ഭൂപരിപാലനം: ഭിന്ന താത്പര്യങ്ങളെ നേരിടുന്നതിനുള്ള ഇസ്‌ലാമിക മാതൃക


വിലയേറിയ ചരക്കുകള്‍ കൊണ്ടും ജീവജാലങ്ങള്‍ കൊണ്ടും വിധിയാല്‍ ഒരുമിക്കപ്പെട്ട മനുഷ്യരെ കൊണ്ടും സൂര്യന് ചുറ്റും വലയം വെക്കുന്ന നോഹയുടെ പെട്ടകമായി ഭൂമിയെ സങ്കല്‍പ്പിച്ച് രചനകള്‍ നടത്തിയ ഒരുപാട് എഴുത്തുകാരുണ്ട്. ഇതേ കപ്പലിന്റെ ഉപമയാണ് പരസ്പരാശ്രയത്വത്തില്‍ നിന്ന് ഉയരുന്ന ഉത്തരവാദിത്തങ്ങളെ ചിത്രീകരിക്കാന്‍ മുഹമ്മദ് നബി(സ)യും ഉപയോഗിച്ചത്. കപ്പലിലെ ഡെക്കിലും താഴെയുമായി വിവിധ സ്ഥാനങ്ങളിലുള്ള യാത്രക്കാര്‍ക്ക് പരസ്പരം സേവനം ആവശ്യമാണല്ലോ. കുടിവെള്ളത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്. വെള്ളം കിട്ടാനുള്ള അക്ഷമയില്‍, ഡെക്കിന് താഴെയുള്ള യാത്രക്കാരിലൊരാള്‍ തന്റെ കുടിവെള്ളത്തിനായുള്ള അവകാശം ഉന്നയിച്ച് കോടാലി കൊണ്ട് അടിത്തട്ടില്‍ കൊത്തി ദ്വാരം ഉണ്ടാക്കാന്‍ ശ്രമിച്ചു. ‘ഇപ്പോള്‍, അവര്‍ അവന്റെ കൈകള്‍ പിടിച്ചാല്‍, അവര്‍ അവനെയും തങ്ങളെയും രക്ഷിക്കും’ -പ്രവാചകന്‍ പറഞ്ഞു. ‘എന്നാല്‍ അവര്‍ അവനെ വെറുതെ വിടുകയാണെങ്കില്‍, അവര്‍ അവനെയും തങ്ങളെയും നശിപ്പിക്കും’. ഇതിലെ യാത്രക്കാരന്‍ സമകാലിക മനുഷ്യരുടെ പെരുമാറ്റവും മനോഭാവവും ദൃഷ്ടാന്തീകരിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന ചരക്കുകള്‍ പ്രകൃതിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനുള്ള അവരുടെ അക്ഷമയുടെ ഫലമായി, ജീവന്‍ നിലനിര്‍ത്താനുള്ള ഭൂമിയുടെ ശേഷി ഗണ്യമായി കുറയുന്നു. പാരിസ്ഥിതിക നിയമനിര്‍മാണം, നയം, ആക്ടിവിസം തുടങ്ങിയവയെല്ലാം എപ്രകാരമാണ് നമ്മുടെ കൈകള്‍ നിയന്ത്രിക്കേണ്ടത് എന്ന ഉള്‍ക്കാഴ്ച്ച തരുന്നവയാണ്.


ഉസ്മാൻ അബ്ദുറഹ്മാൻ യു എൻ പരിസ്ഥിതി വിഭാഗം