ആകര്‍ഷകമായ പ്രബോധന ശൈലി കൊണ്ടെന്താണ്!


യുദ്ധങ്ങള്‍ ഒന്നുകില്‍ പ്രതിരോധത്തിനു വേണ്ടിയോ, അക്രമികളായ ഭരണാധികാരികളില്‍ നിന്ന് പ്രജകളെ മോചിപ്പിക്കാന്‍ വേണ്ടിയോ ആയിരുന്നു.

'മതത്തില്‍ ബലാല്‍ക്കാരമില്ല' എന്നത് വിശുദ്ധ ഖുര്‍ആന്‍ വചനമാണ്. ഇസ്ലാം വാള്‍ കൊണ്ടാണ് പ്രചരിച്ചതെന്ന ധാരണ ഇസ്‌ലാമിന്റെ ശത്രുക്കളെപ്പോലെ ചില മുസ്‌ലിം നാമധാരികളും എഴുത്തുകാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകന്റെ(സ) പ്രബോധനരീതിയെ കുറിച്ചുള്ള കടുത്ത അജ്ഞതയാണ് ഇതിനു കാരണം.

മക്കാ ജീവിതകാലത്തെ 13 വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനങ്ങളെ നാം വിലയിരുത്തുന്നപക്ഷം ഇസ്‌ലാമിലേക്ക് ഒറ്റപ്പെട്ട് കടന്നുവന്നവരെ മക്കയിലെ ഖുറൈശികള്‍ കടുത്ത പീഡനത്തിനു വിധേയമാക്കിയതായി കാണാം. സഹികെട്ട പ്രവാചക അനുചരന്മാര്‍ പ്രവാചകനെ സമീപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''പ്രവാചകരേ, ഞങ്ങളെ സഹായിക്കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.''

അപ്പോള്‍ തിരുമേനി അവരോട് പറഞ്ഞു: ''നിങ്ങളുടെ പൂര്‍വികര്‍ വിശ്വാസം കൈക്കൊണ്ടതിന്റെ പേരില്‍ അവരുടെ മൂര്‍ധാവില്‍ ഈര്‍ച്ചവാളുകള്‍ കൊണ്ട് അവരെ നെടുകെ പിളര്‍ക്കുകയും ക്രൂരമായ പീഡനത്തിനു വിധേയമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് അല്പം പോലും അവര്‍ വ്യതിചലിക്കുകയുണ്ടായില്ല.''

വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ വിശ്വാസസംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മുസ്‌ലിംകള്‍ മദീനയിലേക്ക് പലായനം നടത്തി. മദീനയില്‍ എത്തിയ മുസ്‌ലിംകളെ ആക്രമിക്കാനായി മക്കാ മുശ്‌രിക്കുകള്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. ആ അവസരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു: ''യുദ്ധത്തിന് ഇരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിതരായാല്‍ തിരിച്ചടിക്കാന്‍ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു'' (22:39).

മുസ്‌ലിംകള്‍ സ്വന്തം ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും പീഡനങ്ങള്‍ക്കു വിധേയരാവുകയും ചെയ്തു. ആ ഒരൊറ്റ കാരണം കൊണ്ടാണ് യുദ്ധം അനുവദിച്ചത്. നബിയുടെ ജീവിതത്തില്‍ ഒരാളെപ്പോലും ഭീഷണിയുടെ സ്വരത്തിലോ നിര്‍ബന്ധിച്ചോ വിശ്വാസം അടിച്ചേല്പിച്ചിട്ടില്ല.

പ്രവാചകനും അനുയായികളും ഒരു യുദ്ധം കഴിഞ്ഞ് വഴിയില്‍ വിശ്രമിച്ചുകൊണ്ടിരിക്കെ ഉറങ്ങിപ്പോയ പ്രവാചകന്റെ അടുക്കല്‍ അവിശ്വാസിയായ ഒരാള്‍ വന്ന് നബിയുടെ വാള്‍ തട്ടിയെടുത്ത് ''മുഹമ്മദേ, ഞാന്‍ നിന്നെ വധിക്കാന്‍ പോകുന്നു. നിന്നെ ആര് രക്ഷിക്കും?'' എന്നു ചോദിച്ചപ്പോള്‍ ''അല്ലാഹുവുണ്ട്'' എന്നായിരുന്നു പ്രവാചകന്റെ പ്രതികരണം.

ഇത് കേട്ട് ധൈര്യം ചോര്‍ന്നുപോയ അവിശ്വാസിയുടെ കൈകളില്‍ നിന്ന് വാള്‍ ഉതിര്‍ന്നുവീണു. പ്രവാചകന്‍ അത് കൈയിലെടുത്ത് ''ഞാന്‍ നിന്നെ കൊല്ലാന്‍ പോകുന്നു, നിന്നെ ആര് രക്ഷിക്കാനുണ്ട്?'' എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ അവിശ്വാസി വിറച്ചുകൊണ്ട് പറഞ്ഞത് ''മുഹമ്മദേ, താങ്കള്‍ മാത്രം'' എന്നായിരുന്നു.

ഇതു കേട്ട് പ്രവാചകന്‍ ''നീ വിശ്വാസിയാകുന്നോ'' എന്ന് ചോദിച്ചപ്പോള്‍ ''എനിക്കെന്റെ ആളുകളോട് ആലോചിച്ച ശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂ'' എന്നായിരുന്നു അയാളുടെ പ്രതികരണം. എന്നാല്‍ പ്രവാചകന്‍ അദ്ദേഹത്തെ വെറുതെ വിടുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹം സ്വമനസ്സാലെ പ്രവാചകന്റെ അടുക്കല്‍ വന്ന് വിശ്വാസം സ്വീകരിച്ചു.

യുദ്ധങ്ങള്‍ ഒന്നുകില്‍ പ്രതിരോധത്തിനു വേണ്ടിയോ, അല്ലാത്തപക്ഷം അക്രമികളായ ഭരണാധികാരികളുടെ കീഴിലുള്ള പ്രജകളെ മോചിപ്പിക്കാന്‍ വേണ്ടിയോ ആയിരുന്നുവെന്ന് കാണാം. ഇതര മതസ്ഥരോടുള്ള പെരുമാറ്റം സൗഹൃദപരവും സഹിഷ്ണുതാപരവുമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.

ഖുര്‍ആന്‍ സൂചിപ്പിക്കുന്നു: ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (60:08).

ഒരു മുസ്‌ലിമിന്റെ നല്ല പെരുമാറ്റവും മാതൃകാജീവിതവുമാണ് അവിശ്വാസികളെ ഇസ്‌ലാമിലേക്ക് ആകൃഷ്ടരാക്കുന്ന പ്രധാന ഘടകമായിത്തീരേണ്ടത്.

ദ്രോഹിച്ചുകൊണ്ട് ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന രീതി ഇസ്‌ലാമിക പ്രബോധനശൈലിയില്‍ പെട്ടതല്ല. മറിച്ച്, ഒരു മുസ്‌ലിമിന്റെ നല്ല പെരുമാറ്റവും മാതൃകാജീവിതവുമാണ് ഒരു അവിശ്വാസിയെ ഇസ്‌ലാമിലേക്ക് ആകൃഷ്ടനാക്കുന്ന പ്രധാന ഘടകമായിത്തീരേണ്ടത്. പ്രവാചകന്റെ പ്രബോധന ശൈലി എത്രമാത്രം സൗഹാര്‍ദപരമായിരുന്നു എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.

ഒരിക്കല്‍ ഹുസൈന്‍ ഖുസായി എന്ന ഒരു അവിശ്വാസി പ്രവാചകന്റെ അടുക്കല്‍ വന്നു. ''ഹുസൈനേ, നീ എത്ര ദൈവങ്ങളെ ആരാധിക്കുന്നു?'' എന്ന് തിരുമേനി അയാളോട് ചോദിച്ചു. ഹുസൈന്‍ പറഞ്ഞു: ''ഏഴ് ദൈവങ്ങളെ, ആറെണ്ണം ഭൂമിയിലും ഒരെണ്ണം ആകാശത്തും.'' ''എന്നാല്‍ നിന്റെ ആഗ്രഹങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രതിവിധിയായി നീ ആരെയാണ് ആശ്രയിക്കുന്നത്?'' പ്രവാചകന്‍ തിരക്കി.

''അത് ആകാശത്തുള്ളവനെ''- ഖുസായി പറഞ്ഞു. ''എന്നാല്‍ നീ മുസ്‌ലിമാവുക. നിനക്ക് പ്രയോജനം ചെയ്യുന്ന ഒരു വചനം ഞാന്‍ പഠിപ്പിക്കാം.'' അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകന്‍ അയാളെ പഠിപ്പിച്ച വചനം ഇങ്ങനെയായിരുന്നു: ''നീ പറയുക: അല്ലാഹുവേ, എനിക്ക് തന്റേടം തോന്നിപ്പിക്കുകയും എന്റെ മനസ്സിനെ ഉപദ്രവത്തില്‍ നിന്ന് കാക്കുകയും ചെയ്യേണമേ.''

ഈ പ്രബോധന ശൈലി എത്ര ആകര്‍ഷകമാണെന്ന് നോക്കൂ. വാള്‍ കൊണ്ടോ ആക്രമിച്ചോ ഭീഷണി കൊണ്ടോ അല്ല ഇസ്‌ലാമിക പ്രബോധനം നടത്തേണ്ടത്. ഒരിക്കല്‍ ഉമറിന്റെ അടുക്കല്‍ വേദക്കാരിയായ ഒരു വൃദ്ധ കടന്നുവന്ന് സഹായം അഭ്യര്‍ഥിച്ചു. സഹായം അനുവദിച്ച ഉമര്‍(റ) അവരോട് വിശ്വാസം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് പിന്നീട് ഖേദം തോന്നി.

കാരണം 'മതത്തില്‍ ബലാത്കാരമില്ല' എന്ന വചനം അദ്ദേഹത്തിന്റെ കാതുകളില്‍ അലയടിച്ചു. ഖലീഫ ഉമര്‍ ആ സ്ത്രീയോട് ക്ഷമ ചോദിച്ചു. സന്മാര്‍ഗം അല്ലാഹുവിന്റെ കാരുണ്യമാണ്. അതിനുള്ള പ്രേരണ മാത്രമാണ് പ്രബോധനം.