിലും പ്രവാചകന്‍ തന്റെ പ്രബോധിത സമുദായത്തിലെ വ്യക്തികളില്‍ മാറ്റം കൊണ്ടുവന്നു. അങ്ങനെ ആ സമുദായം തന്നെ മാറി. നമുക്കും മാറ്റം സാധ്യമാണ്. ആദ്യം നമ്മില്‍ നിന്നു തുടങ്ങട്ടെ. പിന്നീട് കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും പടരട്ടെ.