പൈശാചിക കാര്യങ്ങള്‍ക്കും ഹറാമുകള്‍ക്കും ജാഹിലുകള്‍ കാട്ടിക്കൂട്ടുന്ന തിന്മകള്‍ക്കുമൊന്നും പിടിച്ചുനില്‍ക്കാനാവില്ലെന്നും, അതെല്ലാം നിരര്‍ഥകവും ബാത്വിലും പൊള്ളയുമാണെന്ന് പഠിപ്പിക്കാനുമാണ് ദൈവദൂതര്‍ നിയോഗിക്കപ്പെട്ടതും വേദഗ്രന്ഥങ്ങള്‍ അവതീര്‍ണമായതും.
ഇസ്ലാമിലെ ഈമാന്‍ (വിശ്വാസം) കാര്യങ്ങളെല്ലാം അദൃശ്യമായതിലുള്ള (ഗൈബ്) വിശ്വാസമാണ്. പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും ദൃശ്യമായിട്ടുണ്ടെങ്കിലും അതിലുള്ള വിശ്വാസം ദിവ്യബോധനത്തിലുള്ള (വഹ്‌യ്) വിശ്വാസമായതിനാല്‍ അതെല്ലാം ഗൈബ് തന്നെയാണ്. അഥവാ പ്രവാചകനെ നേര്‍ക്കുനേരെ കാണുന്നവന്‍ ഈ ദൈവദൂതനു ദിവ്യബോധനം ലഭിക്കുന്നുവെന്നും അദ്ദേഹം ഓതിത്തരുന്ന വേദവാക്യങ്ങള്‍ വഹ്‌യായി ലഭിച്ചതാണെന്നും സമ്മതിക്കുമ്പോഴാണ് അയാളുടെ ഈമാന്‍ പൂര്‍ണമാവുകയെന്ന് സാരം.