ഹിജാബും നിഖാബും മനുഷ്യരുടെ ഐഡന്റിറ്റിയും


ഹിജാബ് മുഖവും മുന്‍കൈയും അല്ലാത്തതെല്ലാം മറയ്ക്കുന്ന വസ്ത്രമാണ്. നിഖാബ് എന്നാല്‍ ആളെ തിരിച്ചറിയാത്ത മുഖംമൂടി ധരിക്കലും.

മനുഷ്യന്‍ വസ്ത്രം ധരിക്കുന്നത് അവന്റെ ഗുഹ്യസ്ഥാനങ്ങള്‍ മറയ്ക്കാനും ശാരീരിക ന്യൂനതകള്‍ മൂടിവെച്ച് ഭംഗി കൂട്ടാനുമാകുന്നു. 'ആദം സന്തതികളേ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ മറയ്ക്കാന്‍ ഉതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും ഇറക്കിത്തന്നിരിക്കുന്നു. സൂക്ഷ്മതയാകുന്ന വസ്ത്രമാവട്ടെ അതാണ് കൂടുതല്‍ ഉത്തമം' (അഅ്‌റാഫ് 26).

മനുഷ്യന്‍ സ്വീകരിക്കേണ്ട വസ്ത്ര സംസ്‌കാരമാണ് ഈ വചനം അടയാളപ്പെടുത്തുന്നത്. മിനിമം വസ്ത്രം ഔറത്ത് മറയ്ക്കാന്‍ ആവശ്യമായതാണ്. സ്ത്രീയുടെ ഔറത്തും പുരുഷന്മാരുടെ ഔറത്തും രണ്ടായിട്ടാണ് ഇസ്‌ലാം വിലയിരുത്തുന്നത്. പുരുഷന്റെ ഔറത്ത് മുട്ടുപൊക്കിളിന്റെ ഇടയിലുള്ള ഭാഗമാകുന്നു.

ഈ ഭാഗം മറയ്ക്കല്‍ ഏതൊരു പുരുഷനും നിര്‍ബന്ധമാണ്. ശേഷമുള്ളത് അലങ്കാരവസ്ത്രമാകുന്നു. അത് അവരവരുടെ ഇഷ്ടാനുസരണം പട്ട് ഒഴികെയുള്ള ഏതു വസ്ത്രം കൊണ്ടുമാവാം. എന്നാല്‍ മുഖവും മുന്‍കൈയും ഒഴികെയുള്ളതെല്ലാം സ്ത്രീയുടെ ഔറത്താകുന്നു. ഇതു മറയ്ക്കല്‍ ഏതൊരു സ്ത്രീക്കും നിര്‍ബന്ധമാണ്.

എന്നാല്‍ സ്ത്രീയുടെ അലങ്കാരവസ്ത്രം സ്ത്രീ പുറത്തുപോകുമ്പോള്‍ ധരിക്കാന്‍ പാടില്ലാത്തതും തന്റെ ഭര്‍ത്താവിന്റെ മുന്നില്‍ ഏതു അലങ്കാരവസ്ത്രവും ധരിക്കാവുന്നതുമാണ്.

ഹിജാബ് എന്നാല്‍ സ്ത്രീ മുഖവും മുന്‍കൈയും അല്ലാത്തതെല്ലാം മറയ്ക്കുന്ന വസ്ത്രമാണ്. നിഖാബ് എന്നാല്‍ ആളെ തിരിച്ചറിയാത്തവിധം മുഖംമൂടി ധരിക്കലാണ്. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സ്ത്രീയുടെ മുഖം ഔറത്താണോ, അതു മറയ്‌ക്കേണ്ടതുണ്ടോ എന്നതാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഖുര്‍ആനും സുന്നത്തും എന്തു പറയുന്നു എന്നു പരിശോധിക്കാം: 'സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക, അതാണ് അവര്‍ക്ക് ഉചിതമായത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു' (18:30).

'സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ ശിരോവസ്ത്രങ്ങള്‍ കുപ്പായമാറുകള്‍ക്കു മീതെ അവര്‍ താഴ്ത്തിയിടട്ടെ' (18:31).

ഇവിടെ സ്ത്രീകളുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് എന്ന ഖുര്‍ആന്‍ വചനത്തെ വ്യാഖ്യാനിക്കാന്‍ അല്ലാഹു നേരിട്ട് അധികാരപ്പെടുത്തിയ മുഹമ്മദ് നബി(സ) പറഞ്ഞത് മുഖവും മുന്‍കൈയും ഒഴികെയുള്ളത് എന്നാണ്.

ഒരിക്കല്‍ നബിയുടെ ഭാര്യാസഹോദരി അസ്മാഅ് നബിയുടെ അടുത്തു വളരെ നേര്‍ത്ത വസ്ത്രം ധരിച്ചുവന്നു. ഇതുകണ്ട നബി അവരില്‍ നിന്ന് മുഖം തിരിച്ചുകൊണ്ടു പറഞ്ഞു: 'അസ്മാ, സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളില്‍ നിന്ന് മുന്‍കൈയും മുഖവുമല്ലാതെ കാണപ്പെടാന്‍ പാടില്ല' (അബൂദാവൂദ്).

സ്ത്രീകളുടെ മുന്‍കൈയും മുഖവും ഔറത്തല്ല എന്ന് മുഹമ്മദ് നബി(സ) വ്യക്തമാക്കി. അതിനാല്‍ അവ മറയ്‌ക്കേണ്ട ബാധ്യത മുസ്‌ലിം സ്ത്രീകള്‍ക്കില്ല. സൂറതു അഹ്‌സാബില്‍ ജില്‍ബാബ് താഴ്ത്തിയിടാന്‍ പറഞ്ഞത് മുഖവും കൈപ്പടങ്ങളും ഒഴികെയുള്ള ഭാഗങ്ങളിലാണെന്ന് വ്യക്തം.

അമാനി മൗലവിയുടെ തഫ്‌സീറില്‍ പറയുന്നു: 'പര്‍ദയെക്കുറിച്ചു വന്നിട്ടുള്ള ഖുര്‍ആനിന്റെ പ്രസ്താവനകളും നബിവചനങ്ങളും നിഷ്പക്ഷമായി പരിശോധിച്ചാല്‍ ഇവിടെ നാം സ്വീകരിക്കുന്ന നയം ഇതാണെന്നു കാണാം. സ്ത്രീകള്‍ മുഖം മറയ്ക്കണമെന്നോ മറയ്ക്കരുതെന്നോ സ്വതവേ നിര്‍ബന്ധമില്ല. സാധാരണഗതിയില്‍ രണ്ടിലൊന്നില്‍ നിര്‍ബന്ധം ചെലുത്താനും പാടില്ല. പ്രത്യേക ചുറ്റുപാടനുസരിച്ച് മുഖം മറയ്ക്കല്‍ നന്നായിരിക്കും, ചിലപ്പോള്‍ അനാവശ്യവുമായിരിക്കും' (3:2620).

ഈ അഭിപ്രായം തന്നെയാണ് ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയും സ്വീകരിച്ചിട്ടുള്ളത്. അതില്‍ മുഖം മറയ്ക്കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വളരെ വ്യക്തമാണ്. മുഖം മറയ്ക്കല്‍ നബിയുടെ ഭാര്യമാര്‍ക്ക് മാത്രമാണെന്ന് ഹിജാബിന്റെ ആയത്ത് വ്യക്തമാക്കുന്നു.

സാധാരണ സ്ത്രീകളെ സംബന്ധിച്ചു മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറയ്ക്കല്‍ നിര്‍ബന്ധമാണ്. ഇക്കാര്യം മുന്‍പറഞ്ഞ അസ്മാഇന്റെ ഹദീസില്‍ വ്യക്തവുമാണ്. ഈ നിലയ്ക്ക് മുഖം മറയ്ക്കാന്‍ നബി കല്‍പിച്ചു എന്ന അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ ഹദീസ് ദുര്‍ബലമാണെന്ന് നാസിറുദ്ദീന്‍ അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട് (അര്‍റദ്ദുല്‍ മുഫ്ഹിം 1:483).

സൂറതുന്നൂര്‍ 30,31 വചനങ്ങളില്‍ സ്ത്രീകളോടും പുരുഷന്മാരോടും അവരുടെ കണ്ണുകള്‍ താഴ്ത്താന്‍ കല്‍പിക്കുന്നു. അതിന്റെ അര്‍ഥം സ്ത്രീകള്‍ അന്യപുരുഷന്മാരെയും പുരുഷന്മാര്‍ അന്യസ്ത്രീകളെയും നോക്കാന്‍ പാടില്ല എന്നതു തന്നെയാണ്. എന്നാല്‍ സാധാരണ സ്ത്രീകള്‍ക്ക് മുഖം മറയ്ക്കല്‍ നിര്‍ബന്ധമാണെങ്കില്‍ പിന്നെ അവരെ നോക്കരുത് എന്നു പറയുന്നതിന്ന് ഒരര്‍ഥവുമില്ല.

മുഖമടക്കം ശരീരം മുഴുവനും വസ്ത്രം കൊണ്ട് മൂടിയ ഒരു സ്ത്രീയെ ആരും നോക്കില്ലല്ലോ? സാധാരണ സ്ത്രീകള്‍ മുഖം തുറന്നിടുന്നതുകൊണ്ടാണ് പുരുഷന്മാരോട് അവരെ നോക്കരുതെന്ന് പറഞ്ഞത്. മദ്ഹബുകളുടെ ഇമാമുമാര്‍ സ്ത്രീയുടെ മുഖവും മുന്‍കൈയും ഔറത്തല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അല്‍ മദാഹിബുല്‍ അര്‍ബഅ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'അന്യപുരുഷന്റെ മുന്നില്‍ സ്ത്രീയുടെ ഔറത്ത് മുഖവും മുന്‍കൈയും ഒഴിച്ചുള്ളതാണ്. പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ അവയിലേക്ക് നോക്കാവുന്നതാണ്' (1:168).

ഇബ്‌നു അബ്ദില്‍ബര്‍റ് പറയുന്നു: 'സ്ത്രീയുടെ മുഖവും മുന്‍കൈയും ഒഴിച്ചുള്ളതെല്ലാം ഔറത്താണ്. ഇത് ഇമാമുമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഔസാഇയുടെയും അബൂസൗറിന്റെയും മറ്റു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായമാണ്' (അത്തൗഹീദ് 6:364).

അറേബ്യയില്‍ മുഖം മറയ്ക്കാത്ത സ്ത്രീകളെ കണ്ടാല്‍ വേലക്കാരികളാണെന്നും മുഖം മറച്ച സ്ത്രീ തറവാടികളാണെന്നുമുള്ള ധാരണ നിലവിലുണ്ട്.

അബൂജഅ്ഫറു ത്വഹാവി പറയുന്നു: 'പുരുഷന്മാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അന്യസ്ത്രീകളുടെ മുഖത്തേക്കും കൈപ്പത്തിയിലേക്കും നോക്കാം. നബി(സ)യുടെ ഭാര്യമാരുടെ മുഖത്തേക്കും കൈപ്പത്തിയിലേക്കും നോക്കാന്‍ പാടില്ല. ഈ അഭിപ്രായമാണ് ഇമാം അബൂഹനീഫയും അബൂയൂസുഫും മുഹമ്മദും പറഞ്ഞിട്ടുള്ളത്' (ശറഹുല്‍ മആനി 2:392,393).

ജരീറുബ്‌നു അബ്ദുല്ല റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഞാന്‍ നബി(സ)യോട് യാദൃച്ഛികമായി ഒരു സ്ത്രീയെ നോക്കുന്നതിനെപ്പറ്റി ചോദിച്ചു. നബി ദൃഷ്ടി തിരിക്കാന്‍ പറഞ്ഞു' (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി).
ഒരിക്കല്‍ അലി(റ) യാദൃച്ഛികമായി ഒരു സ്ത്രീയുടെ മുഖത്ത് നോക്കുന്നതിനെപ്പറ്റി ചോദിച്ചു. നബി പറഞ്ഞു: 'അലീ, നിനക്ക് ആദ്യത്തെ നോട്ടം അനുവദനീയമാണ്. തുടര്‍ന്നു നോക്കാന്‍ പാടില്ല' (അബൂദാവൂദ്, തിര്‍മിദി). മുഖം ഔറത്താണെങ്കില്‍ ഇങ്ങനെ പറയുമോ?

ഇബ്‌നു ഹസം പറയുന്നു: 'സ്ത്രീകളോട് അവരുടെ മക്കന താഴ്ത്തിയിടാന്‍ അല്ലാഹു കല്‍പിച്ചു. ഈ കല്‍പനയില്‍ നിന്ന് സ്ത്രീ ഔറത്തും പിരടിയും മാറിടവും മറയ്ക്കല്‍ നിര്‍ബന്ധമാണെന്നും മുഖം തുറന്നിടാമെന്നും മനസ്സിലാക്കാം' (അല്‍മുഹല്ല 3:216, 217).

സുബൈഇയ്യ ബിന്‍തു ഹാരിസ് റിപ്പോര്‍ട്ട്: ഇവര്‍ ബദ്‌റില്‍ പങ്കെടുത്ത സഈദുബ്‌നു ഖൗലയുടെ ഭാര്യയായിരുന്നു. അദ്ദേഹം ഹജ്ജത്തുല്‍ വിദാഇല്‍ മരണപ്പെട്ടു. അധികം താമസിയാതെ അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു. പ്രസവശേഷം ആ സഹാബി വനിതയെ അബൂസനാബില്‍ ഇബ്‌നു ബഅക് എന്ന സഹാബി അവര്‍ മൈലാഞ്ചിയിട്ടതായും കണ്ണില്‍ സുറുമ എഴുതിയതായും കണ്ടു.

അപ്പോള്‍ അദ്ദേഹം 'ഭര്‍ത്താവ് മരിച്ച് നാലു മാസവും പത്തു ദിവസവും കഴിയാതെ നീ മറ്റൊരു വിവാഹത്തെ ആഗ്രഹിക്കുന്നുണ്ടോ' എന്ന് ചോദിച്ചു. അങ്ങനെ അവര്‍ നബിയുടെ അടുത്തു ചെന്നു അബൂസനാബില്‍ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോള്‍ നബി പറഞ്ഞു:
'പ്രസവത്തോടെ നിന്റെ ഇദ്ദ അവസാനിച്ചു. ഇവിടെ ഈ സഹാബി സ്ത്രീ കണ്ണെഴുതി മൈലാഞ്ചി ഇട്ടു സുന്ദരിയായി. തന്നെ മറ്റു പുരുഷന്മാര്‍ കണ്ടു വിവാഹാന്വേഷണം നടത്താന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഏതായാലും വിഷയം നബിയുടെ അടുത്തെത്തി. അദ്ദേഹം അവളോട് മുഖം മറയ്ക്കാന്‍ പറയുകയല്ല ചെയ്തത്. പ്രസവത്തോടെ നിന്റെ ഇദ്ദ കഴിഞ്ഞ നിലയ്ക്ക് നിനക്കങ്ങനെ ചെയ്യാം എന്നാണ് പറഞ്ഞത്.

ആയിശ പറയുന്നു: 'വിശ്വാസിനികളായ ഞങ്ങള്‍ നബി(സ)യുടെ കൂടെ മൂടിപ്പുതച്ചുകൊണ്ട് സുബ്ഹി നമസ്‌കാരത്തില്‍ പങ്കെടുക്കുകയും നമസ്‌കാരശേഷം വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്യും. ഇരുട്ടുമൂലം ഞങ്ങളെ ആരും തിരിച്ചറിയുമായിരുന്നില്ല.'

ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത് ഇരുട്ടു കൊണ്ടാണ് അവരെ തിരിച്ചറിയാന്‍ കഴിയാതിരുന്നത്, സാധാരണ മുഖം കണ്ടുകൊണ്ടാണ് തിരിച്ചറിയാറ് എന്നാണ്. മറ്റൊരു റിപ്പോര്‍ട്ടില്‍, ഞങ്ങളുടെ മുഖം പരസ്പരം തിരിച്ചറിയുമായിരുന്നില്ല എന്നും വന്നിട്ടുണ്ട് (ജില്‍ബാബ് 1:66).

സഹ്‌ലുബ്‌നു സഅ്ദ് പറയുന്നു: ഒരു സ്ത്രീ നബിയോട് പറഞ്ഞു: 'പ്രവാചകരേ, ഞാന്‍ എന്നെ അങ്ങേക്ക് നല്‍കാന്‍ വേണ്ടിയാണ് വന്നത്.' അപ്പോള്‍ നബി അവളെ മുഖമുയര്‍ത്തി നോക്കി. പിന്നെ നബി തല താഴ്ത്തി. അപ്പോള്‍ മറ്റൊരു സഹാബി വന്നു: 'നബിയേ, അങ്ങേക്ക് അവളെ ആവശ്യമില്ലെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാം.' അങ്ങനെ അവളെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു. ആ സ്ത്രീ മുഖവും മുന്‍കൈയും മറച്ചുകൊണ്ടല്ല നബിയുടെ മുന്നില്‍ വന്നത് എന്ന് വ്യക്തമാണ്. ഇവിടെ മുഖം മറച്ച സ്ത്രീയെ അല്ല നബി കണ്ടത്.

സ്ത്രീകളെ പുരുഷന്മാര്‍ നോക്കുന്നതുപോലെ തന്നെയാണ് സ്ത്രീകള്‍ പുരുഷന്മാരെ നോക്കുന്നതും. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളോട് അവരുടെ കണ്ണുകള്‍ താഴ്ത്താന്‍ പറയുക' (അന്നൂര്‍). സ്ത്രീകളെ പുരുഷന്മാര്‍ നോക്കുന്നതുപോലെ തന്നെയാണ് സ്ത്രീകള്‍ പുരുഷന്മാരെ നോക്കുന്നതും. അതിനാല്‍ പുരുഷന്മാരും നിഖാബ് ഉപയോഗിക്കണമെന്ന് ആരെങ്കിലും വാദിക്കുന്നുണ്ടോ?

ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ഈജിപ്തില്‍ നടന്ന ഒരു സംഭവം അര്‍റദ്ദുല്‍ മുഫ്ഹിം എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു: 'ഈജിപ്തില്‍ അബുല്‍ ഹസന്‍ എന്ന പ്രസിദ്ധ യുവപണ്ഡിതന്‍ സ്ഥിരമായി ക്ലാസ് നടത്തിയിരുന്നു. തന്റെ ക്ലാസില്‍ ധാരാളം സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുമായിരുന്നു. സ്ത്രീകള്‍ തന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ചു പോകാതിരിക്കാന്‍ വേണ്ടി അദ്ദേഹം മുഖം മറയുന്ന ബുര്‍ഖ ഇടുമായിരുന്നു' (താരീഖു ബഗ്ദാദ് 12:75, 76).

ഇതനുസരിച്ചു നമ്മുടെ യുവപ്രസംഗകര്‍ ഇനി നിഖാബ് ധരിച്ചു മാത്രമേ സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്ന, അല്ലെങ്കില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ക്ലാസുകള്‍ നടത്താവൂ. പുരുഷന്മാര്‍ സ്ത്രീകളുടെ മുഖം കാണുന്ന അതേ ഫിത്‌ന തന്നെയാണ് സ്ത്രീകള്‍ പുരുഷന്മാരുടെ മുഖം കാണുമ്പോള്‍ ഉണ്ടാകുന്നത്. യൂസുഫ് നബിയുടെ കഥാ പശ്ചാത്തലത്തില്‍ അത് കാണാന്‍ കഴിയും.

ഇന്ത്യയില്‍ ഒരാള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ധരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. നമ്മുടെ രാജ്യം വ്യത്യസ്ത സംസ്‌കാരങ്ങളുടെ സങ്കേതമാണ്. ഏത് വസ്ത്രം ധരിച്ചാലും ഐഡന്റിറ്റി നഷ്ടപ്പെടാന്‍ പാടില്ല. പുരുഷന്‍ സ്ത്രീയുടെ വസ്ത്രം ധരിക്കാന്‍ പാടില്ലാത്തതുപോലെ സ്ത്രീ പുരുഷ വസ്ത്രം ധരിക്കാനും പാടില്ല. ഇത് രണ്ടും പ്രവാചകന്‍ വിലക്കിയതാണ്.

ഇവിടെ മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നത് അവര്‍ക്കൊരിക്കലും സുരക്ഷയല്ല, അരക്ഷിതത്വമാണ് ഉണ്ടാക്കുക. മുഖവും മുന്‍കൈയും വെളിപ്പെടുത്തി മറ്റു ശരീരഭാഗങ്ങളെല്ലാം മറയ്ക്കുന്ന രീതിയാണ് ഇസ്‌ലാം നിര്‍ദേശിച്ചിട്ടുള്ളത്. സ്ത്രീയോട് മുഖം മറയ്ക്കാന്‍ ഇസ്‌ലാം ഒരിക്കലും കല്‍പിച്ചിട്ടില്ല.

ഈ സത്യം മുസ്‌ലിം ലോകം മുഴുവനും അംഗീകരിക്കുന്ന ഹദീസ് പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനി അറര്‍ദ്ദുല്‍ മുഫ്ഹിം എന്ന ഗ്രന്ഥത്തില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സുഊദി പോലുള്ള അറബ് നാടുകളില്‍ ആ നാട്ടുകാരായ അറബി സ്ത്രീകള്‍ മുഖം മറയ്ക്കാറുണ്ട്. വേലക്കാരികളായ വിദേശികള്‍ മുഖം മറയ്ക്കാനും പാടില്ല.

അപ്പോള്‍ അവിടെ മുഖം മറയ്ക്കാത്ത സ്ത്രീകളെ കണ്ടാല്‍ അതു വേലക്കാരികളാണെന്നും മുഖം മറച്ച സ്ത്രീ തറവാടികളാണെന്നുമുള്ള ഒരു ധാരണ നിലവിലുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ചെന്ന് ഈ സംസ്‌കാരം മനസ്സിലാക്കിയാല്‍ നമ്മുടെ സ്ത്രീകളും മുഖം മറയ്ക്കും. അത് ഇസ്‌ലാമിക നിയമം എന്ന നിലയ്ക്കല്ല, അതത് നാട്ടിലെ സംസ്‌കാരം എന്ന നിലയ്ക്കാണ്.